കെജിഎഫിന്റെ റെക്കോര്‍ഡ് തിരുത്തിക്കുറിക്കുമോ മോഹന്‍ലാലിന്റെ ബറോസ് ; പോര്‍ച്ചുഗീസ്, ചൈനീസ് ഉള്‍പ്പെടെ 20 ഭാഷകളില്‍ ചിത്രമെത്തും
1 min read

കെജിഎഫിന്റെ റെക്കോര്‍ഡ് തിരുത്തിക്കുറിക്കുമോ മോഹന്‍ലാലിന്റെ ബറോസ് ; പോര്‍ച്ചുഗീസ്, ചൈനീസ് ഉള്‍പ്പെടെ 20 ഭാഷകളില്‍ ചിത്രമെത്തും

പ്രഖ്യാപന സമയം മുതല്‍ ശ്രദ്ധനേടിയ ചിത്രമാണ് ‘ബറോസ്’. മലയാളികളുടെ സ്വന്തം താരരാജാവായ മോഹന്‍ലാല്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമെന്നതാണ് ബറോസ് എന്ന ചിത്രം വൈറലാവാന്‍ കാരണം. ചിത്രവുമായി ബന്ധപ്പെട്ട് വരുന്ന വാര്‍ത്തകള്‍എല്ലാം തന്നെ സോഷ്യല്‍ മീഡിയകളില്‍ ഇടം പിടിക്കാറുണ്ട്. 2019 ഏപ്രിലില്‍ പ്രഖ്യാപിച്ച ചിത്രമാണ് ബറോസ്. ചിത്രത്തിന്റെ ഒഫിഷ്യല്‍ ലോഞ്ച് കഴിഞ്ഞ വര്‍ഷം മാര്‍ച്ച് 24നായിരുന്നു. ചിത്രത്തിന്റെ ഷൂട്ടിംങ് എല്ലാം തീര്‍ത്ത് ജൂലൈ 29നാണ് പാക്കപ്പ് പറഞ്ഞത്. ചിത്രം ഇപ്പോഴതിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ സ്റ്റേജിലാണ്. വമ്പന്‍ ബഡ്ജറ്റില് ഒരു ത്രീഡി ഫാന്റസി ചിത്രമായി ഒരുക്കുന്ന ബറോസ് ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് നിര്‍മ്മിക്കുന്നത്.

ചിത്രം പോര്‍ച്ചുഗീസ്, ചൈനീസ് ഉള്‍പ്പെടെ 15 മുതല്‍ 20 ഭാഷകളിലേക്ക് ഡബ്ബ് ചെയ്ത് സബ് ടൈറ്റിലോടുകൂടി റിലീസ് ചെയ്യുമെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഒരു മലയാള സിനിമയ്ക്കു ലഭിക്കുന്ന ഏറ്റവും വലിയ റിലീസാവും ബറോസ് നേടാന്‍ പോകുന്നത്. ഇപ്പോഴിതാ ചിത്രത്തിന്റെ റിലീസ് അപ്‌ഡേറ്റാണ് പുറത്തുവിട്ടിരിക്കുന്നത്. അടുത്ത വര്‍ഷം മാര്‍ച്ചില്‍, സമ്മര്‍ റിലീസായാണ് ഈ ചിത്രത്തിന്റെ റിലീസ് പ്ലാന്‍ ചെയ്യുന്നതെന്നാണ് മലയാളത്തിലെ പ്രശസ്ത ട്രേഡ് അനലിസ്റ്റായ എ ബി ജോര്‍ജ് ട്വീറ്റ് ചെയ്തിരിക്കുന്നത്. ഈ വര്‍ഷം തന്നെ സെന്‍സറിങ് പൂര്‍ത്തിയാക്കുന്ന ബറോസിന്റെ ട്രൈലെര്‍ ഡിസംബറില്‍ ഉണ്ടാകുമെന്നാണ് സൂചന.

അടുത്ത വര്‍ഷം മാര്‍ച്ച് ഏപ്രില്‍ മാസത്തില്‍ റംസാന്‍ നോയമ്പ് തുടങ്ങുന്ന സമയമായിരിക്കും. സാധാരണ ഈ സമയത്ത് തിയേറ്ററുകളില്‍ ആളുകള്‍ കുറവായിരിക്കും. അത്‌കൊണ്ട് തന്നെ വലിയ സിനിമകള്‍ റിലീസ് ചെയ്യാറില്ല. എന്നാല്‍ ഈ കഴിഞ്ഞ നോയമ്പ് സമയത്ത് കെ ജി എഫ് 2 ആ വെല്ലുവിളി ഏറ്റെടുത്തു മുന്നോട്ടു വരികയും തീയേറ്ററുകളില്‍ ആളെ കൂട്ടുകയും ചെയ്തു. എന്തായാലും ഈ വഴിയേ മോഹന്‍ലാലിന്റെ ബറോസും റംസാന്‍ കാലത്തെ വെല്ലുവിളി ഏറ്റെടുത്ത് കൊണ്ടെത്തുമെന്നുള്ള പ്രതീക്ഷയിലാണ് ആരാധകര്‍. ബറോസ് അവതരിപ്പിക്കുന്നത് ഇന്റര്‍നാഷണല്‍ പ്ലാറ്റ്‌ഫോമില്‍ ആയിരിക്കുമെന്ന് ബിഗ് ബോസ് സീസണ്‍ നാല് വേദിയില്‍ മോഹന്‍ലാല്‍ പറഞ്ഞിരുന്നു.

ആശിര്‍വാദ് സിനിമാസാണ് ‘ബറോസ്’ നിര്‍മ്മിക്കുന്നത്. ഇന്ത്യയിലെ ആദ്യ ത്രീഡി ചിത്രമായിരുന്ന ‘മൈ ഡിയര്‍ കുട്ടിച്ചാത്തന്‍’ സംവിധാനം ചെയ്ത ജിജോയുടെ കഥയെ ആസ്പദമാക്കിയാണ് മോഹന്‍ലാല്‍ സിനിമയൊരുക്കുന്നത്. സ്പാനിഷ് താരങ്ങളായ പാസ് വേഗ, റാഫേല്‍ അമാര്‍ഗോ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ജിജോ നവോദയ തിരക്കഥ രചിച്ച ഈ ചിത്രത്തില്‍ നാനൂറു വര്‍ഷം പ്രായമുള്ള ഒരു ഭൂതമായാണ് മോഹന്‍ലാല്‍ അഭിനയിക്കുന്നത്.