‘ഭ്രമയുഗ’ത്തിലെ ചാത്തന് പിന്നില്‍ ഒരു നടനുണ്ട് ; സോഷ്യൽ മീഡിയയിലെ ചർച്ച
മലയാളത്തില്‍ സമീപകാലത്ത് ഏറെ ശ്രദ്ധ നേടിയ ചിത്രങ്ങളിലൊന്നാണ് മമ്മൂട്ടി കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ഭ്രമയുഗം. ഭൂതകാലം എന്ന ചിത്രത്തിലൂടെ നേരത്തെ ശ്രദ്ധ നേടിയ സംവിധായകന് രാഹുല്‍ സദാശിവന് ഒരുക്കിയ ചിത്രം ഹൊറര്‍ ത്രില്ലര്‍ ഗണത്തില്‍ പെടുന്ന ഒന്നാണ്. പൂര്‍ണ്ണമായും ബ്ലാക്ക് ആന്‍ഡ് വൈറ്റില്‍ ചിത്രീകരിച്ച സിനിമ എന്നതായിരുന്നു ഭ്രമയുഗത്തിന്റെ പ്രധാന യുഎസ്പി. തിയറ്ററുകളില്‍ മികച്ച പ്രതികരണമായിരുന്നു ലഭിച്ചത്. ഇപ്പോൾ ഒടിടിയിൽ എത്തിയപ്പോഴും സോഷ്യൽ മീഡിയകളിൽ നിറഞ്ഞ് നിൽക്കുകയാണ് ചിത്രത്തെക്കുറിച്ചുള്ള വാർത്തകൾ. ഇപ്പോഴിതാ ചിത്രത്തിന്റെ അണിയറക്കാര്‍ ഇത്രകാലം വെളിപ്പെടുത്താതിരുന്ന ഒരു കാര്യം സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആവുകയാണ്. ചിത്രത്തിലെ ചാത്തന്റെ കഥാപാത്രം സംബന്ധിച്ചാണ് അത്.
ചിത്രത്തിലെ അവസാന രംഗങ്ങളിലാണ് ചാത്തന് തന്റെ യഥാര്‍ഥ രൂപത്തില്‍ എത്തുന്നത്. ബീഭത്സത പകരുന്ന ഒരു രൂപമാണ് സംവിധായകന് രാഹുല്‍ സദാശിവന് ഈ കഥാപാത്രത്തിന് നല്‍കിയിരിക്കുന്നത്. ഇത് വിഎഫ്എക്സ് ആണോ അതോ ഏതെങ്കിലും അഭിനേതാക്കളാണോ എന്ന് മനസിലാവാത്ത തരത്തിലായിരുന്നു ചിത്രത്തിന്റെ അവതരണം. ആ രഹസ്യമാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. ഭ്രമയുഗത്തിലെ ചാത്തന് വിഎഫ്എക്സ് അല്ല, മറിച്ച് ഒരു നടന് ആ രൂപത്തിന് പിന്നിലുണ്ട്. ആകാശ് ചന്ദ്രന് എന്ന സ്കൂള്‍ വിദ്യാര്‍ഥിയെയാണ് ചാത്തനാക്കി മാറ്റിയിരിക്കുന്നത്. ബോളിവുഡിലെ പ്രശസ്ത മേക്കപ്പ് ആര്‍ട്ടിസ്റ്റ് ആയ പ്രീതിഷീല്‍ സിംഗ് (ദ മേക്കപ്പ് ലാബ്) ആയിരുന്നു ചിത്രത്തിന്റെ ക്യാരക്റ്റര്‍ ഡിസൈനര്‍. ഒടിടി റിലീസിന് പിന്നാലെ ആകാശ് ചന്ദ്രന്റെ ചിത്രം സമൂഹമാധ്യമങ്ങളില്‍ കാര്യമായി പ്രചരിക്കുന്നുണ്ട്.
മമ്മൂട്ടി കൊടുമണ്‍ പോറ്റിയായി എത്തിയ ചിത്രത്തില്‍ സിദ്ധാര്‍ഥ് ഭരതന് പാചകക്കാരനായും അര്ജുന് അശോകന് ഒരു പാണനായും അമാല്‍ഡ ലിസ് യക്ഷിയായും എത്തി. മണികണ്ഠനാണ് മറ്റൊരു കഥാപാത്രത്തെ അവതരിപ്പിച്ചത്. വരിക്കാശ്ശേരി മനയാണ് കലാസംവിധായകന്‍ കൊടുമണ്‍ പോറ്റിയുടെ മനയായി രൂപാന്തരപ്പെടുത്തിയത്. മമ്മൂട്ടിയുടെയും അര്ജുന് അശോകന്റെയും സിദ്ധാര്‍ഥ് ഭരതന്റെയും പ്രകടനങ്ങള്‍ക്ക് വലിയ കൈയടി ലഭിച്ചിരുന്നു. കൊടുമണ്‍ പോറ്റി എന്ന തന്റെ കഥാപാത്രത്തിന് ഇതുവരെ അവതരിപ്പിക്കാത്ത തരത്തിലുള്ള ഭാവപ്രകടനമാണ് മമ്മൂട്ടി നല്‍കിയത്. ആഗോള ബോക്സ് ഓഫീസില്‍ നിന്ന് ചിത്രം 60 കോടിയിലേറെ നേടിയതായി നിര്‍മ്മാതാക്കള്‍ അറിയിച്ചിരുന്നു.