‘എനിക്ക് വാപ്പച്ചിയുടെ ഇഷ്ടപ്പെട്ട അഞ്ചു ചിത്രങ്ങൾ’; ദുൽഖർ സൽമാൻ വെളിപ്പെടുത്തുന്നു
മെഗാസ്റ്റാർ മമ്മൂട്ടിയുടെ മകൻ എന്നതിലുപരി സ്റ്റൈലു കൊണ്ടും അഭിനയം കൊണ്ടും ഇന്ത്യ ഒട്ടാകെ ഒരുപാട് ആരാധകരെ സമ്പാദിച്ച യുവനടനാണ് ദുൽഖർ സൽമാൻ. മമ്മൂട്ടിയുടെ മകൻ എന്ന താരപുത്ര ജാഡയില്ലാത്ത നടൻ കൂടിയാണ് ഇദ്ദേഹം. അതിനാൽ തന്നെ സ്വന്തമായി ഒരു പാത വെട്ടിപ്പിടിക്കാൻ യുവനടന്ന് സാധിച്ചു. ദുൽഖറിന്റെ സിനിമയിലേക്കുള്ള ആദ്യ ചുവടുവെപ്പ് മുതൽ ഇതുവരെ മമ്മൂട്ടി പിന്നിൽ നിന്ന് സപ്പോർട്ട് കൊടുക്കുക മാത്രമേ ചെയ്തിട്ടുള്ളൂ. മകന്റെ സിനിമകൾക്ക് പ്രമോഷൻ കൊടുക്കാനോ മകനുവേണ്ടി സംസാരിക്കാനോ മമ്മൂട്ടി ഇതുവരെ ശ്രമിച്ചിട്ടില്ല. ദുൽഖർ സ്വന്തമായി തന്നെ ഉയർന്നു വരട്ടെ എന്ന ചിന്താഗതിയുള്ള വ്യക്തിയാണ് ഇദ്ദേഹം. സിനിമ ജീവിതത്തിൽ മമ്മൂട്ടിയുടെ മകൻ എന്ന ഇമേജ് ഇതുവരെ ദുൽഖർ ഉപയോഗപ്പെടുത്തിയിട്ടില്ല. ഇതുതന്നെയാണ് ബോളിവുഡ് വരെ എത്തിനിൽക്കുന്ന ദുൽഖറിന്റെ വിജയവും.
മമ്മൂട്ടി അഭിനയിച്ചതിൽ ഏറ്റവും പ്രിയപ്പെട്ട അഞ്ച് ചിത്രങ്ങളാണ് ‘മമ്മൂട്ടി സ്പെഷ്യൽ സ്റ്റാർ സ്റ്റൈൽ’ മാസികയിൽ ദുൽഖർ പങ്കു വച്ചിരിക്കുന്നത്. ‘കാണാമറയത്ത്’, ‘അരപട്ട കെട്ടിയ ഗ്രാമത്തിൽ’, ‘തനിയാവർത്തനം’, ‘ശ്രീധരന്റെ ഒന്നാം തിരുമുറിവ്’, ‘അഴകിയ രാവണൻ’ തുടങ്ങിയ അഞ്ച് ചിത്രങ്ങളാണ് അച്ഛൻ അഭിനയിച്ചതിൽ വെച്ച് ദുൽഖറിന് ഏറ്റവും ഇഷ്ടപ്പെട്ടത്. മികച്ച കഥാപാത്രങ്ങളെയാണ് ഈ 5 സിനിമയിലും മമ്മൂട്ടി കാഴ്ചവെച്ചിട്ടുള്ളത്. മലയാളി മനസ്സുകളിൽ എന്നും ഓർത്തിരിക്കുന്ന കഥാപാത്രങ്ങൾ കൂടിയാണിത്. യുവനടന്റെ പ്രിയപ്പെട്ട അഞ്ച് ചിത്രങ്ങളും മലയാള സിനിമയിലെ തന്നെ എക്കാലത്തെയും സൂപ്പർഹിറ്റുകളാണ്.മമ്മൂട്ടിയും ദുൽഖറും ഇതുവരെ ഒരു ചിത്രത്തിൽ ഒരുമിച്ച് അഭിനയിച്ചിട്ടില്ല.
ഇരുവരും ഒന്നിച്ചുള്ള ഫോട്ടോസ് പോലും വളരെ ചുരുക്കം മാത്രമേ സോഷ്യൽ മീഡിയകളിൽ പങ്കുവെക്കാറുള്ളൂ. അതുടൻതന്നെ ആരാധകർ ഏറ്റെടുത്ത് ആഘോഷമാക്കുകയും ചെയ്യും. എന്നാൽ അച്ഛന്റെയും മകന്റെയും സിനിമകൾ ഒരുമിച്ച് ഒരേ ദിവസം റിലീസിന് എത്തിയിരുന്നു. മമ്മൂട്ടിയുടെ ‘ഭീഷ്മ പർവവും’ ദുൽഖറിന്റെ ‘ഹേ സിനാമിക’ എന്ന തമിഴ് ചിത്രവുമാണ് ഒരേ ദിവസം റിലീസിന് എത്തിയത്. ഇത് ആരാധകരിൽ വലിയ ആവേശം ആണ് ഉണ്ടാക്കിയത്. എന്നിരുന്നാലും അച്ഛനെയും മകന്റെയും ഒരേ ചിത്രത്തിൽ ഒന്നിച്ചുള്ള വരവിനായി കാത്തിരിക്കുകയാണ് മലയാളി പ്രേക്ഷകർ. ആ വരവ് മലയാള സിനിമ കണ്ടതിൽ വെച്ചുള്ള ഏറ്റവും വലിയ ആഘോഷമായിരിക്കും എന്നതിൽ ഒരു സംശയവുമില്ല.