മമ്മൂട്ടിക്കെതിരെ രൂക്ഷമായ സംഘ്പരിവാർ വിദ്വേഷപ്രചരണം; പിന്തുണ നൽകി മന്ത്രിമാരും എംപിമാരും
1 min read

മമ്മൂട്ടിക്കെതിരെ രൂക്ഷമായ സംഘ്പരിവാർ വിദ്വേഷപ്രചരണം; പിന്തുണ നൽകി മന്ത്രിമാരും എംപിമാരും

മ്മൂട്ടിക്കെതിരെ നടക്കുന്ന സംഘ്പരിവാർ വിദ്വേഷ പ്രചാരണത്തിനും സൈബർ ആക്രമണത്തിനും എതിരെ പ്രതികരിച്ച് മന്ത്രിമാരായ വി. ശിവൻകുട്ടിയും കെ. രാജനും എഎം ആരിഫ് എംപിയും. ‘പുഴു’ സിനിമയുടെ സംവിധായിക രത്തീനയുടെ മുൻ ഭർത്താവ് ഷെർഷാദ് ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിന് പിന്നാലെയാണ് മമ്മൂട്ടിക്കെതിരെ വിദ്വേഷ പ്രചാരണം ആരംഭിച്ചത്.

പുഴു സിനിമ ബ്രാഹ്‌മണ വിരുദ്ധമാണെന്നും അതിൽ മതപരമായ പ്രൊപ്പഗണ്ടയുണ്ടെന്നും അതിന് പിന്നിൽ മമ്മൂട്ടിക്ക് പങ്കുണ്ട് എന്നൊക്കെ ആരോപിച്ചാണ് സൈബർ ആക്രമണവും വിദ്വേഷ പ്രചാരണവും നടക്കുന്നത്. ഈ സാഹചര്യത്തിലാണ് നടന് പിന്തുണയുമായി മന്ത്രിമാരടക്കമുള്ള പ്രമുഖർ രംഗത്തെത്തിയിരിക്കുന്നത്.

”ആ പരിപ്പ് ഇവിടെ വേവില്ല… മമ്മൂട്ടി മലയാളിയുടെ അഭിമാനം..” എന്നാണ് മമ്മൂട്ടിക്കൊപ്പമുള്ള ചിത്രം പങ്കുവച്ചു കൊണ്ട് വി ശിവൻകുട്ടിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. ”ഇത് ഇവിടെ കിടക്കട്ടെ” എന്ന ക്യാപ്ഷനോടെയാണ് എഎം ആരിഫ് സോഷ്യൽ മീഡഡിയയിൽ മമ്മൂട്ടിയുടെ ഫോട്ടോ പങ്കുവച്ചു കൊണ്ട് പിന്തുണ അറിയിച്ചത്.

”മലയാളികളുടെ അഭിമാനമാണ് മമ്മൂട്ടി. ഇദ്ദേഹം ഇരിക്കുന്ന തട്ട് താണ് തന്നെ ഇരിക്കും. മമ്മൂട്ടിയെ മുഹമ്മദ് കുട്ടിയെന്നും, കമലിനെ കമാലുദ്ദീൻ എന്നും വിജയ്‌യെ ജോസഫ് വിജയ് എന്നും വിളിക്കുന്ന സംഘി രാഷ്ട്രീയം ഇവിടെ വിലപോവില്ല. ഇത് കേരളമാണ്” എന്നാണ് മന്ത്രി കെ രാജൻ ഫെയ്‌സ്ബുക്കിൽ കുറിച്ചിരിക്കുന്നത്.

അതേസമയം, 2022ൽ പുറത്തിറങ്ങിയ ചിത്രമാണ് പുഴു. ഹർഷദ്, സുഹാസ്, ഷറഫു തുടങ്ങിയവർ ചേർന്നായിരുന്നു പുഴുവിന് തിരക്കഥയൊരുക്കിയത്. ബോധത്തിലും അബോധത്തിലും ജാതിപേറുന്ന ഒരു സവർണ്ണന്റെ ജീവിതത്തിലേക്കുള്ള ഡീറ്റെയിലിങ് ആയി എത്തിയ സിനിമയാണ് പുഴു. സമൂഹത്തിൽ ഇന്നും നിലനിൽക്കുന്ന ജാതീയതയും മുസ്ലീം വിരുദ്ധതയുമൊക്കെ സിനിമ മറയില്ലാതെ കാണിച്ചു തന്നിരുന്നു.