സിനിമയിലും സീരിയലിലും ഒരിക്കലും മറക്കാൻ സാധിക്കാത്ത വേഷങ്ങൾ കൈകാര്യം ചെയ്ത ഈ നടനെ ഓർമ്മയുണ്ടോ.?
മലയാളസിനിമയിൽ ചെറിയ ചില വേഷങ്ങളിലൂടെ ആണെങ്കിലും ശ്രദ്ധിക്കപ്പെട്ട നിരവധി കലാകാരന്മാർ ഉണ്ട്. ഒരിക്കലും പ്രേക്ഷകരുടെ മനസ്സിൽ നിന്നും മാഞ്ഞു പോകാത്ത ചില കലാകാരന്മാർ. അത്തരത്തിൽ ഉള്ള ഒരു കലാകാരനെ കുറിച്ചാണ് പറയാൻ പോകുന്നത്. സിനിമയിലും സീരിയലിലും എല്ലാം സജീവ സാന്നിധ്യമായ ജഗന്നാഥനെ കുറിച്ചാണ് പറയുന്നത്.സിനിമയിലൂടെയും സീരിയലിലൂടെയുമൊക്കെ പ്രേക്ഷകർക്ക് പരിചിതമായ മുഖം ആണ് ജഗന്നാഥന്റെ നിരവധി സ്കൂളുകളിൽ കായികാധ്യാപകനായി അദ്ദേഹം ജോലി ചെയ്തിരുന്നു. അരവിന്ദൻ, നെടുമുടി വേണു തുടങ്ങിയവരുമായുള്ള സൗഹൃദം വഴിയാണ് ഇദ്ദേഹം സിനിമയിലേക്ക് എത്തുന്നത്. കാവാലം നാരായണ പണിക്കർ സംവിധാനം ചെയ്ത അവനവൻ കടമ്പ എന്ന സൂപ്പർഹിറ്റ് നാടകത്തിലെ ആട്ടപണ്ടാരം എന്ന കഥാപാത്രമായിരുന്നു ജഗന്നാഥന്റെ അഭിനയ ജീവിതത്തിൽ വലിയൊരു വഴിത്തിരിവ് ആദ്യം തന്നെ സൃഷ്ടിച്ചിരുന്നത്. പിന്നീട് കരടി, വിവാഹാലോചന, പരിവർത്തനം, എന്നീ നാടകങ്ങളൊക്കെ സ്വന്തമായി തന്നെ അദ്ദേഹം സംവിധാനം ചെയ്തു. ജഗന്നാഥൻ ആദ്യമായി അഭിനയിച്ച സിനിമ ചില കാരണങ്ങൾകൊണ്ട് റിലീസ് ആവുകയും ചെയ്തിരുന്നില്ല.
രാജീവ് നാഥ് സംവിധാനം ചെയ്ത ഗ്രാമത്തിൽ എന്ന സിനിമയായിരുന്നു അത്. പിന്നീട് സുഹൃത്തായ നെടുമുടിവേണു എഴുതി പ്രധാനവേഷത്തിലെത്തിയ തീർത്ഥം എന്ന ചിത്രത്തിലും താരത്തിന്റെ സാന്നിധ്യം കാണാൻ സാധിക്കും. അതായിരുന്നു നടന്റെ റിലീസായ ആദ്യ സിനിമ. നെടുമുടി വേണു കഥയെഴുതി സംവിധാനം ചെയ്ത ശ്രുതി എന്ന ചിത്രത്തിലും ചെറിയൊരു കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. ചെറുതാണെങ്കിലും അത് വളരെയധികം ശ്രദ്ധിക്കപ്പെടുന്ന ഒരു കഥാപാത്രം തന്നെയായിരുന്നു. സിനിമയിൽ മാത്രമായിരുന്നില്ല അക്കാലത്ത് ദൂരദർശനിൽ ഇറങ്ങിയ നിരവധി സീരിയലുകളിലും താരത്തിന്റെ സാന്നിധ്യം കാണാൻ സാധിക്കുമായിരുന്നു.
കൈരളി വിലാസം ലോഡ്ജ്, ചന്ദ്രലേഖ, മണ്ടൻ കുഞ്ചു തുടങ്ങിയ സീരിയലുകളിൽ ഒക്കെ തന്നെ നടനെ കാണാൻ സാധിച്ചിട്ടുണ്ട്. തുടർന്ന് സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത മഴവിൽക്കാവടി എന്ന ചിത്രത്തിലും പ്രേക്ഷകർ ശ്രെദ്ധിക്കുന്ന ഒരു കഥാപാത്രത്തെ തന്നെയാണ് അദ്ദേഹം അവതരിപ്പിച്ചത്. ചിത്രത്തിലെ ഉബൈദ് എന്ന കഥാപാത്രവും ദേവാസുരം എന്ന സിനിമയിലെ പഞ്ചവാദ്യ വിദ്വാൻ പൊതുവാൾ എന്ന കഥാപാത്രവും ഒക്കെ പ്രേക്ഷകരുടെ മനസ്സിൽ നിന്നും മാഞ്ഞു പോകാത്ത കഥാപാത്രങ്ങളിൽ ചിലത് തന്നെയാണ്. മോഹൻലാൽ ആദ്യമായി അഭിനയിച്ച തിരനോട്ടം എന്ന സിനിമയുടെ നൃത്തസംവിധായകൻ ജഗന്നാഥൻ ആയിരുന്നു. 2012ലാണ് ഈ ഒരു അതുല്യ പ്രതിഭ ഈ ലോകത്തോട് വിട പറയുന്നത്.