”തമ്പുരാൻ സിനിമകളെടുത്ത് മോഹൻലാലിനെ മാക്സിമം ബൂസ്റ്റ് ചെയ്തു, ഐഡിയോളജിയോ ഫാസിസ്റ്റ് ചിന്താഗതിയോ ഒന്നും നോക്കിയില്ല”; കമൽ
മലയാള സിനിമയിലെ എണ്ണം പറഞ്ഞ സംവിധായകരിലൊരാളാണ് കമൽ. ഗൃഹാതുരത്വം തുളുമ്പുന്നതും പ്രേക്ഷകരുടെ മനസിൽ ആഴത്തിൽ പതിയുന്നതുമായ ഒരുപാട് സിനിമകൾ അദ്ദേഹം സംവിധാനം ചെയ്തിട്ടുണ്ട്. 1986-ൽ പുറത്തിറങ്ങിയ ‘മിഴിനീർപൂക്കൾ’ എന്ന ചിത്രമാണ് കമൽ സംവിധാനം ചെയ്ത ആദ്യ മലയാള സിനിമ. മികച്ച തിരക്കഥാകൃത്തുകൂടിയാണ് ഇദ്ദേഹം. കമലിന് രണ്ടു തവണയാണ് ദേശീയ ചലച്ചിത്ര പുരസ്കാരം ലഭിച്ചിട്ടുള്ളത്.
കാക്കോത്തി കാവിലെ അപ്പൂപ്പൻ താടികൾ, ഉണ്ണികളേ ഒരു കഥ പറയാം, ഉള്ളടക്കം, മഴയെത്തും മുൻപെ, നിറം, മേഘമൽഹാർ, മധുരനൊമ്പരക്കാറ്റ്, നമ്മൾ, പെരുമഴക്കാലം, കറുത്ത പക്ഷികൾ, സെല്ലുലോയ്ഡ് ഇതെല്ലാം കമലിന്റെ മികച്ച സിനിമകളാണ്. ഈ ചിത്രങ്ങൾ എല്ലാം സംവിധാനം ചെയ്തതിന് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങളും സംസ്ഥാന സർക്കാരിന്റെ പുരസ്കാരങ്ങളും കമലിന് ലഭിച്ചിട്ടുണ്ട്.
ഇപ്പോൾ സംവിധായകനും തന്റെ സുഹൃത്തും കൂടിയായ രഞ്ജിത്ത് സംവിധാനം ചെയ്ത സിനിമകളോടുള്ള വിമർശനങ്ങൾ തുറന്നു പറയുകയാണ് കമൽ. രഞ്ജിത്ത് അന്നത്തെ കാലത്ത് തമ്പുരാൻ സിനിമകൾ എടുക്കുമ്പോൾ താൻ കുറ്റം പറയാറുണ്ട് എന്നാണ് കമൽ പറയുന്നത്. മോഹൻലാൽ എന്ന താരത്തെ മാക്സിമം ബൂസ്റ്റ് ചെയ്യുക എന്നതിനപ്പുറത്തേക്ക് അന്ന് മറ്റൊന്നും അവർ നോക്കിയിരുന്നില്ല എന്നും കമൽ പറയുന്നു.
“രഞ്ജിത്ത് എന്റെ ഏറ്റവും അടുത്ത സുഹൃത്ത് ആണ്. അന്ന് രഞ്ജി ഈ തമ്പുരാൻ സിനിമകളൊക്കെ എടുക്കുമ്പോൾ ഞാൻ കുറ്റം പറയുമായിരുന്നു. നീ എന്താണ് ഈ കാണിക്കുന്നത് എന്ന് ഞാൻ ചോദിക്കും. ഞാൻ അതിനെ കുറിച്ച് ആലോചിച്ചിട്ട് തന്നെയാണ് പറഞ്ഞത്. ഇതിൻ്റെ ഒരു രാഷ്ട്രീയത്തെ കുറിച്ചെല്ലാം എനിക്ക് വ്യക്തമായ ബോധ്യമുണ്ടായിരുന്നു.
അതെന്റെ മനസിൽ ഉള്ളത് കൊണ്ട് തന്നെയാണ് പറയുന്നത്. പക്ഷെ അന്നതൊന്നും ഓർത്തിട്ടേയില്ല. രഞ്ജിത്ത് ഇപ്പോൾ ഒരുപാട് വിമർശനങ്ങൾ കേൾക്കുന്നുണ്ടല്ലോ, പക്ഷെ അന്നവൻ ഇതൊന്നും ഉദ്ദേശിച്ചിട്ടേയില്ല. മോഹൻലാൽ എന്ന താരത്തെ മാക്സിമം ബൂസ്റ്റ് ചെയുക എന്നതിനപ്പുറത്ത് അതിന്റെ ഐഡിയോളജിയോ അതിൻ്റെ ഫാസിസ്റ്റ് ചിന്താഗതിയോയൊന്നും അന്നവർ നോക്കിയിട്ടില്ല. അത് ഞങ്ങൾ അന്നും സൂചിപ്പിക്കുമായിരുന്നു.”- കമൽ വ്യക്തമാക്കി. റിപ്പോർട്ടർ ചാനലിനോട് സംസാരിക്കവേയാണ് കമൽ ഇക്കാര്യങ്ങൾ തുറന്ന് പറഞ്ഞത്.