താരരാജാക്കന്മാര് ഒരുമിച്ചെത്തുന്നു! ക്രിസ്റ്റഫറും സ്ഫടികവും ഒരേ ദിവസം തിയേറ്ററുകളിലേക്ക്…
മലയാള സിനിമയുടെ താരരാജാക്കന്മാരാണ് നടന് മോഹന്‍ലാലും, മമ്മൂട്ടിയും. ഇരുവരുടേയും ചിത്രങ്ങള്‍ കേരളത്തിലെ തിയേറ്ററുകള്‍ ഒരേ ദിവസം ഭരിക്കാന്‍ പോകുന്നുവെന്ന വാര്‍ത്തയാണ് പുറത്തുവരുന്നത്. ബി ഉണ്ണികൃഷ്ണന് സംവിധാനം ചെയ്ത് മമ്മൂട്ടി നായകനായെത്തുന്ന ക്രിസ്റ്റഫര്‍, ഭദ്രന്റെ സംവിധാനത്തില്‍ മോഹന്‍ലാല്‍ ആടുതോമയായി എത്തിയ സ്ഫടികം 4കെ എന്നിവയാണ് ഒരേ ദിവസം തിയേറ്ററുകളില്‍ എത്തുന്നത്. ഫെബ്രുവരി ഒമ്പതിനെത്തുന്ന ഇരു ചിത്രങ്ങള്‍ക്കുമായി കാത്തിരിക്കുകയാണ് പ്രേക്ഷകര്‍.
1995-ല്‍ തിയേറ്ററുകളെ ഇളക്കിമറിച്ച സ്ഫടികം വീണ്ടും എത്തുന്നത് 4കെ ദൃശ്യ മികവോടുകൂടിയാണ്. പ്രേക്ഷകര്‍ എന്നും മനസ്സില്‍ ഓര്‍ത്തു വയ്ക്കുന്ന മലയാളത്തിലെ സൂപ്പര്‍ ഹിറ്റ് ചിത്രങ്ങളില്‍ ഒന്നാണ് മോഹന്‍ലാല്‍-ഭദ്രന് കൂട്ടുകെട്ടില്‍ ഒരുങ്ങിയ’സ്ഫടികം’. മോഹന്‍ലാലിന്റെ ആടു തോമയായുള്ള പെര്‍ഫോമന്‍സ് തന്നെയാണ് ആ ചിത്രത്തിന്റെ വിജയവും. മോഹന്‍ലാലിന്റെ റെയ്ബാന്‍ ഗ്ലാസും മുണ്ട് ഉരിഞ്ഞുള്ള അടിയുമൊക്കെ പ്രേക്ഷകരുടെ ഹൃദയത്തിനുള്ളില്‍ ഇന്നും മറക്കാതെ കാത്തുസൂക്ഷിക്കുകയാണ്. മോഹന്‍ലാല്‍ എന്ന മഹാനടന് ഒരുപാട് സൂപ്പര്‍ ഹിറ്റ് വേഷങ്ങള്‍ ചെയ്തിട്ടുണ്ട്. അതില്‍ എന്നും പ്രേക്ഷകര്‍ ഓര്‍മിച്ചിരിക്കുന്ന ഒരു കഥാപാത്രമാണ് ആട് തോമ.
മമ്മൂട്ടിയെ നായകനാക്കി ബി.ഉണ്ണികൃഷ്ണന് സംവിധാനം ചെയ്ത് റിലീസിനൊരുങ്ങുന്ന ഏറ്റവും പുതിയ ചിത്രം ക്രിസ്റ്റഫര്‍. കഴിഞ്ഞ നവംബറില്‍ പുറത്തിറങ്ങിയ ചിത്രത്തിലെ ക്യാരക്ടര്‍ പോസ്റ്റര്‍ ഏറെ ശ്രദ്ധനേടിയിരുന്നു. ഷൈന്‍ ടോം ചാക്കോ അവതരിപ്പിക്കുന്ന ജോര്‍ജ് കോട്രക്കന്‍ എന്ന കഥാപാത്രത്തിന്റെ പോസ്റ്ററാണ് അന്ന് അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടത്. പോലീസ് ഓഫീസറുടെ വേഷത്തില്‍ തോക്കുമായി നില്ക്കുന്ന കഥാപാത്രമായിരുന്നു ഷൈനിന്റേത്. ബയോഗ്രഫി ഓഫ് എ വിജിലന്റ് കോപ്പ്’ എന്ന ടാഗ് ലൈനോടെ എത്തുന്ന ക്രിസ്റ്റഫര്‍ നിര്‍മ്മിക്കുന്നത് ആര്.ഡി ഇല്യൂമിനേഷന്‍സ് ആണ്. സ്നേഹ, അമല പോള്‍, ഐശ്വര്യ ലക്ഷ്മി എന്നിങ്ങനെ മൂന്ന് നായികമാരാണ് ചിത്രത്തിലുള്ളത്. തെന്നിന്ത്യന്‍ താരം വിനയ് റായിയും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.
അതേസമയം, പോലീസ് ഓഫീസറുടെ വേഷത്തിലാണ് മമ്മൂട്ടി എത്തുന്നത്. ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്ററിനും ലൊക്കേഷന്‍ വീഡിയോകള്‍ക്കും ചിത്രങ്ങള്‍ക്കുമെല്ലാം മികച്ച സ്വീകരണമായിരുന്നു ലഭിച്ചത്. പ്രഖ്യാപനസമയം മുതല്‍ ചിത്രത്തന്റേതായി പുറത്തുവരുന്ന എല്ലാം അപ്ഡേറ്റുകളും വലിയ രീതിയില്‍ റീച്ച് ആവാറുണ്ട്.