ഏറ്റവും മനോഹരമായ റിവ്യുകള്‍ കേള്‍ക്കുന്നു, നിങ്ങളും കുടുംബത്തോടൊപ്പം സിനിമ കാണുക : ദുൽഖർ സൽമാൻ
ഏറെ നാളത്തെ കാത്തിരിപ്പുകള്‍ക്ക് ഒടുവില്‍ ലിജോ ജോസ് പെല്ലിശ്ശേരി- മമ്മൂട്ടി കൂട്ടുകെട്ടില്‍ ഒരുങ്ങിയ നന്‍പകല്‍ നേരത്ത് മയക്കം എന്ന ചിത്രം തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്. മമ്മൂട്ടിയുടെ അഭിനയ ജീവിതത്തിലെ വ്യത്യസ്തമായ കഥാപാത്രമായാണ് ചിത്രത്തില്‍ മെഗാസ്റ്റാര്‍ എത്തുന്നത്. അതുകൊണ്ട് തന്നെ വ്യത്യസ്തമായ കഥാപാത്രങ്ങളും കഥകളും തെരഞ്ഞെടുക്കുന്ന മമ്മൂട്ടിയുടെ പുതിയൊരു മാസ്മരിക പ്രകടനത്തെ അഭിനന്ദിച്ച് കൊണ്ട് നിരവധി പേരാണ് രംഗത്തെത്തുന്നത്.
ജെയിംസ് എന്ന കഥാപാത്രമായി മമ്മൂട്ടി തകര്‍ത്തഭിനയിച്ചപ്പള്‍ അത് പ്രേക്ഷകരെ തിയേറ്ററുകളില്‍ പിടിച്ചിരുത്തി. ഇപ്പോഴിതാ ചിത്രത്തെ കുറിച്ച് ദുല്‍ഖര്‍ സല്മാന് കുറിച്ച കാര്യങ്ങളാണ് വൈറലാകുന്നത്. ‘വിചിത്രവും മാന്ത്രികവുമായ കഥപറച്ചിലും ഹൃദയസ്പര്‍ശിയായ പ്രകടനങ്ങളുമായി നന്‍പകല്‍ നേരത്ത് മയക്കം തിയേറ്ററുകളില്‍. ഏറ്റവും മനോഹരമായ റിവ്യുകള്‍ കേള്‍ക്കുന്നു. നിങ്ങളുടെ കുടുംബത്തോടൊപ്പം സിനിമ കാണുക, നിങ്ങളുടെ ചിന്തകള്‍ പങ്കിടുക’, എന്നാണ് ദുല്‍ഖര്‍ കുറിച്ചത്. പിന്നാലെ നിരവധി പേര് ചിത്രത്തെ പ്രശംസിച്ച് കൊണ്ട് കമന്റുകള്‍ രേഖപ്പെടുത്തി.
അതേസമയം, ചിത്രം തിയേറ്ററുകളില്‍ എത്തില് ഒരു ദിവസം പിന്നിടുമ്പോള്‍ സിനിമയ്ക്ക് എല്ലാ കോണുകളില്‍ നിന്നും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. മമ്മൂട്ടി എന്ന മഹാനടന്റെ മറ്റൊരു വിസ്മയിപ്പിക്കുന്ന പ്രകടനം സിനിമയില്‍ കാണാം എന്ന് പ്രേക്ഷകര്‍ ഒന്നടങ്കം അഭിപ്രായപ്പെടുന്നു. പതിവ് തെറ്റിക്കാതെ വ്യത്യസ്തമായ ഒരു കഥയെ അതിമനോഹരമായി ലിജോ സ്ക്രീനിലെത്തിച്ചു. തേനി ഈശ്വറിന്റെ ക്യാമറയ്ക്കും മികച്ച പ്രതികരണം ലഭിക്കുന്നുണ്ട്. സിനിമയിലുടനീളമുള്ള തമിഴ് ഗാനങ്ങളുടെ അകമ്പടിക്കും കയ്യടി.
മമ്മൂട്ടി കമ്പനിയുടെ പേരില്‍ മമ്മൂട്ടി ആദ്യമായി നിര്‍മ്മിച്ച ചിത്രമാണ് നന്‍പകല്‍ നേരത്ത് മയക്കം. ദുല്‍ഖര്‍ സല്‍മാന്റെ വേഫെറെര്‍ ഫിലിംസ് ആണ് ചിത്രം തിയേറ്ററുകളില്‍ എത്തിച്ചത്. മമ്മൂട്ടിയെ കൂടാതെ, രമ്യ പാണ്ഡ്യന്, അശോകന്, കൈനകരി തങ്കരാജ്, സുരേഷ് ബാബു, ചേതന്‍ ജയലാല്‍, അശ്വന്ത് അശോക് കുമാര്‍, രാജേഷ് ശര്‍മ്മ, അന്തരിച്ച തമിഴ് താരം പൂ രാമു തുടങ്ങിയവര്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു. തേനി ഈശ്വര്‍ ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത്. എഡിറ്റിംഗ് ദീപു എസ് ജോസഫ്, ലിജോ ജോസ് പെല്ലിശ്ശേരിയുടെ കഥയ്ക്ക് തിരക്കഥയും സംഭാഷണവും ഒരുക്കിയത് എസ് ഹരീഷ് ആണ്.