വിദ്വേഷ പ്രചരണം കാരണം കങ്കണയുടെ ട്വിറ്റർ അക്കൗണ്ട് സസ്പെൻഡ് ചെയ്തു; അതെ ട്വിറ്ററിന് എതിരെ വീണ്ടും വിദ്വേഷ പ്രചരണം നടത്തി കങ്കണ
ബോളിവുഡ് താരം കങ്കണ റണാവത്തിന്റെ വിദ്വേഷ പ്രചരണങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തി ട്വിറ്റർ. മത വിദ്വേഷവും വെറുപ്പിന്റെ രാഷ്ട്രീയവും എല്ലായിപ്പോഴും ട്വിറ്ററിലൂടെ കങ്കണ പങ്കുവെക്കുന്നു എന്ന് വ്യാപകമായ ആരോപണം നിലനിൽക്കെയാണ് ട്വിറ്ററിന്റെ കർശനമായ നടപടി. പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസ് നേടിയ വലിയ വിജയത്തിൽ വലിയ വിദ്വേഷം ജനിപ്പിക്കുന്ന നിരവധി ട്വീറ്റുകൾ കങ്കണയുടെ ഹാന്ഡിലില് നിന്നെത്തിയിരുന്നു. ബംഗാളിൽ രാഷ്ട്രപതി ഭരണം വരണം എന്നും മമത ബംഗാളിനെ ഒരു കാശ്മീർ ആക്കി മാറ്റുന്നു എന്നും ഉള്ള നിരവധി ട്വീറ്റുകളാണ് കങ്കണ പുറത്ത് വിട്ടത്. ഇതിനോടകം നിരവധി വിദ്വേഷ പ്രചരണം ട്വിറ്ററിലൂടെ നടത്തിയ കങ്കണയ്ക്ക് എതിരെ വ്യാപകമായ പ്രതിഷേധം ശക്തമായിരുന്നു. പൊതുവേ തീവ്ര വലതുപക്ഷ രാഷ്ട്രീയത്തോട് ലോകവ്യാപകമായി ട്വിറ്റർ മുഖം തിരിക്കുന്ന നടപടിയാണ് സ്വീകരിച്ചിട്ടുള്ളത്. മുൻ അമേരിക്കൻ പ്രസിഡന്റ് ട്രംപിനെതിരെട്വിറ്റർ സ്വീകരിച്ച നടപടി തന്നെ വലിയ ഉദാഹരണം തന്നെയാണ്.കെയർഫുൾ കണ്ടന്റ്പോളിസിയും അബ്യൂസിവ് ബിഹേവിയർ പോളിസിയും പ്രകാരമാണ് കങ്കണയുടെ ട്വിറ്റർ അക്കൗണ്ട് സസ്പെൻഡ് ചെയ്തതെന്ന് ട്വിറ്റർ വക്താവ് വ്യക്തമാക്കുകയും ചെയ്തു.ഇത് ആദ്യമായിട്ടല്ല കങ്കണയുടെ ട്വിറ്റർ അക്കൗണ്ട് സസ്പെൻഡ് ചെയ്യുന്നത്. മുൻപ് താണ്ഡവ് എന്ന വെബ് സീരിയസിനെതിരായി കങ്കണ പങ്കുവെച്ച് ട്വീറ്റ് വിവാദമായതിനെത്തുടർന്ന് അക്കൗണ്ട് സസ്പെൻഡ് ചെയ്തിരുന്നു.
അതേസമയം ട്വിറ്റർ അക്കൗണ്ട് സസ്പെൻഡ് ചെയ്ത നടപടിക്കെതിരെ പ്രതികരിച്ചുകൊണ്ട് കങ്കണ റണാവത്ത് രംഗത്തെത്തിയിരിക്കുകയാണ്.
“അവർ അമേരിക്കകാരാണെന്നുള്ള പോയിന്റ് തെളിയിക്കപ്പെട്ടിരിക്കുകയാണ്. വെള്ളക്കാരിൽ ജന്മനാ ഉള്ള ഒരു കാര്യം തവിട്ട് നിറമുള്ള ആളുകളെ അടിമകളാക്കി കാണാനാഗ്രഹിക്കുന്നു എന്നതാണ്.നമ്മൾ എങ്ങനെ സംസാരിക്കണം എന്തൊക്കെ ചിന്തിക്കണം എന്തെല്ലാം ചെയ്യണം എന്നൊക്കെ അവർ നമ്മളോട് പറഞ്ഞു തരും.സ്വന്തം കലയായ സിനിമ ഉൾപ്പെടെ നിരവധി വേദികൾ ഉണ്ട് എന്റെ ശബ്ദമുയർത്താൻ.” എഎന്ഐയോട് കങ്കണ പ്രതികരിച്ചത് ഇങ്ങനെയാണ്.ഏത് കാരണം കൊണ്ടാണോ കങ്കണയുടെ ട്വിറ്റർ അക്കൗണ്ട് സസ്പെൻഡ് ചെയ്തത് അതേ രീതിയിൽ തന്നെയാണ് ട്വിറ്ററിന് എതിരെയും താരമിപ്പോൾ പ്രതികരിച്ചിരിക്കുന്നത്.