‘മോശം സിനിമകളുടെ ഭാഗമകരുത് എന്നൊരു നിശ്ചയദാര്‍ഢ്യം മമ്മൂട്ടി എന്ന ലെജന്‍ഡ് സ്വയം എടുത്തതായി തോന്നിയിട്ടുണ്ട്’; കുറിപ്പ് ശ്രദ്ധ നേടുന്നു
മലയാളികള്‍ ഇതുവരെ കാണാത്ത കഥപറച്ചിലുമായി എത്തി സിനിമാസ്വാദകരെ തിയറ്ററുകളില്‍ പിടിച്ചിരുത്തിയ സിനിമയാണ് മമ്മൂട്ടി നായകനായെത്തിയ റോഷാക്ക്. അത്ര പരിചിതമല്ലാത്ത ടൈറ്റില്‍ പ്രഖ്യാപനം മുതല്‍ പ്രേക്ഷക ശ്രദ്ധയാകര്‍ഷിച്ച ചിത്രത്തില്‍ ലൂക്ക് ആന്റണിയായി മമ്മൂട്ടി നിറഞ്ഞാടിയപ്പോള്‍, അത് അദ്ദേഹത്തിന്റെ കരിയറിലെ മറ്റൊരു നാഴിക കല്ലായി മാറുകയായിരുന്നു. തികച്ചും പരീക്ഷണ ചിത്രമെന്ന് പറയാവുന്ന നിസാം ബഷീര്‍ സംവിധാനം ചെയ്ത റോഷാക്കില്‍ അഭിനയിക്കുകയും ഒപ്പം നിര്‍മ്മിക്കാനും കാണിച്ച മമ്മൂട്ടിയുടെ ധൈര്യം പ്രേക്ഷകര്‍ പ്രശംസകള്‍ കൊണ്ട് മൂടി. ഇതിനിടയില്‍ ജിയോ ബേബി സംവിധാനം ചെയ്യുന്ന പുതിയ ചിത്രം കാതലിന്റെ പോസ്റ്റര്‍ പുറത്തുവന്നത്. സിനിമയോടും അഭിനയത്തോടുമുള്ള മമ്മൂട്ടിയുടെ അടങ്ങാത്ത അഭിനിവേശത്തേും വ്യത്യസ്തമായ പരീക്ഷണങ്ങള്‍ക്കൊപ്പം നില്‍ക്കാനുള്ള തീരുമാനത്തേയും അഭിനന്ദിച്ച് നിരവധി പേരായിരുന്നു രംഗത്ത് വന്നത്. പാഷനോടൊപ്പം സിനിമയോടുള്ള അര്‍പ്പണബോധവും എപ്പോഴും അപ്ഡേറ്റഡാകുന്ന മമ്മൂട്ടിയുടെ ശീലത്തേയുമെല്ലാമാണ് പ്രേക്ഷകര്‍ ചൂണ്ടിക്കാണിക്കുന്നത്. ഇപ്പോഴിതാ മമ്മൂക്കയെക്കുറിച്ച് പങ്കുവെച്ച കുറിപ്പാണ് ശ്രദ്ധ നേടുന്നത്.
കഴിഞ്ഞ കുറെ വര്‍ഷങ്ങളിലായി പുറത്തിറങ്ങി പരാജയപ്പെടുന്ന അങ്ങേയറ്റം നിലവാരമില്ലാത്ത സിനിമകള്‍ക്ക് ഇടയിലും ആ വര്ഷങ്ങളിലെല്ലാമൊരു നല്ല സിനിമയുടെ ഭാഗമായി നല്ല കഥാപാത്രങ്ങളെ നല്കിയ നടനാണ് മമ്മൂട്ടി. അന്നൊക്കെ ചിന്തിക്കാറുണ്ട് ആ മോശം സിനിമകള്‍ വേണ്ടെന്ന് വച്ചാലും അദ്ദേഹത്തിന് പ്രേത്യേകിച്ച് ഒന്നും നഷ്ടപ്പെടാനില്ലല്ലോ എന്നും, മോശം സിനിമകള്‍ക്ക് വേണ്ടി നഷ്ടപ്പെടുത്തി കളയുന്ന എഫര്‍ട്ട് കുറച്ചു കൂടി മികച്ച സിനിമകള്‍ക്ക് വേണ്ടി ചിലവഴിച്ചുകൂടെയെന്നും. എന്നാല്‍ ഇന്നയാള് മനസിലാക്കുന്നുണ്ട്, ഇവിടെയുള്ള പ്രേക്ഷകരുടെ ക്വാളിറ്റിയും അയാളുടെ തന്നെ ക്വാളിറ്റിയും. വീണ്ടുമൊരു കൂട്ടിച്ചേര്‍ക്കലോ, വെട്ടിച്ചുരുക്കലോ വേണമെന്നൊരഭിപ്രായം എന്റെ കഥാപാത്രങ്ങള്‍ക്ക് മേല്‍ ഇനിയങ്ങോട്ട് ആരോപിക്കപെടരുത്, മോശം സിനിമകളുടെ ഭാഗമകരുത് എന്നൊരു നിശ്ചയദാര്‍ഢ്യം മമ്മൂട്ടി എന്ന ലെജന്‍ഡ് സ്വയം എടുത്തതായി ഈയിടെ പലപ്പോഴും തോന്നിയിട്ടുണ്ടെന്നാണ് കുറിപ്പില്‍ വ്യക്തമാക്കുന്നത്.
ഈ വര്‍ഷം മമ്മൂട്ടി കേന്ദ്രകഥാപാത്രമായെത്തിയ ചിത്രങ്ങളായിരുന്നു പുഴു, റോഷാക്ക്, ഭീഷ്മപര്‍വ്വം, സിബിഐ ദ ബ്രെയിന്‍ എന്നീ സിനിമകള്‍. ഇതില്‍ റോഷാക്ക്, ഭീഷ്മപര്‍വ്വം ബോക്സ്ഓഫീസില്‍ മികച്ച പ്രകടനമാണ് കാഴ്ച്ചവെച്ചത്. മമ്മൂട്ടിയുടെ അഭിനയവും വളരെ എടുത്ത് തന്നെ പറയേണ്ടതാണ്. ലിജോ ജോസ് പെല്ലിശ്ശേരിയുടെ നന്‍പകല്‍ നേരത്ത് മയക്കം പ്രേക്ഷകര്‍ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രമാണ്. കേരള അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിലെ മത്സരവിഭാഗത്തിലേക്ക് ചിത്രം തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. മമ്മൂട്ടിയുടെ നിര്‍മാണകമ്പനിയായ മമ്മൂട്ടി കമ്പനിയാണ് ചിത്രം നിര്‍മ്മിച്ചത്.