”ലവ് ആക്ഷൻ ഡ്രാമ ഇഷ്ടമായില്ല, എഡിറ്റിംങ് സമയത്ത് ഉറങ്ങുകയായിരുന്നു” ; വെളിപ്പെടുത്തലുമായി സംവിധായകൻ കൂടിയായ ധ്യാന്‍ ശ്രീനിവാസന്
മലയാളികള്‍ക്കേറെ പ്രിയപ്പെട്ട താരകുടുംബമാണ് ശ്രീനിവാസന്റേത്. അച്ഛനേയും ചേട്ടന് വിനീത് ശ്രീനിവാസനേയും പോലെ നടനെന്നതിലുപരി സംവിധായകനായും തിളങ്ങിയിട്ടുള്ള താരമാണ് ധ്യാന്‍ ശ്രീനിവാസന്. കോളജ് കാലത്ത് ഷോട്ട് ഫിലിമുകള്‍ ചെയ്താണ് ധ്യാന്‍ ശ്രീനിവാസന്റെ തുടക്കം. ചേട്ടന് വിനീത് ശ്രീനിവാസന് തന്നെയാണ് ധ്യാനിനെ സിനിമയിലേക്ക് കൊണ്ടുവന്നത്. ആദ്യത്തെ ചിത്രം വിനീതിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ തിരയായിരുന്നു. ധ്യാനിന്റെ സംവിധാനത്തിലും തിരക്കഥയിലും ആദ്യം പുറത്തിറങ്ങിയ സിനിമയായിരുന്നു ലവ് ആക്ഷന്‍ ഡ്രാമ.
ഇപ്പോള്‍ ലവ് ആക്ഷന്‍ ഡ്രാമയെ കുറിച്ച് ഒരു അഭിമുഖത്തില്‍ ധ്യാന്‍ പറഞ്ഞ വാക്കുകളാണ് സോഷ്യല്‍ മീഡിയകളില്‍ ശ്രദ്ധ നേടുന്നത്. വിശാഖ് സുബ്രഹ്മണ്യം, അജു വര്‍ഗീസ് എന്നിവര്‍ ചേര്‍ന്ന് നിര്‍മിച്ച ചിത്രത്തില്‍ നിവിന്‍ പോളിയും നയന്‍താരയുമാണ് അഭിനയിച്ചത്. ലവ് ആക്ഷന്‍ ഡ്രാമ എന്ന തന്റെ ചിത്രം തനിക്ക് ഇഷ്ടമായില്ലെന്നും, ചിത്രത്തിന്റെ എഡിറ്റിംഗ് സമയത്ത് താന്‍ ഉറങ്ങി പോയെന്നുമാണ് ധ്യാന്‍ പറയുന്നത്. ബിഹൈന്റ്വുഡ്സ് ഐസിന് നല്കിയ അഭിമുഖത്തിലാണ് ഇക്കാര്യങ്ങള്‍ താരം വെളിപ്പെടുത്തിയിരിക്കുന്നത്.
ഞാന്‍ എന്റെ സിനിമ പൊതുവെ കാണാറില്ല. ലവ് ആക്ഷന്‍ ഡ്രാമ പോലും ഞാന്‍ തിയേറ്ററില്‍ പോയി കണ്ടിട്ടില്ല. തിയേറ്ററില്‍ കാണാന്‍ മാത്രം ആ സിനിമയില്ല. ആ സിനിമ എഡിറ്റ് ചെയ്യുന്ന സമയത്ത് തന്നെ ഞാന്‍ കിടന്ന് ഉറങ്ങുകയായിരുന്നുവെന്നും ഞാന്‍ ഓടില്ല എന്ന് വിചാരിക്കുന്ന പടങ്ങള്‍ സാധാരണ ഓടാറില്ലെന്നും ധ്യാന്‍ പറയുന്നു. എന്റെ കണക്ക് കൂട്ടലുകള്‍ ഇത് വരെ തെറ്റിയിട്ടില്ല. പ്രത്യേകിച്ച് എന്റെ തന്നെ സിനിമകള്‍. എന്നാല്‍ തീരെ ഓടില്ല എന്ന് ഞാന്‍ വിചാരിച്ച പടമായിരുന്നു ലവ് ആക്ഷന്‍ ഡ്രാമ. ഈ സിനിമ തിയേറ്ററില്‍ പൊട്ടി പൊളിഞ്ഞ് പണ്ടാരമടങ്ങി പോകുമല്ലോ എന്ന് വിചാരിച്ചിരുന്നുവെന്നും ധ്യാന്‍ കൂട്ടിച്ചേര്‍ത്തു.
ആ സിനിമ ഞാന്‍ കണ്ടപ്പോള്‍ ഇത് എന്താണ് എടുത്ത് വച്ചിരിക്കുന്നത് എന്നായിരുന്നു എനിക്ക് തോന്നിയത്. ഈ കഥയുടെ ലോജിക്കൊന്നും ചിന്തിക്കാതെ ഈ സിനിമ ഇഷ്ടപ്പെടുന്ന നിരവധിപേരുണ്ട്. എന്നാല്‍ സിനിമ ഇഷ്ടപ്പെടാത്ത കുറെയാളുകള്‍ എന്നെ നല്ല തെറിയും വിളിച്ചിട്ടുണ്ട്. ആ ഇഷ്ടപ്പെടാത്ത ആളുകളില്‍ ഏറ്റവും പ്രധാനപ്പെട്ട വ്യക്തി ഞാന്‍ തന്നെയായിരിക്കും. കാരണം എനിക്ക് ആ സിനിമ അന്നും ഇന്നും ഇഷ്ടമല്ല. അത്കൊണ്ട് തന്നെ ഞാന്‍ ആ സിനിമ കാണാറില്ലെന്നും ധ്യാന്‍ വ്യക്തമാക്കുന്നു.
ധ്യാനിനെ നായകനാക്കി രതീഷ് രഘുനന്ദന് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ഉടല്. ഇന്ദ്രന്‍സ് കേന്ദ്രകഥാപാത്രമാവുന്ന ചിത്രത്തില്‍ ദുര്‍ഗാ കൃഷ്ണ, ജൂഡ് ആന്റണി ജോസഫ് എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ശ്രീ ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലനാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. മെയ് 20നാണ് ചിത്രം തിയേറ്ററുകളില്‍ റിലീസ് ചെയ്യുന്നത്.