”സിനിമ മുഴുവനും നെഗറ്റീവാണ്, ഇതിന് എങ്ങനെ സെന്‍സറിങ് ലഭിച്ചു?” ; മുകുന്ദന് ഉണ്ണി അസോസിയേറ്റിനെതിരെ ഇടവേള ബാബു
വിനീത് ശ്രീനിവാസന് നായകനായ ‘മുകുന്ദന് ഉണ്ണി അസോസിയേറ്റ്സ്’ തിയേറ്ററുകളില്‍ അത്ര ഏറ്റെടുത്തില്ലെങ്കിലും പിന്നീട് ഒടിടിയില്‍ എത്തിയപ്പോള്‍ മുതല്‍ കത്തി കേറികൊണ്ടിരിക്കുകയാണ്. അഭിനവ് സുന്ദര്‍ നായക് ആയിരുന്നു ചിത്രം സംവിധാനം ചെയ്തത്. ‘മുകുന്ദന് ഉണ്ണി അസോസിയേറ്റ്സ്’ റിലീസ് ചെയ്തത് നവംബര്‍ 11 നാണ്. നെഗറ്റീവ് ഷെയ്ഡുള്ള നായക കഥാപാത്രത്തെയായിരുന്നു ചിത്രത്തില്‍ വിനീത് ശ്രീനിവാസന് അവതരിപ്പിച്ചത്. ഒരു വക്കീലിന്റെ അതിജീവനം എന്ന് പറയാവുന്ന കഥയാണെങ്കിലും സിനിമയുടെ തിരക്കഥയും സംഭാഷണങ്ങളുമാണ് ഈ ചിത്രത്തെ മറ്റൊരു ലെവലിലേക്ക് എത്തിക്കുന്നത്. എന്ത് വില കൊടുത്തും താന്‍ ഒന്നാമത്തെത്തണം, അതിന് ഏത് വിധേയനെയും തന്റെ കാര്യം നടക്കണം എന്നതിന് ഏതറ്റം വരെയും പോകുന്ന മുകുന്ദന് ഉണ്ണി എന്ന അഡ്വക്കേറ്റിന്റെ കഥയാണ് സിനിമയിലൂടെ പറയുന്നത്.
ഇപ്പോഴിതാ ചിത്രത്തിനെതിരെ വിമര്‍ശനവുമായി നടന് ഇടവേള ബാബു രംഗത്തെത്തിയിരിക്കുകയാണ്. സിനിമ മുഴുവന്‍ നെഗറ്റീവാണെന്നും ഇതിന് എങ്ങനെ സെന്‍സര്‍ഷിപ്പ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചുവെന്ന് അറിയില്ലെന്നുമാണ് ഇടവേള ബാബു പറയുന്നത്. സിനിമ ഓടുമെന്ന് സംവിധായകന് വിശ്വാസമുണ്ടായിരുന്നുവെന്നും പ്രേക്ഷകരുടെ പോക്ക് എങ്ങോട്ടാണെന്ന് അത്ഭുതം തോന്നിയെന്നും അദ്ദേഹം പറഞ്ഞു. നിയമസഭാ അന്താരാഷ്ത്ര പുസ്തകോത്സവത്തോടനുബന്ധിച്ച് സിനിമയും എഴുത്തും എന്ന വിഷയത്തില്‍ സംഘടിപ്പിച്ച ചര്‍ച്ചയിലാണ് ഇടവേള ബാബു ഈ ചിത്രത്തെക്കുറിച്ച് പരാമര്‍ശങ്ങള്‍ ഉന്നയിച്ചത്.
മുകുന്ദന് ഉണ്ണി എന്നൊരു സിനിമ ഇവിടെ ഇറങ്ങി, അതിന് എങ്ങനെ സെന്‍സറിങ് ലഭിച്ചെന്ന് എനിക്കറിയില്ല. കാരണം ഫുള്‍ നെഗറ്റീവാണ്. തുടങ്ങുന്നത് തന്നെ ഞങ്ങള്‍ക്കാര്‍ക്കും നന്ദി പറയാനില്ല എന്ന വാചകത്തോടെയാണ്. ക്ലൈമാക്സിലെ ഡയലോഗ് ഞാന്‍ ആവര്‍ത്തിക്കുന്നില്ല. അതിലെ നായിക പറയുന്ന ഭാഷ ഇവിടെ ഉപയോഗിക്കാന്‍ പറ്റില്ല. ഈ സിനിമ ഫുള്‍ നെഗറ്റീവാണ്. അങ്ങനെ ഒരു സിനിമ ഇവിടെ ഓടി. ആര്‍ക്കാണ് മൂല്യച്യുതി സംഭവിച്ചത്, പ്രേക്ഷകള്‍ക്കാണോ സിനിമാക്കാര്‍ക്കാണോ?. പ്രൊഡ്യൂസര്‍ക്ക് ലാഭം കിട്ടിയ സിനിമയാണ് അത്. അങ്ങനെ ഒരു സിനിമയെ പറ്റി എനിക്കെന്നും ചിന്തിക്കാന്‍ പറ്റില്ലെന്നും ഇടവേള ബാബു കൂട്ടിച്ചേര്‍ത്തു.
ഞാന്‍ ഇതിനെ പറ്റി വിനീത് ശ്രീനിവാസനോട് വിളിച്ച് ചോദിച്ചു. ഏഴോളം നായകന്മാരോട് ഈ കഥ പറഞ്ഞു. ആരും തയ്യാറായില്ല. പക്ഷേ വിനീതിന് ഒഴിഞ്ഞുമാറാന്‍ പറ്റില്ല. കാരണം വിനീതിന്റെ അസിസ്റ്റന്റാണ് ആ പടം സംവിധാനം ചെയ്തത് എന്നും അദ്ദേഹം പറഞ്ഞു. ആ സംവിധായകന് വിശ്വാസമുണ്ടായിരുന്നു ഈ സിനിമ ഓടുമെന്ന്. സിനിമയുടെ പോക്ക് എവിടേക്കാണെന്ന് കുറ്റം പറയുന്നതിനെക്കാള്‍ എനിക്ക് അത്ഭുതം തോന്നിയത് പ്രേക്ഷകന് എങ്ങോട്ടേക്കാണ് പോകുന്നതെന്നാണെന്നും അദ്ദേഹം വ്യക്തമാക്കി.
ജോയ് മൂവി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഡോക്ടര്‍ അജിത് ജോയ് ആണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. സുരാജ് വെഞ്ഞാറമൂട്, സുധി കോപ്പ, തന്വി റാം, ജഗദീഷ്, മണികണ്ഠന് പട്ടാമ്പി, ബിജു സോപാനം, ജോര്‍ജ് കോര, ആര്‍ഷ ചാന്ദിനി, നോബിള്‍ ബാബു തോമസ്, അല്‍ത്താഫ് സലിം, റിയ സൈറ, രഞ്ജിത്ത് ബാലകൃഷ്ണന്, സുധീഷ്, വിജയന് കാരന്തൂര്‍ എന്നിവരായിരുന്നു മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.