“പ്രതിസന്ധികളെ അതിജീവിച്ചവർ ചരിത്രത്തിൽ തലയെടുപ്പോടെ നിൽക്കും”; ഭാവനയ്ക്ക് ആശംസകൾ ആയി കെ കെ ശൈലജയും റഹീമും
സഹ ചായഗ്രഹകൻ ജി ബാലചന്ദ്രമേനോന്റെയും പുഷ്പയുടെയും മകളായി തൃശ്ശൂരിൽ ജനിച്ച ഭാവന കമൽ സംവിധാനം ചെയ്ത നമ്മൾ എന്ന ചിത്രത്തിലൂടെയാണ് അഭിനയരംഗത്തേക്കുള്ള ചുവടുവെപ്പ് നടത്തുന്നത്. ചിത്രം ശ്രദ്ധിക്കപ്പെട്ടതോടെ മലയാള സിനിമയിൽ മാറ്റിനിർത്താൻ കഴിയാത്ത നായിക കഥാപാത്രമായി ഭാവനയുടെ പേരും എഴുതി. ആദ്യ ചിത്രത്തിലെ പരിമളം എന്ന കഥാപാത്രം അതിന്റെ എല്ലാ പൂർണ്ണതയോടും കൂടി ക്യാമറയ്ക്ക് മുന്നിൽ അവതരിപ്പിക്കുവാൻ ഭാവനയ്ക്ക് കഴിഞ്ഞു. സിഐഡി മൂസ, ക്രോണിക് ബാച്ചിലർ, യൂത്ത് ഫെസ്റ്റിവൽ, ബംഗ്ലാവിൽ ഔത, ദൈവനാമത്തിൽ, നരൻ തുടങ്ങിയ താരം അഭിനയിച്ച ചിത്രങ്ങൾ മലയാളികൾ എക്കാലവും ഓർമ്മിക്കുന്നവ തന്നെയാണ്.
2005ൽ പുറത്തിറങ്ങിയ ദൈവനാമത്തിൽ എന്ന ചിത്രത്തിലെ അഭിനയത്തിന് കേരള സംസ്ഥാന സർക്കാരിൻറെ രണ്ടാമത്തെ മികച്ച നടിക്കുള്ള പുരസ്കാരം ലഭിച്ചു. മലയാളത്തിന് പുറമേ തമിഴ്, തെലുങ്ക്, കന്നട എന്നീ ഭാഷകളിലും തിളങ്ങിയ ഭാവന കൂടൽ നഗർ എന്ന തമിഴ് ചിത്രത്തിലാണ് ആദ്യമായി അഭിനയിച്ചത്. എന്നാൽ ചില സാങ്കേതിക കാരണങ്ങളാൽ ചിത്രത്തിൻറെ റിലീസ് വൈകി.2010 ൽ ജാക്കി എന്ന ചിത്രത്തിലൂടെ കന്നടയിൽ അരങ്ങേറ്റം കുറയ്ക്കുകയും ഈ ചിത്രം പിന്നീട് തെലുങ്കിലേക്കും മലയാളത്തിലേക്ക് മൊഴിമാറ്റം ചെയ്യപ്പെടുകയും ചെയ്തു. ആറു വർഷത്തെ ഇടവേളയ്ക്ക് ശേഷം ഇപ്പോൾ വീണ്ടും തന്റെ മലയാള അഭിനയ ജീവിതത്തിന് താരം തിരി തെളിയിച്ചിരിക്കുകയാണ്. 2017ൽ റിലീസ് ആയ ആദം ജോൺ ആണ് അവസാനമായി താരം മലയാളത്തിൽ അഭിനയിച്ച ചിത്രം.
ഇപ്പോൾ വീണ്ടും മലയാളത്തിൽ സജീവമാകുന്ന താരത്തിന്റെ തിരിച്ചുവരവിന് ആശംസകളുമായി നിരവധി പേർ രംഗത്തെത്തിയിട്ടുണ്ട്. ഇതിന് നന്ദി പ്രകടിപ്പിച്ചുകൊണ്ട് വീഡിയോയും കുറിപ്പും ഭാവനയും സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്.’ന്റിക്കാക്കാക്കൊരു പ്രേമണ്ടാർന്ന്’ എന്ന ചിത്രത്തിലൂടെയാണ് ആറു വർഷത്തിനുശേഷം ഭാവന വീണ്ടും മലയാളം വെള്ളിത്തിരയിൽ സജീവമാകാൻ ഒരുങ്ങുന്നത്. ഭാവനയും ഷറഫുദ്ദീനും കേന്ദ്ര കഥാപാത്രങ്ങൾ ആകുന്ന ചിത്രം ഫെബ്രുവരി 24നാണ് തീയറ്ററുകളിൽ എത്തുന്നത്. മാധവൻ, കുഞ്ചാക്കോ ബോബൻ, പ്രിയാമണി, ജാക്കി ഷരോഫ്, ജിതേഷ് പിള്ള, പാർവതി തിരുവോത്ത്, മഞ്ജു വാര്യർ തുടങ്ങിയ വൻ താരനിര തന്നെ ഭാവനയ്ക്ക് ആശംസകൾ അറിയിച്ചുകൊണ്ടുള്ള പോസ്റ്റുകൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്.
മലയാള സിനിമയിലേക്ക് തിരിച്ചെത്തുന്ന ഭാവനയ്ക്ക് അഭിനന്ദനങ്ങൾ അറിയിച്ചു കൊണ്ട് മുൻമന്ത്രിയും എംഎൽഎയും ആയ കെ കെ ശൈലജയും രംഗത്തെത്തിയിട്ടുണ്ട്. ‘നീണ്ട ആറു വർഷത്തിനുശേഷം എല്ലാ വിഷമഘട്ടങ്ങളെയും അതിജീവിച്ച് ഭാവന തൻറെ തൊഴിലിടത്തിലേക്ക് തിരിച്ചുവന്നത് ഏറെ സന്തോഷകരമാണെന്ന്’ ശൈലജ തൻറെ ഫേസ്ബുക്കിൽ കുറിക്കുകയുണ്ടായി. ‘അതിജീവനമാണ് പ്രധാനം, പ്രതിസന്ധികളെ അതിജീവിച്ചവർ ചരിത്രത്തിൽ തലയെടുപ്പോടെ നിൽക്കും. ഫിനിക്സ് പക്ഷികളുടേതാണ് ചരിത്രം. മലയാള സിനിമയിലേക്ക് അഭിമാനത്തോടെ മടങ്ങിവരുന്ന പ്രിയപ്പെട്ട ഭാവനയ്ക്ക് ഭാവുകങ്ങൾ’ എന്നാണ് റഹീം പങ്കുവെച്ച പോസ്റ്റ്.