ഹിന്ദു മതവികാരം വ്രണപ്പെടുത്തുന്ന സിനിമകള്‍ പരിശോധിക്കാന്‍ ‘ധര്‍മ സെന്‍സര്‍ ബോര്‍ഡ്’
സിനിമകളില്‍ ഹിന്ദുദൈവങ്ങളെയും സംസ്കാരത്തെയും അപമാനിക്കുന്നില്ലെന്ന് ഉറപ്പുവരുത്താല്‍ സെന്‍സര്‍ ബോര്‍ഡ് രൂപീകരിച്ച് ഹിന്ദു സന്ന്യാസിമാര്‍. ഇതിനായി പത്തംഗ ‘ധര്‍മ സെന്‍സര്‍ബോര്‍ഡ്’ രൂപവത്കരിച്ചു. സിനിമയ്ക്കുപുറമേ ഡോക്യുമെന്ററികള്‍, വെബ് സീരീസുകള്‍, മറ്റ് വിനോദോപാധികള്‍ എന്നിവയും ധര്‍മ സെന്‍സര്‍ ബോര്‍ഡ് പരിശോധിക്കും.
ജ്യോതിഷ് പീഠിലെ ശങ്കരാചാര്യ എന്നറിയപ്പെടുന്ന അവിമുക്തേശ്വരാനന്ദ് സരസ്വതി ആണ് ബോര്‍ഡിന്റെ അധ്യക്ഷന്‍. ഹിന്ദു ദൈവങ്ങളെയും സനാതന ധര്‍മത്തെയും സിനിമകളിലൂടെ അപമാനിക്കുന്നില്ലെന്ന് ഉറപ്പു വരുത്തുകയാണ് ഈ സംഘടനകളുടെ ലക്ഷ്യം. കഴിഞ്ഞ ജനുവരി 3ന് ആണ് അവിമുക്തേശ്വരാനന്ദ് സരസ്വതിയുടെ നേതൃത്വത്തില്‍ സെന്‍സര്‍ ബോര്‍ഡിന് രൂപം നല്‍കിയത്.
ഇതിന് പിന്നാലെ സംവിധായകര്‍ക്കുള്ള മാര്‍ഗ നിര്‍ദേശങ്ങളും പുറപ്പെടുവിച്ചു. മാര്‍ഗ നിര്‍ദേശങ്ങള്‍ പാലിച്ചില്ലെങ്കില്‍ നിയമ നടപടിയിലേക്ക് കടക്കുമെന്നാണ് അവിമുക്തേശ്വരാനന്ദ് അറിയിച്ചിരിക്കുന്നത്. ഇതിനായി ഒരു ലീഗല്‍ സെല്ലും രൂപീകരിച്ചിട്ടുണ്ട്. അതേസമയം, നിലവിലുള്ള സര്‍ക്കാരിന്റെ സെന്‍സര്‍ ബോര്‍ഡ് പുറത്തിറങ്ങുന്ന സിനിമകള്‍ വേണ്ട വിധം വിലയിരുത്തുന്നില്ലെന്നാണ് സന്യാസിമാരുടെ പരാതി.
സെന്‍സര്‍ ബോര്‍ഡ് പ്രദര്‍ശനം അനുവദിക്കുന്ന ചിത്രങ്ങളിലും മതവികാരം വ്രണപ്പെടുത്തുന്ന ഉള്ളടക്കങ്ങള്‍ ഉണ്ടെന്നും സെന്‍സര്‍ ബോര്‍ഡില്‍ ഒരു മതപണ്ഡിതനെ നിയമിക്കണമെന്ന ആവശ്യം സര്‍ക്കാര്‍ പരിഗണിക്കാത്തതിനാലാണ് സ്വന്തം സെന്‍സര്‍ ബോര്‍ഡ് രൂപീകരിച്ചതെന്നും സെന്‍സര്‍ ബോര്‍ഡ് ചെയര്മാന് അവിമുക്തേശ്വരാനന്ദ് പറഞ്ഞു.
മുതിര്‍ന്ന മാധ്യമപ്രവര്ത്തകന് സുരേഷ് മഞ്ചന്ദ, സുപ്രീംകോടതി അഭിഭാഷകന് പി.എം. മിശ്ര, സ്വാമി ചക്രപാണി മഹാരാജ്, നടി മാനസി പാണ്ഡെ, യു.പി. ഫിലിം ഡെവലപ്മെന്റ് ബോര്‍ഡ് വൈസ് പ്രസിഡന്റ് തരുണ്‍ രതി, ക്യാപ്റ്റന്‍ അരവിന്ദ് സിങ് ബദൗരിയ, സനാതനധര്‍മ വിദഗ്ധരായ പ്രീതി ശുക്ല, ഗാര്‍ഗി പണ്ഡിറ്റ്, ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ മുന്‍ ഡയറക്ടര്‍ ധരംവീര്‍ എന്നിവരാണ് സെന്‍സര്‍ ബോര്‍ഡിലെ മറ്റ് അംഗങ്ങള്‍.