“ശരിക്ക് ഇത് ചോദിക്കുന്നത് തന്നെ തെറ്റാണ്. കെട്ടാൻ വന്നിരിക്കുന്നവന്റെ അടുത്ത് പഠിക്കാൻ പോകാൻ പെർമിഷൻ ചോദിക്കേണ്ട കാര്യമേയില്ല…” ബേസിൽ പറയുന്നു
ദർശന രാജേന്ദ്രൻ ബേസിൽ ജോസഫ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി വിപിൻ ദാസ് സംവിധാനം ചെയ്ത ചിത്രമാണ് “ജയ ജയ ജയ ജയ ഹേ”. ചിത്രത്തിന്റെ തിരക്കഥ തയ്യാറാക്കിയിരിക്കുന്നത് സംവിധായകനും നാഷിദ് മുഹമ്മദും ചേർന്നാണ്. ഒക്ടോബർ 28 – ന് റിലീസ് ചെയ്ത ചിത്രം തിയറ്ററുകളിൽ മികച്ച പ്രതികരണം നേടി മുന്നേറിക്കൊണ്ടിരിക്കുകയാണ്. രാജേഷ് – ജയ ദമ്പതികളായാണ് ദർശനേയും ബേസിലും ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നത്. ടൈറ്റിൽ റോളിൽ എത്തുന്നത് ദർശന രാജേന്ദ്രൻ ആണ്. ഇപ്പോഴിതാ റെഡ് എഫ് എമ്മിനു നൽകിയ അഭിമുഖത്തിൽ ബേസിൽ ജോസഫ് പറഞ്ഞ വാക്കുകളാണ് സാമൂഹ്യ മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്. ചിത്രത്തിലെ പെണ്ണുകാണാൻ വന്ന രംഗത്തെക്കുറിച്ച് സംസാരിക്കുകയാണ് ബേസിൽ. കല്യാണശേഷം പെൺകുട്ടിക്ക് പഠിക്കാൻ പോകണമെങ്കിൽ ചെറുക്കന്റെയോ വീട്ടുകാരുടെയോ പെർമിഷന്റെ ആവശ്യമില്ലാ എന്നാണ് ബേസിൽ അഭിമുഖത്തിൽ പറഞ്ഞത്.
“ടീസറിൽ കാണുന്നതു പോലെ ദർശനയുടെ ക്യാരക്ടറായ ജയ അല്ല പഠിക്കാൻ പൊയ്ക്കോട്ടെ എന്ന് ചോദിക്കുന്നത്. പെണ്ണുകാണാൻ വന്നിരിക്കുമ്പോൾ ജയയുടെ വീട്ടുകാർക്കൊക്കെ ഇത് ചോദിക്കാൻ മടി. ഒടുവിൽ ‘കല്യാണം കഴിഞ്ഞാൽ ജയയ്ക്ക് പഠിക്കാൻ പോണം എന്നാണ് പറയുന്നത്’ എന്ന് ജയയുടെ ആങ്ങളയാണ് ചോദിക്കുന്നത്. അത്രയും ബിൽഡിപ്പാണ് ഈയൊരു ചോദ്യം ചോദിക്കാൻ. ജയയ്ക്ക് ഇത് ചോദിക്കാൻ പറ്റുന്നില്ല. ശരിക്ക് ഇത് ചോദിക്കുന്നത് തന്നെ തെറ്റാണ്. കെട്ടാൻ വന്നിരിക്കുന്നവന്റെ അടുത്ത് പഠിക്കാൻ പോകാൻ പെർമിഷൻ ചോദിക്കേണ്ട കാര്യമേയില്ല. പഠിക്കാൻ പോകണമെങ്കിൽ പോണം, അത്രയേ ഉള്ളൂ. പക്ഷേ ജയയുടെ കാര്യത്തിൽ ഈ പെർമിഷൻ ചോദിക്കുന്നു. അതു കേട്ടപ്പോൾ തന്നെ ചെറുക്കന്റെ വീട്ടുകാർ ഞെട്ടിയ ഒരു റിയാക്ഷൻ കൊടുക്കുന്നു.
ചെറുക്കനും ദേഷ്യത്തിൽ റിയാക്ട് ചെയ്യുന്നു. എന്നിട്ട് കുറച്ച് ആലോചിച്ച ശേഷം ‘പി. എസ്. സി വല്ലതും എഴുതി കിട്ടുവാണെങ്കിൽ പൊയ്ക്കോട്ടെ’ എന്ന് അയാൾ പറയുന്നു. അപ്പോഴാണ് ജയയുടെ വീട്ടുകാർക്ക് സമാധാനമാകുന്നത്. ഇത് വളരെ സീരിയസായുള്ള കാര്യമാണ്. ഒന്നാമത് ഇയാളുടെ അടുത്ത് പെർമിഷൻ ചോദിക്കേണ്ട കാര്യമില്ല. കല്യാണം കഴിഞ്ഞ് മ്യൂച്വലി സംസാരങ്ങൾ ഉണ്ടാകണം എന്നതിനപ്പുറം ഇതിൽ പെർമിഷൻ ചോദിക്കേണ്ടതില്ല. പക്ഷേ സിനിമയിൽ ഇത് ഹ്യൂമറിലൂടെയാണ് ട്രീറ്റ് ചെയ്യുന്നത്. കാണുന്നവർക്ക് ചിരി വരും. പക്ഷേ ‘ഓ ഞാനും ഇങ്ങനെയൊക്കെ തന്നെയാണല്ലോ’ എന്ന് എല്ലാവർക്കും തോന്നും. അങ്ങനെയാണ് ഈ സിനിമയുടെ ട്രീറ്റ്മെന്റ്” ബേസിൽ ജോസഫ് പറയുന്നു.