‘ചില സിനിമകള്‍ കാണുമ്പോള്‍ ചില കഥാപാത്രങ്ങള്‍ മനസ്സില്‍ അങ്ങ് കയറി കൂടും’; മമ്മൂട്ടിയുടെ പള്ളിക്കല്‍ നാരായണനെക്കുറിച്ച് കുറിപ്പ്
പത്തേമാരിയിലെ പള്ളിക്കല്‍ നാരയണന്‍ എന്ന കഥാപാത്രം അവതരിപ്പിക്കാന്‍ മമ്മൂട്ടിയല്ലാതെ മലയാള സിനിമയില്‍ മറ്റൊരു നടനില്ലെന്ന് തോന്നി പോകും. അത്ര ഗംഭീരമായിരുന്നു ചിത്രത്തിലെ മമ്മൂട്ടിയുടെ അഭിനയം. സിനിമാരംഗത്തുള്ള പലരും ചിത്രത്തിലെ മമ്മൂട്ടിയുടെ കഥാപാത്രത്തെയും അഭിനയത്തെയും പ്രശംസിച്ച് രംഗത്ത് എത്തിയിരുന്നു. മലാളികള്‍ എക്കാലവും ഓര്‍മ്മിക്കുന്ന ഒരു കഥാപാത്രമാണ് മമ്മൂട്ടി അവതരിപ്പിച്ച പള്ളിക്കല്‍ നാരായണന്‍. സലിം അഹ്മദിന്റെ സംവിധാനത്തില്‍ മമ്മൂട്ടി നായകനായ ചിത്രം. ഗള്‍ഫ് മലയാളിയുടെ ജീവിതത്തിലേക്ക് തുറന്നുവച്ച നേര്‍ക്കാഴ്ചയായിരുന്നു സിനിമ. ഇന്ത്യയില്‍ നിന്ന് ഓസ്‌കറിനയക്കേണ്ട സിനിമകളില്‍ പത്തേമാരി ഉള്‍പ്പെട്ടിരുന്നു. സിനിമ ദേശീയ ചലച്ചിത്ര പുരസ്‌കാരം നേടുകയും ചെയ്തിരുന്നു. റസൂല്‍ പൂക്കുട്ടി ശബ്ദമിശ്രണം നിര്‍വഹിച്ചിരിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രാഹകന്‍ മധു അമ്പാട്ട് ആണ്. 2015 ഒക്ടോബര്‍ ഒന്‍പതിന്‍ ഇറോസ് ഇന്റര്‍നാഷണല്‍ പ്രദര്‍ശനത്തിനെത്തിച്ച പത്തേമാരി പ്രേക്ഷകരില്‍ നിന്നും നിരൂപകരില്‍ നിന്നും മികച്ച പ്രതികരണം നേടി. ഇപ്പോഴിതാ രാഗിത് ആര്‍ ബാലന്‍ ചിത്രത്തെക്കുറിച്ച് പങ്കുവെച്ച ഒരു കുറിപ്പ് വായിക്കാം.
കുറിപ്പിന്റെ പൂര്‍ണരൂപം
പള്ളിക്കല്‍ നാരായണന്‍
ചില സിനിമകള്‍ കാണുമ്പോള്‍ ചില കഥാപാത്രങ്ങള്‍ മനസ്സില്‍ അങ്ങ് കയറി കൂടും..മറക്കാന്‍ പറ്റാത്ത വിധം മനസ്സിന്റെ ഉള്ളില്‍ അങ്ങ് ഒരു നോവായി തെളിഞ്ഞു കിടക്കുന്ന ജീവനുള്ള ഒരു കഥാപാത്രം ആണ് പത്തേമാരി സിനിമയിലെ പള്ളിക്കല്‍ നാരായണന്‍.നമുക്ക് വളരെ അടുത്തറിയാവുന്ന നമ്മളില്‍ ഒരാള്‍ ആയ നമ്മുടെ പ്രിയപ്പെട്ട ഒരുപാട് പ്രവാസികളുടെ പ്രധിനിധി..
സ്വന്തം നാടും വീടും വിട്ട് വര്‍ഷങ്ങളോളം പ്രവാസ ജീവിതം നയിക്കുന്ന നാരായണന്‍ അയാള്‍ക്ക് വേണ്ടി ഒരിക്കലും ജീവിച്ചിട്ടില്ല..വീട്ടിലേക്കു ഉള്ള അയാളുടെ ഓരോ ഫോണ്‍ വിളികളും വീട്ടിലെ വിശേഷങ്ങള്‍ അറിയുവാനും പ്രിയപെട്ടവരുടെ ശബ്ദം കേള്‍ക്കുവാനും ആണ്.. എന്നാല്‍ പലപ്പോഴും വീട്ടിലെ പ്രാരാബ്ധങ്ങളുടെ ഒരു നീണ്ട നിര മാത്രമേ അയാള്‍ക്ക് ഓരോ ഫോണ്‍ വിളികളും സമ്മാനിക്കുന്നത്..
നാട്ടിലേക്കു അവധിക്കു വരാന്‍ ഉള്ള തയാറെടുപ്പുകള്‍ നടത്തുമ്പോള്‍ സുഹൃത്തു മൊയ്ദീന്‍ നാരായണന് ഒരു പൊതി പിസ്ത കൊടുക്കും..അപ്പോള്‍ നാരായണന്‍ പറയുന്നുണ്ട് ‘ഇതൊക്കെ കടയില്‍ ഇരിക്കുന്നതൊക്കെ കണ്ടിട്ടുണ്ടെന്നു അല്ലാതെ ഞാന്‍ ഇതൊന്നും വാങ്ങിച്ചു കഴിച്ചിട്ടില്ല..’എന്നാണ്.. നാട്ടില്‍ എത്തുന്ന നാരായണന്റെ പെട്ടി പൊട്ടിക്കുമ്പോള്‍ പെങ്ങള്‍ പുഷ്പക്ക് പിസ്ത പൊതി കിട്ടുകയും എല്ലാവര്‍ക്കും അവര്‍ അത് നല്‍കുമ്പോള്‍ നാരായണന്റെ അമ്മ പറയും
നാരായണന്റെ അമ്മ: എടി നാരായണന് കൊടുക്ക്
പുഷ്പ : ഏട്ടന്‍ എന്തിനാ അമ്മേ ഇതൊക്കെ.. ഇരുപത്തി നാല് മണിക്കൂറും ഇതൊക്കെ അല്ലെ അവിടെ കഴിക്കുന്നേ.. ഞങ്ങളും അറിയട്ടെ ഇതിന്റെ ഒക്കെ രുചി..
നാരായണന്‍ ഒന്ന് ചിരിക്കുക മാത്രമേ ചെയ്യുന്നുള്ളൂ..അയാളുടെ ഉള്ളിലും ഉണ്ടായിരുന്നിരിക്കണം അത് ഒന്ന് രുചിച്ചു നോക്കുവാനുള്ള ഒരു ആഗ്രഹം..
നാട്ടില്‍ നിന്നും തിരിച്ചു പോകാന്‍ നാരായണന് മനസ്സ് കൊണ്ട് ഇഷ്ടമല്ല.. അതിനു അയാള്‍ പറയുന്നത് ‘അറക്കാന്‍ കൊണ്ട് പോകുന്ന മാടിന്റെ അവസ്ഥയാ തിരിച്ചു പോകുമ്പോള്‍ ‘..പ്രിയപ്പെട്ടതെല്ലാം വേണ്ട എന്ന് തീരുമാനിച്ചു കൊണ്ടുള്ള ഒരു തിരിച്ചു പോക്ക്. തിരിച്ചു പോക്കിന്റെ തലേ രാത്രി നാരായണന് ഉറങ്ങാന്‍ പറ്റാറില്ല.. അപ്പോള്‍ അയാള്‍ അമ്മയുടെ അടുത്ത് പോയി ഒന്ന് കിടക്കും..
നാരായണന്‍ : ദുബായിലെ മുറിയില് കണ്ണടച്ച് കിടക്കുമ്പോ അമ്മ ഇതുപോലെ അടുത്തുള്ള പോലെ തോന്നും.. ഇനി ഒരു പ്രാവശ്യം കൂടെ പോയാല്‍ നമ്മുടെ പ്രശ്‌നങ്ങളൊക്കെ തീരും.. പിന്നെ ഒരു തിരിച്ചു പോക്കില്ല
അമ്മ : മ്മ് കഴിഞ്ഞ തവണയും നീ ഇതു തന്നെ അല്ലെ പറഞ്ഞത് ,തന്റെ സഹോദരിയുടെ മകളുടെ കല്ല്യാണദിവസം വീട്ടിലേക്ക് നാരായണന്‍ ഫോണ്‍ ചെയ്യുന്ന ഒരു രംഗമുണ്ട്.
കാള്‍ അറ്റന്‍ഡ് ചെയ്യാന്‍ നാരായണന്റെ ഭാര്യ എത്തുന്നത്
വരെ പുഷ്പ ഫോണ്‍ റിസീവര്‍ എടുത്ത് മാറ്റി വെച്ച് പോകുമ്പോള്‍ കല്ല്യാണവീട്ടിലെ
ഒച്ചപ്പാടും ഒരുക്കങ്ങളും എല്ലാം അയാള്‍ക്ക് അതിലൂടെ കേള്‍ക്കാമായിരുന്നു..വളരെ ശ്രദ്ധയോടെ അവയെല്ലാം കേട്ടു നില്‍ക്കുക മാത്രമാണ് അയാള്‍ ചെയ്യുന്നത്.വളരെ അധികം ആഗ്രഹിച്ചിരുന്നതാണ് അയാള്‍ ആ കല്യാണം കൂടുവാന്‍ ആയി.. എന്നാല്‍ കല്യാണ വീട്ടിലെ ഒച്ചപ്പാടും ഒരുക്കങ്ങളും എല്ലാം ഒരുപാട് ദൂരങ്ങള്‍ക്ക് അപ്പുറം നിന്ന് അയാള്‍ കേള്‍ക്കുന്നു.
‘നിങ്ങള്‍ കാരണം നിങ്ങളുടെ ചുറ്റുമുള്ളവര്‍ സന്തോഷിക്കുന്നുണ്ടെങ്കില്‍. നിങ്ങളുടെ മാതാപിതാക്കള്‍ ഒരു രാത്രി എങ്കിലും മനസമാധാനത്തോടെ കിടന്നു ഉറങ്ങുന്നുണ്ടെങ്കില്‍.. അതിനു കാരണം നിങ്ങള്‍ ആണെങ്കില്‍ അതാണ് achievement ‘
അതെ അതാണ് ഓരോ പ്രവാസിയുടെയും achievement.. ചുറ്റിലുംഒന്ന് കണ്ണോടിച്ചാല്‍ ഒരുപാട് നാരായണന്മാര്‍ ഉണ്ടാകും.. ഒരുപാട് പറയാന്‍ ബാക്കി വെച്ച കഥകള്‍ ഉണ്ടാകും.. അവരൊക്കെ കൊണ്ട് വന്നിരുന്ന ചോക്ലേറ്റുകള്‍ നമ്മള്‍ രുചിയോടെ നുണഞ്ഞവര്‍ ആണെങ്കില്‍ ഓര്‍ക്കുക അവയെല്ലാം ചോര നീരാക്കി പണിയെടുത്തവന്റെ കണ്ണീരിന്റെയും വിയര്‍പ്പിന്റെയും രുചി ഉള്ളവയാണ്..
** രാഗീത് ആര്‍ ബാലന്‍**