ഹണി റോസും അടിപൊളി, ലാലേട്ടന്റെ മോണ്‍സ്റ്റര്‍ നല്ല എന്റര്ടെയ്നര് എന്ന് ഒമര്‍ ലുലു
തിയേറ്ററുകളില്‍ തരംഗം സൃഷ്ടിച്ച് മോഹന്‍ലാല്‍-വൈശാഖ് ചിത്രം മോണ്‍സ്റ്റര്‍ മുന്നേറുകയാണ്. കഴിഞ്ഞ ദിവസം റിലീസിനെത്തിയ ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. മലയാളത്തിലെ ആദ്യ നൂറുകോടി ക്ലബ് ചിത്രമായ പുലിമുരുകന് ശേഷം വൈശാഖ്, മോഹന്‍ലാല്‍, ഉദയകൃഷ്ണ ഒന്നിക്കുന്ന ചിത്രം ഏറെ പ്രതീക്ഷയോടെയാണ് ആരാധകര്‍ ഉറ്റുനോക്കിയത്. ആരാധകരുടെ പ്രതീക്ഷയെ തകര്‍ക്കാതെയുള്ള മേക്കിംങ്ങും കഥയുമാണെന്നാണ് സിനിമ കണ്ടിറങ്ങിയവര്‍ അഭിപ്രായപ്പെട്ടത്. വൈശാഖ് സംവിധാനം ചെയ്യുന്ന മോണ്‍സ്റ്റര്‍ കേരളത്തില്‍ മാത്രം 216 സ്ക്രീനുകളിലാണ് റിലീസ് ചെയ്യപ്പെടുന്നത്.
ഇപ്പോഴിതാ മോണ്‍സ്റ്ററിന് പ്രശംസയുമായി സംവിധായകന് ഒമര്‍ ലുലു രംഗത്തെത്തിയിരിക്കുകയാണ്. ചിത്രം നല്ല എന്റര്ടെയ്നര് ആണെന്ന് ചിത്രത്തിന്റെ മോഹന്‍ലാല്‍ കഥാപാത്രത്തിന്റെ സ്റ്റില്‍ പങ്കുവച്ചുകൊണ്ട് ഒമര്‍ ലുലു സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. ‘ഇപ്പോ അടുത്ത് ഫേസ്ബുക്കില്‍ ഫാന്‍സ് തള്ളി മറിക്കുന്നത് കണ്ടിട്ട് ഞാന്‍ തിയറ്ററില്‍ പോയി കണ്ട് ലാഗ് അടിച്ച് ചത്ത ഒരു സിനിമയേക്കാള്‍ എത്രയോ നല്ല എന്റര്ടെയ്നര് ആണ് ലാലേട്ടന്റെ മോണ്‍സ്റ്റര്‍. ഹണി റോസും അടിപൊളി ആയിട്ടുണ്ട്’, എന്നായിരുന്നു ഒമര്‍ ഫെയ്സ്ബുക്കില്‍ കുറിച്ചത്.
കേരളത്തിലുടനീളം നൂറോളം ഫാന്‍സ് ഷോകളോടെ ആരംഭിച്ച ഈ ചിത്രത്തിന് വമ്പന്‍ സ്വീകരണമായിരുന്നു ആദ്യ ദിനം തന്നെ മോഹന്‍ലാല്‍ ആരാധകരും സിനിമാ പ്രേമികളും ചേര്‍ന്ന് നല്‍കിയത്. ആദ്യ പകുതി മുന്നോട്ട് നീങ്ങുന്നത് ഒരു ഫാമിലി എന്റെര്‍റ്റൈനെര്‍ എന്ന രീതിയിലാണ്. മോഹന്‍ലാല്‍ അവതരിപ്പിക്കുന്ന ലക്കി സിങ് എന്ന കഥാപാത്രം കേരളത്തിലെത്തുന്നിടത്തു നിന്നാണ് ചിത്രം ട്രാക്കിലാവുന്നത്. ആദ്യ പകുതിയിലെ ചെറിയ ചെറിയ തമാശകളും കൊച്ചു കുട്ടിയോടൊപ്പമുള്ള മോഹന്‍ലാലിന്റെ ഗാനവും തീയേറ്ററില്‍ കയ്യടികള്‍ സൃഷ്ടിച്ചിരുന്നുവെന്നും പ്രേക്ഷകര്‍ പറയുന്നു.
ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ഈ ബിഗ് ബജറ്റ് ചിത്രം നിര്‍മിക്കുന്നത്. മോഹന്‍ലാലിന്റെ ഏറ്റവും വ്യത്യസ്ത വേഷങ്ങളിലൊന്നാണ് മോണ്‍സ്റ്ററിലെ ലക്കി സിങ് എന്ന കഥാപാത്രം. സതീഷ് കുറുപ്പാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം. ആക്ഷന്‍ കൂടുതല്‍ പ്രധാന്യമുള്ള ചിത്രത്തില്‍ സ്റ്റണ്ട് സില്‍വയാണ് സംഘട്ടനം ഒരുക്കുന്നത്. ഒരു ചെകുത്താനെ നശിപ്പിക്കാന്‍ മറ്റൊരു ചെകുത്താന് തന്നെ വേണമെന്നാണ് മോണ്‍സ്റ്ററിന്റെ ട്രെയിലറില്‍ പറഞ്ഞത്. പഞ്ചാബി പശ്ചാത്തലത്തില്‍ വൈശാഖ് ഒരുക്കുന്ന രണ്ടാമത്തെ ചിത്രമാണ് മോണ്‍സ്റ്റര്‍. നേരത്തെ ഉണ്ണി മുകുന്ദന് കുഞ്ചാക്കോ ബോബന് എന്നിവരെ കേന്ദ്രകഥാപാത്രമാക്കി മല്ലു സിങ് എന്ന സിനിമ വൈശാഖ് സംവിധാനം ചെയ്തിരുന്നു.