‘പാട്ട്, ഡാൻസ് എന്നിവവെച്ച് മമ്മൂട്ടിയുടെ അഭിനയത്തെ അളക്കരുത്’ ; മമ്മൂട്ടിയെ കൂടുതൽ ഇഷ്ടപ്പെടാനുള്ള കാരണം വ്യക്തമാക്കി ബിഷപ്പ് ഡോ. ഗീവർഗീസ് മാർ കൂറിലോസ്
മമ്മൂട്ടി എന്ന മഹാനടൻ സിനിമയിലെത്തിയിട്ട് 51 വർഷങ്ങൾ തികഞ്ഞിരിക്കുകയാണ്. 1971 ഓഗസ്റ്റ് ആറിന് റിലീസ് ചെയ്ത ‘അനുഭവങ്ങൾ പാളിച്ചകൾ’ എന്ന സിനിമയിലൂടെ ജൂനിയർ ആർട്ടിസ്റ്റായാണ് മമ്മൂട്ടി സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത്. എന്നാൽ മമ്മൂട്ടിയുടെ പേര് ആദ്യമായി സ്ക്രീനിൽ തെളിഞ്ഞത് 1980 – ലെ ‘വിൽക്കാനുണ്ട് സ്വപ്നങ്ങൾ’ എന്ന സിനിമയിലൂടെയാണ്. അനുഭവങ്ങൾ പാളിച്ചകൾ തന്നെയാണ് ഇദ്ദേഹത്തിന്റെ ആദ്യ സിനിമയായി കണക്കാക്കുന്നത്. 51 വർഷങ്ങൾ പിന്നിടുമ്പോഴും അന്നത്തെ ജൂനിയർ ആർട്ടിസ്റ്റിന്റെ അതേ യുവത്വം ഇന്നും അദ്ദേഹത്തിനുണ്ട്. ഇപ്പോഴിതാ ബഹുമാനപ്പെട്ട ബിഷപ്പ് ഡോ. ഗീവർഗീസ് മാർ കൂറിലോസ് ഒരു അഭിമുഖത്തിൽ മമ്മൂട്ടിയെ കുറിച്ച് പറഞ്ഞ വാക്കുകളാണ് മീഡിയകളിൽ നിറഞ്ഞു നിൽക്കുന്നത്.
‘എന്തുകൊണ്ടാണ് മമ്മൂട്ടിയെ കൂടുതൽ ഇഷ്ടപ്പെടുന്നത്’ എന്ന് അവതാരികയുടെ ചോദ്യത്തിന് മറുപടി നൽകുകയാണ് ഇദ്ദേഹം. മമ്മൂട്ടിയോട് ഇദ്ദേഹത്തിനുള്ളത് ഒരു ആരാധനയല്ല. മറിച്ച് ഒരു സിനിമാ നടൻ എന്ന നിലയിലുള്ള ഒരു പ്രത്യേക താല്പര്യമാണ്. കോളേജ് കാലഘട്ടങ്ങളിൽ ഇദ്ദേഹം മമ്മൂട്ടി, മോഹൻലാൽ, ശങ്കർ, ജയൻ എന്നിവരുടെ ജനറേഷനിലുള്ള സിനിമകൾ ആയിരുന്നു കണ്ടിരുന്നത്. ഇവരെ വെച്ച് കമ്പയർ ചെയ്യുമ്പോൾ മമ്മൂട്ടിയുടെ രീതികൾ ഇദ്ദേഹത്തിന് വളരെ ഇഷ്ടമായിരുന്നു. നടൻ എന്നത് ഒരു കലയാണ്. ആ കലയെ ഗൗരവമായിട്ട് എടുത്ത് അതിന്റെ സാധ്യതകളെയൊക്കെ അന്വേഷിക്കുകയും അത് കഥാപാത്രത്തിലൂടെ പ്രതിഫലിപ്പിക്കുകയും ചെയ്യുന്ന ഒരു പ്രതിഭയാണ് മമ്മൂട്ടി എന്നാണ് ഇദ്ദേഹം പറയുന്നത്. ഇതുതന്നെയാണ് മമ്മൂട്ടി എന്ന നടനെ ഇദ്ദേഹം കൂടുതൽ ഇഷ്ടപ്പെടുന്നതിന് കാരണവും.
നാടകമാണ് അഭിനയത്തിന്റെ പാഠശാലയെന്നും മമ്മൂട്ടി നാടകത്തെ കൂടുതൽ ഇഷ്ടപ്പെടുന്ന വ്യക്തി ആയതുകൊണ്ട് മമ്മൂട്ടിക്ക് ആ അഭിനയ സാധ്യതയുണ്ട് എന്നും ഇദ്ദേഹം വ്യക്തമാക്കുന്നു. ഡാൻസ്, പാട്ട് എന്നിവയെ വെച്ച് അഭിനയത്തെ അളക്കരുത്. അഭിനയം എന്നത് അഭിനയം മാത്രമാണെന്നും അതുകൂടാതെയുള്ള കഴിവുകൾ അഡീഷണൽ ബോണസ് മാത്രമായിരിക്കും എന്നും ഇദ്ദേഹം കൂട്ടിച്ചേർക്കുന്നു. ഈ അഭിനയത്തിലുള്ള മമ്മൂട്ടിയുടെ ശൈലിയാണ് ഇദ്ദേഹത്തെ മറ്റുള്ളവരിൽ നിന്നും വ്യത്യസ്തനാക്കുന്നത്. ‘അംബേദ്കർ’ എന്ന സിനിമയുടെ ഡബ്ബിങ് സമയത്ത് ഓക്സ്ഫോർഡ് ഇംഗ്ലീഷ് വരെ ട്രെയിൻ ചെയ്തിട്ടാണ് മമ്മൂട്ടി ഡബ്ബ് ചെയ്തത്. അതുപോലെതന്നെ ‘ഉദ്യാനപാലകൻ’ എന്ന സിനിമയിൽ കഥാപാത്രത്തിന്റെ നടപ്പു ശൈലി തുടക്കം മുതൽ ഒടുക്കം വരെ ഒരേ രീതിയിൽ ചെയ്യാൻ മമ്മൂട്ടിക്ക് കഴിഞ്ഞു. ഒരു കഥാപാത്രത്തിന്റെ മൈന്യൂട്ടായ കാര്യങ്ങളെ പോലും വീക്ഷിച്ച് ഇത്ര ഡെഡിക്കേറ്റഡ് ആയി ചെയ്യാൻ മമ്മൂട്ടിയെ കൊണ്ടേ സാധിക്കൂ എന്നും ബിഷപ്പ് പറയുന്നു.