‘മാളികപ്പുറം കണ്ട് സമാധാനമായി ഉറങ്ങിയവരെക്കാള്‍ ഭയക്കേണ്ടത് ആ സിനിമയുടെ പേരില്‍ ഉറക്കം നഷ്ടമാവുന്നവരെയാണ്’; കുറിപ്പ്
ഉണ്ണി മുകുന്ദന്‍ കേന്ദ്ര കഥാപാത്രമായി എത്തിയ ഏറ്റവും പുതിയ ചിത്രം മാളികപ്പുറം തിയറ്ററുകളില്‍ മികച്ച വിജയം സ്വന്തമാക്കി മുന്നേറുകയാണ്. ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് വിഷ്ണു ശശി ശങ്കറാണ്. അരങ്ങേറ്റ ചിത്രം തന്നെ കളറാക്കിയ വിഷ്ണുവിനെയും ഉണ്ണി മുകുന്ദനെയും ചിത്രത്തിലെ ബാല താരങ്ങളെയും പ്രശംസിച്ച് കൊണ്ട് നിരവധി പേരാണ് ഓരോ ദിനവും രംഗത്തെത്തുന്നത്. 0.50 കോടിയാണ് ചിത്രം ആദ്യ ദിവസം ബോക്‌സോഫീസില്‍ നിന്നും നേടിയത്. ഇപ്പോള്‍ സിനിമയുടെ തമിഴ് തെലുങ്ക് പതിപ്പുകള്‍ റിലീസിന് ഒരുങ്ങുകയാണ്. തമിഴ് തെലുങ്ക് പതിപ്പുകള്‍ ജനുവരി ആറിന് പ്രദര്‍ശനത്തിന് എത്തും. കല്യാണി എന്ന എട്ടു വയസ്സുകാരിയുടെയും അവളുടെ സൂപ്പര്‍ ഹീറോ ആയ അയ്യപ്പന്റെയും കഥ പറഞഞ ചിത്രമാണ് മാളികപ്പുറം. കാവ്യ ഫിലിം കമ്പനി, ആന്‍ മെഗാ മീഡിയ എന്നീ ബാനറുകളില്‍ പ്രിയ വേണു, നീത പിന്റോ എന്നിവരാണ് ചിത്രത്തിന്റെ നിര്‍മ്മാണം. ഇപ്പോഴിതാ ചിത്രത്തെക്കുറിച്ച് സിനിഫൈല്‍ ഗ്രൂപ്പില്‍ വന്ന കുറിപ്പാണ് വൈറലാവുന്നത്.
കുറിപ്പിന്റെ പൂര്‍ണരൂപം
സിനിമകള്‍ ആളുകളെ സ്വാധീനിക്കുന്നത് പല തരത്തിലാണ്. ചില സിനിമകള്‍ ആളുകള്‍ക്ക് ഒട്ടും ഇഷ്ടപ്പെട്ടില്ല എന്നു വരാം, അതേ സിനിമ തന്നെ മറ്റുള്ളവര്‍ക്ക് ഒരുപാട് ഇഷ്ടമായി എന്നും വരാം. മാളികപ്പുറം സംസാരിക്കുന്ന വിഷയം രാഷ്ട്രീയം അത് ഒരു മനുഷ്യന്റെ ദിവസം മനോഹരമാക്കാനും രാത്രി അയാള്‍ ആഗ്രഹിച്ച ഒരു കാര്യം ഒരു കലാസൃഷ്ടിയിലൂടെ എങ്കിലും സാധ്യമായി എന്ന ആശ്വാസത്തില്‍ സന്തോഷത്തോടെ ഉറങ്ങാനും സഹായിക്കുമെങ്കില്‍ അത് അയാള്‍ക്ക് നല്ലൊരു സിനിമയായിരിക്കും. ഇനി പറയാന്‍ പോകുന്നത് മാളികപ്പുറം എന്ന സിനിമയുടെ വിജയം അസ്വസ്ഥതരാക്കിയ ചിലരെപറ്റിയാണ്.
സിനിമ സംസാരിച്ച രാഷ്ട്രീയം എനിക്ക് ഉള്‍കൊള്ളാന്‍ പറ്റാത്തതാണ്. അത്രയും നേരം നന്നായി പോയി കൊണ്ടിരുന്ന സിനിമ അവരുടെ രാഷ്ട്രീയം ചര്‍ച്ച ചെയ്യാന്‍ ഉപയോഗിച്ചു എന്നത് പേര്‍സണലി എനിക്ക് അംഗീകരിക്കാന്‍ പറ്റുന്നതല്ല. എന്ന് വച്ചു അത് ഇഷ്ടപ്പെടുന്ന ആളുകള്‍ ഉണ്ടാവാന്‍ പാടില്ല എന്ന് വാശി പിടിക്കാന്‍ എനിക്ക് പറ്റില്ല. ഒരു സിനിമ ഇഷ്ടപ്പെടാതെ ഇരിക്കുന്നതും ഇഷ്ടപ്പെടുന്നതും ഒരാളുടെ പേഴ്‌സണന്‍ കാര്യമാണ്. നേരത്തെ പറഞ്ഞത് പോലെ എന്റെ ആഗ്രഹം സിനിമ വഴി നിറവേറിയെങ്കില്‍ എന്റെ രാഷ്ട്രീയം ആ സിനിമ ചര്‍ച്ച ചെയ്‌തെങ്കില്‍, എന്റെ വാക്കുകളായി ആ സിനിമ ശബ്ദിച്ചു എങ്കില്‍ എല്ലാത്തിനും മേലെ അത് നല്ല സിനിമയാണ് എങ്കില്‍ ഞാന്‍ കാണുന്ന ആളുകളോട് ആ സിനിമ കാണാന്‍ പറയും. എന്റെ ശബ്ദമോ, ആ സിനിമയോ നിങ്ങള്‍ക്ക് ഇല്ലാതെയാക്കാന്‍ കഴിയില്ല. അത് തീര്‍ച്ചയായും വിജയിക്കും.
തീവ്ര ഇടതുപക്ഷ സിനിമകളും, വലതു പക്ഷ സിനിമകളും ഇവിടെ ഉണ്ടായിട്ടുണ്ട്, അരാഷ്ട്രീയ സിനിമകള്‍ ഇവിടെ ഉണ്ടായിട്ടുണ്ട്. ഒരിക്കലും രാഷ്ട്രീയം സംസാരിക്കുന്ന മോശം സിനിമകള്‍ ഇവിടെ ജയിച്ചിട്ടില്ല. രാഷ്ട്രീയം സംസാരിക്കുന്ന നല്ല സിനിമകള്‍ മാത്രമേ വിജയിച്ചിട്ടുള്ളൂ. അതായത് രാഷ്ട്രീയത്തിനും അപ്പുറം സിനിമയാണ് വിജയിക്കുന്നത്. മതത്തിനോ, ജാതിക്കോ, രാഷ്ട്രീയത്തിനോ, സൂപ്പര്‍ താരങ്ങള്‍ക്കോ സിനിമകളുടെ വിജയ പരാജയങ്ങളെ നിയന്ത്രിക്കാന്‍ കഴിയില്ല. അത് നല്ലതാവുന്ന പക്ഷം വിജയിക്കും. പേടിക്കേണ്ടതും, അസ്വസ്ഥരാവേണ്ടതും മാളികപ്പുറം എന്ന സിനിമയുടെ വിജയത്തില്‍ അല്ല. എന്റേതല്ലാത്ത രാഷ്ട്രീയം പങ്കുവച്ച സിനിമകള്‍ ഇവിടെ നിര്‍മിക്കപെടരുത്, ജനങ്ങള്‍ ഏറ്റെടുക്കരുത്. അതിനെ ഇഷ്ടപ്പെടുന്നവര്‍ വാ തുറക്കരുത്. അവരോ അവരുടെ സിനിമകളോ ഇവിടെ നിലനില്‍ക്കരുത് എന്ന് പറയുന്ന, വാശി പിടിക്കുന്ന ആളുകളെയാണ്. ആ സിനിമ കണ്ട് സമാധാനമായി ഉറങ്ങിയവരെക്കാള്‍ ഭയക്കേണ്ടത് ആ സിനിമയുടെ പേരില്‍ ഉറക്കം നഷ്ടമാവുന്നവരെയാണ്.