തെയ്യപ്പെരുമയുടെ നാട്ടിൽ നിന്നും ആളിപ്പടർന്ന് ‘ചാവേർ’; വേറിട്ട പ്രമേയത്തിന്‍റെ സത്യസന്ധമായ ആവിഷ്കാരമെന്ന് പ്രേക്ഷകർ
1 min read

തെയ്യപ്പെരുമയുടെ നാട്ടിൽ നിന്നും ആളിപ്പടർന്ന് ‘ചാവേർ’; വേറിട്ട പ്രമേയത്തിന്‍റെ സത്യസന്ധമായ ആവിഷ്കാരമെന്ന് പ്രേക്ഷകർ

തെയ്യങ്ങളുടെ നാടായ കണ്ണൂരിൽ നിന്നും പ്രേക്ഷകരിലേക്ക് ആളിപ്പടർന്നിരിക്കുകയാണ് ടിനു പാപ്പച്ചനും കുഞ്ചാക്കോ ബോബനും ആദ്യമായി ഒന്നിച്ചിരിക്കുന്ന ‘ചാവേർ’. രാഷ്ട്രീയ പാർട്ടികള്‍ക്കിടയിലെ പകയും ചതിയും വഞ്ചനയും ജാതി വ്യവസ്ഥകളും സുഹൃദ്ബന്ധങ്ങളും പ്രണയവും തെയ്യവും ഒക്കെ ചേർന്നുള്ള പൊള്ളുന്ന പ്രമേയത്തെ സത്യസന്ധമായി അവതരിപ്പിച്ചിരിക്കുന്ന സിനിമയെന്നാണ് പ്രേക്ഷകരേവരും ചിത്രത്തെ കുറിച്ച് പറയുന്നത്.

ജോയ് മാത്യുവിന്‍റെ തിരക്കഥയിൽ ടിനു പാപ്പച്ചൻ ഒരുക്കിയിരിക്കുന്ന ചിത്രം കണ്ണൂരിന്‍റെ മനോഹരമായ ഭൂപ്രകൃതിയിൽ ഒരു ദൃശ്യശ്രവ്യ അനുഭവമായി പ്രേക്ഷക മനസ്സിൽ തങ്ങി നിൽക്കുന്ന ചലച്ചിത്രമായിരിക്കുകയാണ്. അത്യന്തം സൂക്ഷമതയോടെ വിശ്വസനീയമായ അവതരണം തന്നെയാണ് സിനിമയെ ചർച്ചാവിഷയമാക്കിയിരിക്കുന്നത്.

നായകവേഷത്തിൽ എത്തുന്ന കുഞ്ചാക്കോ ബോബൻ ഉൾപ്പെടെയുള്ള അഭിനേതാക്കളുടെ മികച്ച പ്രകടനം തന്നെയാണ് സിനിമയിലുള്ളത്. ഇതുവരെ കാണാത്ത രീതിയിലുള്ള വേഷപകർച്ചയിലാണ് ചാക്കോച്ചൻ. ആന്‍റണി വ‍ര്‍ഗ്ഗീസും അർജുൻ അശോകനും മനോജ് കെയുവുമൊക്കെ തങ്ങളുടെ കരിയറിലെ തന്നെ ഏറെ വേറിട്ട കഥാപാത്രങ്ങളായുള്ളത്.

ജിന്‍റോ ജോര്‍ജ്ജിന്‍റെ ക്യാമറയും ജസ്റ്റിൻ വർഗ്ഗീസിന്‍റെ സംഗീതവും സിനിമയുടെ ഹൈലൈറ്റാണ്. ടിനു പാപ്പച്ചന്‍റെ സ്റ്റൈലിഷ് ഫിലിം മേക്കിങ് ചിത്രത്തെ പ്രേക്ഷകർക്കൊരു ഓഡിയോ വിഷ്വൽ ട്രീറ്റാക്കിയിരിക്കുകയാണ്. സിനിമ കണ്ടിറങ്ങിയാലും പ്രേക്ഷകരുടെ മനസ്സുകളിൽ നീറിപുകയുന്ന വിഷയാവതരണവും കഥാപാത്ര സൃഷ്ടിയും തന്നെയാണ് ‘ചാവേറി’നെ സമീപകാല മലയാള സിനിമകളിൽ വ്യത്യസ്തമാക്കിയിരിക്കുന്നതെന്ന് നിസ്സംശയം പറയാം.