”സിനിമകളിൽ ഞാൻ മരിക്കുന്നത് അമ്മയ്ക്ക് സഹിക്കാനാവില്ല, ഇത്തരം സിനിമകൾ നീ ചെയ്യരുത്, എനിക്ക് അവ കാണാനാവില്ലെന്നാണ് അമ്മ പറയാറുള്ളത്”: ബോബി ഡിയോൾ
രൺബീർ കപൂറിനെ നായകനാക്കി സന്ദീപ് റെഡ്ഡി വംഗ സംവിധാനം ചെയ്ത ‘ആനിമൽ’ മികച്ച പ്രേക്ഷക പ്രതികരണം നേടി മുന്നേറുകയാണ്. ആഗോള ബോക്സോഫീസിൽ ഇതിനകം 450 കോടിയോളം ചിത്രം കളക്ട് ചെയ്തതായാണ് റിപ്പോർട്ടുകള്‍. ഇന്ത്യയിൽ മാത്രം 300 കോടി കളക്ഷനും സിനിമയ്ക്ക് ലഭിച്ചുകഴിഞ്ഞു. ഇപ്പോഴിതാ ബ്ലോക്ക്ബസ്റ്റർ ചിത്രം ‘ആനിമലി’ൽ വില്ലൻ വേഷത്തിലെത്തിയ നടൻ ബോബി ഡിയോൾ ചിത്രത്തെ കുറിച്ച് തന്‍റെ കുടുംബാംഗങ്ങൾ നടത്തിയ പ്രതികരണത്തെ കുറിച്ച് പറഞ്ഞ വാക്കുകള്‍ ശ്രദ്ധ നേടിയിരിക്കുകയാണ്.
അച്ഛൻ ധർമ്മേന്ദ്രയും സഹോദരൻ സണ്ണി ഡിയോളും ഇതുവരെ ആനിമൽ കണ്ടിട്ടില്ലെന്നാണ് പിങ്ക് വില്ലയ്ക്ക് നൽകിയ അഭിമുഖത്തിൽ ബോബി പറഞ്ഞിരിക്കുന്നത്. താൻ വില്ലൻ വേഷത്തിൽ അഭിനയിക്കുന്ന ഹൈപ്പർ വയലന്‍റായ ഈ സിനിമയെക്കുറിച്ച് തന്‍റെ അമ്മയ്ക്ക് അഭിപ്രായവ്യത്യാസമുണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തിയിട്ടുണ്ട്.
”കരൺ ജോഹറിന്‍റെ ‘റോക്കി ഔർ റാണി കി പ്രേം കഹാനി’യിൽ ധർമ്മേന്ദ്രയുടെ കഥാപാത്രം മരിക്കുന്നത് കണ്ടിട്ട് സഹിക്കാൻ കഴിയാഞ്ഞതുപോലെ ആനിമലിൽ തന്‍റെ കഥാപാത്രത്തിന് സംഭവിക്കുന്നതും അമ്മയ്ക്ക് സഹിക്കാൻ കഴിഞ്ഞില്ല. സിനിമകളിലെ എന്‍റെ മരണ രംഗം അമ്മയ്ക്ക് സഹിക്കാൻ കഴിയില്ല. ഇതുപോലുള്ള സിനിമകൾ നീ ചെയ്യാൻ പാടില്ല, എനിക്ക് അവ കാണാൻ കഴിയില്ല എന്നാണ് അമ്മ പറയാറുള്ളത്. അപ്പോൾ ഞാൻ അമ്മയോട് ഇങ്ങനെ പറയാറുണ്ട്, ‘നോക്കൂ, ഞാൻ നിങ്ങളുടെ മുന്നിൽ നിൽക്കുന്നു, ഞാൻ ആ സിനിമയിലെ ഒരു കഥാപാത്രമായിരുന്നു’.
പക്ഷേ അമ്മ ഇപ്പോൾ വളരെ സന്തോഷവതിയാണ്. ഒട്ടേറെ ഫോൺ കോളുകള്‍ അമ്മയ്ക്ക് ലഭിക്കുന്നുണ്ട്, മാത്രമല്ല അമ്മയുടെ എല്ലാ സുഹൃത്തുക്കളും എന്നെ കാണാൻ ആഗ്രഹിക്കുകയുമാണ്. മുമ്പ് ‘ആശ്രാം’ പുറത്തിറങ്ങിയപ്പോഴും സമാനമായ രീതിയിൽ സംഭവിച്ചിരുന്നു. അച്ഛനും സഹോദരനും ആനിമൽ കണ്ടിട്ടില്ലെങ്കിലും പ്രേക്ഷക പ്രതികരണങ്ങളിൽ ഏറെ സന്തോഷിക്കുന്നുണ്ട്. എന്‍റെ മക്കളുടേയും ഭാര്യയുടേയും കണ്ണുകളിൽ സന്തോഷം മാത്രമേ എനിക്ക് കാണാനാകൂ. ഒരു പിതാവെന്ന നിലയിൽ ഞാൻ അവരെ എങ്ങനെ സ്വാധീനിക്കുന്നു എന്ന് ഞാൻ ആദ്യമായി ശ്രദ്ധിക്കുന്നത് ഇപ്പോഴാണ്. അവർ എന്‍റെ പരാജയങ്ങൾ കണ്ടു, ഇപ്പോൾ അവർ എന്‍റെ വിജയം കാണുന്നു”, ബോബി പറഞ്ഞിരിക്കുകയാണ്.
ഡിയോള്‍ കുടുംബത്തിന് നാഴികക്കല്ലായ വർഷമായിരുന്നു 2023. ഹിറ്റ് ചിത്രമായ ‘റോക്കി ഓർ റാണി കി പ്രേം കഹാനി’യിലെ ധർമ്മേന്ദ്രയുടെ പ്രകടനം ഏറെ പ്രശംസിക്കപ്പെട്ടപ്പോൾ, ‘ഗദർ 2’ എന്ന ചിത്രത്തിലൂടെ സണ്ണി ഡിയോൾ തന്‍റെ കരിയറിലെ ഏറ്റവും വലിയ ബ്ലോക്ക്ബസ്റ്റർ പ്രേക്ഷകർക്ക് സമ്മാനിച്ചു. ഇപ്പോൾ, വൻ വിജയമായ ‘ആനിമലി’ൽ അബ്രാർ ഹാഖ് എന്ന കഥാപാത്രമായി ഏവരേയും ഞെട്ടിച്ചിരിക്കുകയാണ് ബോബി ഡിയോൾ.