
‘ആദ്യമായി സ്റ്റാര്‍ട്ട്, ആക്ഷന്‍, കട്ട് പറയുന്നത് മോഹന്‍ലാലിന്റെ മുഖത്ത് ക്യാമറവെച്ചാണ് സംവിധാന ജീവിതത്തിന് തുടക്കം കുറിക്കുന്നത്’ ; സംവിധായകന് കമല്‍ പറയുന്നു
മലയാളത്തിലെ എക്കാലത്തേയും ജനപ്രിയ സംവിധായകരില്‍ ഒരാളാണ് കമല്‍. കാലത്തിന് അനുരിച്ച് തന്റെ സിനിമയിലും പല തരത്തിലുള്ള മാറ്റങ്ങള്‍ വരുത്തുന്ന ആളാണ് അദ്ദേഹം. മലയാള സിനിമയിലെ മുന്‍നിര നായകന്മാര്ക്കെല്ലാം ഒപ്പം കമല്‍ സിനിമകള്‍ ഒരുക്കിയിട്ടുണ്ട്. പ്രേക്ഷകരും യൂത്തും ഒരുപോലെ ഇഷ്ടപ്പെടുന്ന ചിത്രങ്ങളാണ് കമല്‍ ഒരുക്കുന്നത്. ഇപ്പോഴിതാ മലയാളികളുടെ താരരാജാവ് മോഹന്‍ലാലിനെക്കുറിച്ച് കമല്‍ പറയുന്ന ചില കാര്യങ്ങളാണ് ശ്രദ്ധ നേടുന്നത്. കൈരളി ചാനലിന് നല്കിയ പഴയ ഒരു അഭിമുഖത്തിലാണ് മോഹന്‍ലാലിനെക്കുറിച്ച് കമല്‍ പറയുന്നത്.
മോഹന്‍ലാലിന്റെ കൂടെ സഹസംവിധായകനായും സംവിധായകനായും വര്‍ക്ക് ചെയ്യാന്‍ എനിക്ക് അവസരം ലഭിച്ചിട്ടുണ്ടെന്നും തന്നെ സംവിധായകനാകാന്‍ ഏറ്റവും കൂടുതല്‍ പിന്തുണ നല്കിയതും മോഹന്‍ലാല്‍ ആണെന്നും കമല്‍ പറയുന്നു. ഒരുപക്ഷേ മോഹന്‍ലാല്‍ എന്ന നടന്റെ വളര്‍ച്ചയുടെ ഘട്ടവും, ആദ്യം വില്ലന്‍ കഥാപാത്രങ്ങളിലൂടെ മലയാളസിനിമയില്‍ തിളങ്ങിയിരുന്ന കാലം, അതിന് ശേഷം നായകനായി വൈവിധ്യമായ കഥാപാത്രങ്ങളിലൂടെ ജനങ്ങളുടെ മനസിലേക്ക് കയറികൂടുന്ന കാലഘട്ടത്തിലെല്ലാം സഹസംവിധായകനായും പിന്നീട് സംവിധായകനായും അദ്ദേഹത്തിന്റെ കൂടെ വര്‍ക്ക് ചെയ്യാനുള്ള അവസരം ഉണ്ടായിട്ടുണ്ടെന്നും കമല്‍ പറയുന്നു.
എന്റെ ഏറ്റവും വലിയ സൗഭാഗ്യങ്ങളില്‍ ഒന്ന് ഞാന്‍ ആദ്യമായി സംവിധാനം ചെയ്ത സിനിമ മോഹന്ലാലിനെവെച്ചായിരുന്നു. ശരിക്കും അങ്ങനെ ഒരു സിനിമ സംഭവിച്ചത് തന്നെ ദയാവായ്പ് കൂടി അതിന് പിന്നിലുണ്ടെന്നുള്ളതാണ്. ശ്രീ സായ് പ്രൊഡക്ഷന്‍സ് എന്ന് പറയുന്ന ബാനര്‍ അന്ന് വളരെ അറിയപ്പെടുന്ന ബാനറാണ്. അവര്‍ പുതുമുഖ സംവിധായകനായ എന്നെവച്ച് ഒരു സിനിമ ജോണ്‍പോളിന്റെ ശുപാര്‍ശയില്‍ ആലോചിച്ചപ്പോള്‍ അവര്‍ ആദ്യം പോയി കണ്ടത് മോഹന്‍ലാലിനെ ആയിരുന്നു. കമല്‍ എന്ന് പറയുന്ന ഒരു ചെറുപ്പക്കാരനാണ് സംവിധായകന് എന്ന് അവര്‍ ലാലിനോട് പറഞ്ഞു. അന്ന് എനിക്ക് ഏറ്റവും കൂടുതല്‍ പ്രോത്സാഹനം തന്നും പിന്തുണ നല്കിയതും മോഹന്‍ലാല്‍ ആയിരുന്നു. ഞാന്‍ ആദ്യമായി സ്റ്റാര്‍ട്ട്, ആക്ഷന്‍, കട്ട് പറയുന്നത് മോഹന്‍ലാലിന്റെ മുഖത്ത് ക്യാമറവെച്ചാണ് സംവിധാന ജീവിത്തിന് തുടക്കം കുറിക്കുന്നത്. അതുകൊണ്ട് തന്നെ അദ്ദേഹവുമായി വൈകാരീകമായി ഒരു ബന്ധവും എനിക്കുണ്ടെന്നും കമല്‍ കൂട്ടിച്ചേര്‍ത്തു.
എന്തുകൊണ്ടോ മിഴിനീര് പൂക്കള്‍ എന്ന സിനിമ വലിയ കാര്യമായ രീതിയില്‍ ശ്രദ്ധിക്കപ്പെട്ടില്ല. നെഗറ്റീവ് ഇമേജായിട്ടുള്ള ഒരു കഥാപാത്രമായിരുന്നു ഈ ചിത്രത്തില്‍ മോഹന്‍ലാല്‍ അവതരിപ്പിച്ചത്. എങ്കിലും ലാല്‍ എന്ന നടന് കമല്‍ എന്ന സംവിധായകനെ എവിടെയോ ഇഷ്ടപ്പെട്ടത്കൊണ്ടാവാം അന്ന് മിഴിനീര് പൂക്കള്‍ ചിത്രത്തിന്റെ ഡബ്ബിംങ് നടന്നുകൊണ്ടിരിക്കുമ്പോള്‍ എനിക്ക് മോഹന്‍ലാല്‍ മറ്റൊരു ഓഫര്‍ തന്നു. ഒരു സിനിമ സംവിധാനം ചെയ്യാന്‍ ആവശ്യപ്പെട്ടു. അത് എന്നെ സംബന്ധിച്ചിടത്തോളം അദ്ദേഹത്തിന്റെ ദയാവായ്പാണോ, സ്നേഹമാണോ എന്തോ ഒരു വൈകാരിക ബന്ധം എന്നോട് കാണിച്ചതാണ്. ഇപ്പോഴും വിസ്മയിക്കുന്നുണ്ട് ആദ്യത്തെ സിനിമപോലും റിലീസ് ആവുന്നതിന് മുന്നേ ഒരു പുതിയ സംവിധായകനെകൊണ്ട് അദ്ദേഹത്തിന്റെ സ്വന്തം നിര്‍മാണകമ്പനിയുടെ സിനിമ അദ്ദേഹം നായകനായി അഭിനയിക്കാമെന്നും ഓഫര്‍ ചെയ്യുക എന്നത് ഒരു കലാകാരനില്‍ ഉപരി വലിയൊരു മനസ് മോഹന്‍ലാലിന് ഉണ്ടെന്നും കമല്‍ വ്യക്തമാക്കുന്നു