കാൻ റെഡ് കാർപ്പറ്റിൽ വസ്ത്രത്തിലൂടെ സാന്നിധ്യമറിയിച്ച് പൂർണ്ണിമ ഇന്ദ്രജിത്ത്; ദിവ്യ പ്രഭ ധരിച്ചത് പ്രാണയിലെ 45 വർഷം പഴക്കമുളള ബനാറസ് !
1 min read

കാൻ റെഡ് കാർപ്പറ്റിൽ വസ്ത്രത്തിലൂടെ സാന്നിധ്യമറിയിച്ച് പൂർണ്ണിമ ഇന്ദ്രജിത്ത്; ദിവ്യ പ്രഭ ധരിച്ചത് പ്രാണയിലെ 45 വർഷം പഴക്കമുളള ബനാറസ് !

ത്തവണത്തെ കാൻ ചലച്ചിത്രമേള മലയാളികളുടേത് കൂടിയാണ്. 30 വർഷത്തിന് ശേഷം ഒരു ഇന്ത്യൻ ചിത്രം കാനിലെ മത്സരവിഭാഗത്തിലെത്തുന്നു, അതിൽ അഭിനേതാക്കളായി രണ്ട് മലയാളി നടികളും. ഇരുവരും ലോകസിനിമയുടെ ഈ ആഘോഷമേളയിൽ മലയാളികളുടെ അഭിമാനമായി മാറി. ‘ഓൾ വി ഇമാജിൻ ആസ് ലൈറ്റ്’ എന്ന ചിത്രത്തിൽ പ്രധാനപ്പെട്ട രണ്ട് കഥാപാത്രങ്ങളെയാണ് ദിവ്യ പ്രഭയും കനി കുസൃതിയും അവതരിപ്പിച്ചത്.

സംവിധായിക പായൽ കപാഡിയയ്ക്കും മറ്റ് അഭിനേതാക്കൾക്കുമൊപ്പമാണ് ഇവർ റെഡ് കാർപ്പെറ്റിൽ എത്തിയത്. മലയാളി നടിമാരുടെ റെഡ് കാർപ്പെറ്റിലെ നൃത്തച്ചുവടുകൾ സമൂഹമാധ്യമങ്ങളിലുൾപ്പെടെ തരം​ഗമായിട്ടുണ്ടായിരുന്നു. കൂടാതെ കനിയും ദിവ്യയും തങ്ങളുടെ ഫാഷൻ ഔട്ട്ഫിറ്റുകളുടെ പേരിൽ കൂടിയും ശ്രദ്ധനേടിയിരുന്നു. കനിയുടെ ബാഗിനും ദിവ്യപ്രഭയുടെ വസ്ത്രത്തിനു മാണ് ഏറെ പ്രശംസ ലഭിച്ചത്.

എന്നാൽ അതിന് പിന്നിലും ഒരു മലയാളിയുടെ ബുദ്ധി തന്നെയാണ് പ്രവർത്തിച്ചത്. മറ്റാരുടേയുമല്ല, നടിയും ഫാഷൻ ഡിസൈനറുമായ പൂർണിമ ഇന്ദ്രജിത്തിന്റെതായിരുന്നു ആ പ്രത്യേകത നിറഞ്ഞ ഡിസൈൻ. പൂർണ്ണിമയുടെ സംരംഭമായ പ്രാണയാണ് ദിവ്യയുടെ വസ്ത്രം ഇത്രയും മനോഹരമായി തയാറാക്കിയത്. ഒരു സാധാരണ ഡിസൈനല്ല ഇത്. ഈ വസ്ത്രത്തിന് വേണ്ടി ഉപയോ​ഗിച്ച തുണിയിലാണ് മുഴുവൻ കാര്യവുമിരിക്കുന്നത്.

മഷ്രു സിൽക്കിന്റെ ഷർട്ടും സ്കേർട്ടും വിൻ്റേജ് കോർ സെറ്റുമാണ് ദിവ്യപ്രഭ ധരിച്ചത്. റെഡ് കാർപെറ്റിന് ചേരുന്ന രീതിയിൽ കൂടുതൽ വോള്യമുള്ള സ്കേർട്ട് ആണിത്. മൂന്ന് പീസുകളുള്ള കോർസെറ്റ് ആയാണ് വസ്ത്രം തയാറാക്കിയിരിക്കുന്നത്. വസ്ത്രത്തിന് തവിട്ട് നിറം തിരഞ്ഞെടുത്തതിനും പ്രത്യേക കാരണമുണ്ട്. വസ്ത്രത്തിന്റെ സ്റ്റേറ്റ്മെന്റ് പീസായ കോർസെറ്റുമായി ചേർന്നു പോകുന്ന നിറമാണ് ഇത്. 45 വർഷം പഴക്കമുള്ള ഒറിജിനൽ ബനാറസ് സാരി അപ്സൈക്കിൾ ചെയ്താണ് കോർസെറ്റ് തയാറാക്കിയത്. ഫാഷൻ സസ്‌റ്റൈനബിലിറ്റി എന്ന ആശയം കൂടി ഈ വസ്ത്രം മുന്നോട്ട് വയ്ക്കുന്നു.

പലപ്പോഴും നമ്മുടെ പരമ്പരാഗത കൈത്തറി തുണിത്തരങ്ങളും കസവ് സാരികളുമെല്ലാം അലമാരികളിൽ ഒതുങ്ങി കൂടുകയോ നാശമായി പോവുകയോ ചെയ്യുകയാണ് പതിവ്. എന്നാൽ, അവ ഇന്നും ജീവിതത്തിലെ ഏതൊരു സാഹചര്യത്തിനും ഏതൊരു ഇവന്റിനും ചേർന്നു പോകുന്ന തരത്തിൽ നമ്മുടേതായ രീതിയിൽ അപ്സൈക്കിൾ ചെയ്ത് അവതരിപ്പിക്കാൻ സാധിക്കും. ഇതിനായി പ്രാണ അപ്സൈക്കിൾഡ് എന്നൊരു വിഭാഗം തന്നെ രണ്ടു വർഷങ്ങൾക്കു മുൻപ് ആരംഭിച്ചിട്ടുണ്ട്.

ഏറ്റവും വിലമതിപ്പുള്ള പരമ്പരാഗത സാരികൾ അപ്സൈക്കിൾ ചെയ്ത് അവ സാരികളായി തന്നെ പരിപാലിക്കുകയാണ് പ്രാണ അപ്സൈക്കിൾ എന്ന വിഭാഗത്തിൽ ചെയ്യുന്നത്. എന്നാൽ തങ്ങളുടെ അമ്മമാരുടെയും അമ്മൂമ്മമാരുടെയുമൊക്കെ ജീവിതത്തിലെ വിശേഷദിവസങ്ങളിൽ അവർ ധരിച്ചിരുന്ന സാരികൾ എത്തിച്ച് അത് സ്വന്തം കല്യാണ ദിവസത്തിൽ കോർസെറ്റായോ അല്ലെങ്കിൽ ഔട്ട്ഫിറ്റിലെ ഒരു പ്രധാന ഭാഗമായോ മാറ്റിയെടുക്കാൻ താൽപര്യപ്പെടുന്ന ധാരാളം ആളുകൾ ഇപ്പോഴുണ്ട്, അവർക്കുള്ളൊരു സമർപ്പണം കൂടിയാണിത്, പൂർണ്ണിമ വ്യക്തമാക്കിയിരിക്കുകയാണ്.