‘ലോക നിലവാരമുള്ള പെര്‍ഫോമന്‍സാണ് വാനപ്രസ്ഥത്തിലേത്, ലാലേട്ടന്റെ അഭിനയ ജീവിതത്തിലെ ഏറ്റവും മികച്ചത്’; കുറിപ്പ് വൈറല്‍
കഥാപാത്രങ്ങള്‍ക്കുവേണ്ടി എന്ത് വെല്ലുവിളിയും സ്വീകരിക്കാന്‍ സന്നദ്ധനായ അഭിനേതാവാണ് മോഹന്‍ലാല്‍. ആക്ഷന്‍ രംഗങ്ങളിലെ സ്വാഭാവികതയ്ക്കുവേണ്ടി എത്ര വേണമെങ്കിലും അധ്വാനിക്കാന്‍ തയ്യാറായ മോഹന്‍ലാലിനെക്കുറിച്ച് എത്രയോ സംവിധായകന്‍ പറഞ്ഞിട്ടുണ്ട്. കഥാപാത്രത്തിന്റെ പൂര്‍ണ്ണതയ്ക്കുവേണ്ടി കഥകളി ഉള്‍പ്പെടെ പഠിച്ച് വാനപ്രസ്ഥം സിനിമയിലെ ആ രംഗത്തെ ആചാര്യന്മാരെപ്പോലും അദ്ദേഹം വിസ്മയിപ്പിച്ചിട്ടുണ്ട്. ഷാജി എന്‍. കരുണ്‍ സംവിധാനം ചെയ്ത് 1999-ല്‍ പുറത്തിറങ്ങിയ സിനിമയാണ് വാനപ്രസ്ഥം. കഥകളിയുടെ ദൃശ്യ-ശ്രാവ്യസാധ്യതകള്‍ ഏറ്റവും നന്നായി ഉപയോഗിച്ച മലയാള സിനിമ വാനപ്രസ്ഥമായിരിക്കും.
ഒരു ഇന്‍ഡോ-ഫ്രന്‍ഞ്ച്-ജര്‍മ്മന്‍ നിര്‍മ്മാണ സംരംഭമായിരുന്നു ഈ ചിത്രം. ചിത്രത്തിന് സംഗീതം നല്‍കിയിക്കുന്നത് സക്കീര്‍ ഹുസൈനാണ്. 1999-ലെ കാന്‍സ് അന്താരാഷ്ട്ര ചലച്ചിത്ര മേളയില്‍ പ്രദര്‍ശിപ്പിക്കപ്പെട്ട ചിത്രം നിരവധി ദേശീയ അന്തര്‍ദേശീയ പുരസ്‌ക്കാരങ്ങള്‍ സ്വന്തമാക്കുകയും ചെയ്തു. ആ വര്‍ഷത്തെ മികച്ച അഭിനേതാവിനുള്ള ദേശീയ സംസ്ഥാന പുരസ്‌ക്കാരങ്ങള്‍ നേടിയ ചിത്രം മോഹന്‍ലാല്‍ എന്ന നടന്റെ ഏറ്റവും മികച്ച വേഷമായി വിലയിരുത്തപ്പെടുന്നു. ഇപ്പോഴിതാ ചിത്രത്തെക്കുറിച്ചും മോഹന്‍ലാലിന്റെ അഭിനയക്കെക്കുറിച്ചും പങ്കുവെച്ച കുറിപ്പാണ് വൈറലാവുന്നത്.
കുറിപ്പിന്റെ പൂര്‍ണരൂപം
2000 മാര്‍ച്ചില്‍ നടന്ന കഥ. സംസ്ഥാന അവാര്‍ഡില്‍ കടുത്ത മല്‍സരം എന്ന് മീഡിയകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അവസാന റൗണ്ടില്‍ വാനപ്രസ്ഥവും വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും. ഉച്ചയ്ക്ക് ഒരു മണിയോടെ മികച്ച നടനുള്ള ജൂറിയുടെ വിധി വന്നു. വാനപ്രസ്ഥത്തിലെ പെര്‍ഫോമന്‍സിന് മോഹന്‍ലാല്‍ മികച്ച നടന്‍ ! വാനപ്രസ്ഥം മികച്ച ചിത്രം. ഉടനെ ചാനലില്‍ സ്‌ക്രോള്‍ വന്നു കലാഭവന്‍ മണി ബോധം കെട്ടു വീണു ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രണ്ടു മാസം കഴിഞ്ഞ് ദേശീയ അവാര്‍ഡ് റിസള്‍ട്ട് വന്നു. മികച്ച നടന്‍ – മികച്ച ചിത്രം – മികച്ച സംവിധായക ഷാജി എന്‍ കരുണ്‍ എന്നീ പ്രധാന അവാര്‍ഡും ഏക കണ്ഡമായി വാനപ്രസ്ഥം കൊണ്ടുപോയി.
കലാഭവന്‍ മണിക്ക് സ്പഷ്യല്‍ ജൂറി പുരസ്‌ക്കാരം നല്‍കി. ക്ലൈമാക്‌സ് അതല്ല എല്ലാ കോലാഹലകങ്ങളും കഴിഞ്ഞ് ഒരു മാസം കഴിഞ്ഞ് മണിയോട് ഈ വിവാദത്തെ കുറച്ച് ചോദിച്ചപ്പോള്‍ മണി പറഞ്ഞ വാക്ക് ഇതാണ് ‘ സത്യത്തില്‍ വാനപ്രസ്ഥം ഞാന്‍ ഇപ്പോഴാണ് കണ്ടത് അന്ന് കണ്ടിരുന്നുവെങ്കില്‍ അവാര്‍ഡ് കിട്ടും എന്ന മോഹം ഞാന്‍ അന്നേ തന്നെ ഒഴിവാക്കുമായിരുന്നു എന്നാണ്. കാരണം വാനപ്രസ്ഥത്തിലെ കുഞ്ഞിക്കുട്ടനെ അവതരിപ്പിക്കാന്‍ ലോക സിനിമയില്‍ മറ്റൊരാള്‍ക്ക് കഴിയില്ല എന്നാണ് മണി പറഞ്ഞത്”. മണി ചേട്ടന്‍ പറഞ്ഞത് സത്യമാണ് ലോക നിലവാരമുള്ള പെര്‍ഫോമന്‍സാണ് വാനപ്രസ്ഥത്തിലേത് ലാലേട്ടന്റെ അഭിനയ ജീവിതത്തിലെ ഏറ്റവും മികച്ച പെര്‍ഫോമന്‍സ്