ചങ്കിടിപ്പേറ്റി ‘ബോഗയ്‌ന്‍വില്ല’! മനസ്സ് മരവിപ്പിക്കുന്ന ദുരൂഹതകളുടെ പറുദീസ, റിവ്യൂ വായിക്കാം
ബിഗ് ബി മുതലിങ്ങോട്ട് ഒരോ അമൽ നീരദ് പടം കാണാൻ പോകുമ്പോഴും മനസ്സിൽ നമ്മൾ തന്നെ ഉണ്ടാക്കിയെടുക്കുന്നൊരു ലോകമുണ്ട്. അസാധ്യ ഫ്രെയിമുകളുടെ, സ്റ്റൈലിഷായ പെർഫോമൻസുകളുടെ, ഓരോ നിമിഷവും തരുന്ന ഫ്രഷ്ന്സ്സുകളുടെ ലോകം. ആ ധാരണകളോടെ തന്നെയാണ് ‘ബോഗയ്‌ന്‍വില്ല’ കാണാൻ കയറിയതും. എന്നാൽ അമലിന്‍റെ ഇതുവരെ കാണാത്ത രീതിയിലുള്ള മേക്കിംഗ് കൊണ്ട് വിസ്മയിപ്പിച്ചു റീതുവിന്‍റേയും റോയ്സിന്‍റേയും ലോകം.
വീട്ടിൽ നിന്നും കുട്ടികളെ സ്കൂൾ വാനിൽ കയറ്റിവിടാൻ പോകുന്ന റീതുവിലാണ് സിനിമയുടെ തുടക്കം. ഒരു അപകടത്തെ തുടർന്ന് ഓരോ സെക്കൻഡും മാറിമറയുന്ന ഓർമ്മകളിലൂന്നിയാണ് റീതുവിന്‍റെ ജീവിതം. ഭർത്താവായ ഡോ. റോയ്സും വേലക്കാരി രമയുമാണ് ആ വീട്ടിലുള്ള മറ്റുള്ളവർ. സമീപത്ത് നടന്നൊരു മാൻ മിസ്സിംഗ് കേസുമായി ബന്ധപ്പെട്ട് ഒരു ദിവസം തേനി എസിപിയായ ഡേവിഡ് കോശി ഇവരുടെ വീട്ടിലെത്തുന്നതും തുടർന്ന് നടക്കുന്ന സംഭവ വികാസങ്ങളുമാണ് സിനിമയുടെ ഇതിവൃത്തം.
ഒരു ഫാമിലി മൂവിയായി തുടങ്ങുന്ന ചിത്രം പോലീസ് ഓഫീസറായ ഫഹദിന്‍റെ കഥാപാത്രത്തിന്‍റെ വരവോടെയാണ് ഇൻവേസ്റ്റിഗേഷൻ ആംഗിളിലേക്ക് മാറുന്നത് പിന്നീട് ഒരു സൈക്കോളജിക്കല്‍ മിസ്റ്ററി ത്രില്ലർ സ്വഭാവത്തിലാണ് സിനിമയുടെ ഒഴുക്ക്. റീതുവായി സമാനതകളില്ലാത്ത പ്രകടനമാണ് ജ്യോതിർമയിയുടേത്. ഏറെ നാളത്തെ ഇടവേളക്ക് ശേഷം സിനിമയിലേക്കുള്ള മടങ്ങിവരവിൽ ജ്യോതിർമയിക്ക് ലഭിച്ചിരിക്കുന്നത് ഏറെ അഭിനയ മുഹൂർത്തങ്ങളുള്ള കഥാപാത്രമാണ്. ഓർമ്മകളുടെ നേർത്ത നൂലിലൂടെ മനസ്സ് പായുന്നൊരു കഥാപാത്രമായി ജ്യോതിർമയി ജീവിക്കുകയായിരുന്നു.
ഇതുവരെ കാണാത്ത വിധത്തിലുള്ളൊരു കഥാപാത്രമാണ് ചാക്കോച്ചന്‍റെ റോയ്സ് തോമസിന്‍റേത്. ഭാര്യയുടെ പ്രത്യേകമായ അവസ്ഥ മൂലം മാനസികമായി വിഷമിക്കുന്ന, അതിനിടയിൽ വരുന്ന കേസന്വേഷണങ്ങളുടെ ഇടയിൽ പതറാതെ നിൽക്കുന്ന ഭർത്താവിന്‍റെ വേഷം ചാക്കോച്ചന്‍റെ കൈയ്യിൽ ഭദ്രമായിരുന്നു. ഫഹദും മറ്റ് താരങ്ങളായ ശ്രിന്ദയും ഷറഫുദ്ദീനും വീണയും ജിനു ജോസഫുമൊക്കെ തങ്ങൾക്ക് ലഭിച്ച വേഷങ്ങളെ ഏറെ മികവുറ്റ രീതിയിൽ സ്ക്രീനിൽ എത്തിച്ചിട്ടുണ്ട്.
സംവിധായകൻ അമല്‍ നീരദിന്‍റെ മേക്കിംഗും ലാജോ ജോസിനൊപ്പം ചേർന്നെഴുതിയ സ്ക്രിപ്റ്റും തന്നെയാണ് സിനിമയുടെ പ്രധാന ആകർഷണം. ഒരു സൈക്കോളജിക്കൽ മിസ്റ്ററി ത്രില്ലറാണെങ്കിലും വൈകാരികാംശങ്ങളുള്ള കുടുംബ പശ്ചാത്തലവും ചിത്രത്തില്‍ മികച്ച രീതിയിൽ ഇഴചേര്‍ത്തിട്ടുണ്ട്. ഒട്ടും പ്രതീക്ഷിക്കാത്ത രീതിയിൽ വരുന്ന ക്ലൈമാക്സ് ട്വിസ്റ്റുകളാണ് സിനിമയെ വേറിട്ടതാക്കുന്നത്. സൂക്ഷ്മാംശങ്ങൾ പോലും ഒപ്പിയെടുക്കും വിധമുള്ള ആനന്ദ് സി ചന്ദ്രന്‍റെ ഛായാഗ്രഹണ മികവും ദൃശ്യങ്ങളെ എലവേറ്റ് ചെയ്യുന്ന സുഷിൻ ശ്യാമിന്‍റെ സംഗീതവും വിവേക് ഹർഷന്‍റെ കിറുകൃത്യമായ എഡിറ്റിംഗും സിനിമയുടെ ആത്മാവാണ്. തീർച്ചയായും തിയേറ്ററുകളിൽ തന്നെ കണ്ടനുഭവിച്ചറിയേണ്ട സിനിമാനുഭവമാണ് ‘ബോഗയ്‌ന്‍വില്ല’.