‘മമ്മൂട്ടിയുമായി ഒരു ചിത്രം പ്രതീക്ഷിക്കാം, ആലോചനകള്‍ നടക്കുന്നു’; വെളിപ്പെടുത്തലുമായി ബേസില്‍ ജോസഫ്
വെറും മൂന്ന് സിനിമകള്‍ മാത്രം സംവിധാനം ചെയ്ത് സിനിമാ പ്രേമികളുടെ പ്രിയങ്കരനായി മാറിയ പ്രതിഭയാണ് ബേസില്‍ ജോസഫ്. ബേസില്‍ ഇതുവരെ സംവിധാനം ചെയ്ത മൂന്ന് സിനിമകളും ഹിറ്റായിരുന്നു. സംവിധാനത്തിന് പുറമേ സഹനടനായും ഇപ്പോള്‍ നായകനായും പ്രേക്ഷകരുടെ ഇഷ്ടം പിടിച്ചുപറ്റി. നടനും സംവിധായകനുമായ വിനീത് ശ്രീനിവാസന്റെ അസിസ്റ്റന്റ് ഡയറക്ടറായി പ്രവര്‍ത്തിച്ച ശേഷമാണ് ബേസില്‍ സ്വന്തമായി സിനിമകള്‍ സംവിധാനം ചെയ്ത് തുടങ്ങിയത്. ബേസില്‍ സ്വതന്ത്ര സംവിധായകന് ആയത് കുഞ്ഞിരാമായണം എന്ന ചിത്രത്തിലൂടെയായിരുന്നു.
കുഞ്ഞിരാമായണത്തിന് ശേഷം ടൊവിനോ തോമസിനെ നായകനാക്കി ഗോദയാണ് ബേസില്‍ ജോസഫ് സംവിധാനം ചെയ്ത രണ്ടാമത്തെ ചിത്രം. ഏറ്റവും അവസാനം ബേസില്‍ സംവിധാനം ചെയ്ത് പ്രേക്ഷകരിലേക്ക് എത്തിയ സിനിമ സൂപ്പര്‍ ഹീറോ സിനിമയായ മിന്നല്‍ മുരളിയായിരുന്നു. മികച്ച ബോക്സ്ഓഫീസ് കളക്ഷനുകളായിരുന്നു മിന്നല്‍ മുരളി എന്ന ചിത്രത്തിന് ലഭിച്ചത്. ഈ ചിത്രത്തിലൂടെ ഇന്ത്യയൊട്ടാകെ ശ്രദ്ധ നേടാന്‍ ബേസിലിന് സാധിച്ചിരുന്നു.
‘ജയ ജയ ജയ ജയ ഹേ’ എന്ന ചിത്രമാണ് നിലവില്‍ ബേസിലിന്റേതായി റിലീസിനൊരുങ്ങുന്നത്. ഈ അവസരത്തില്‍ ഒരു ഓണ്‍ലൈന്‍ ചാനലില്‍ അവതാരകന് മമ്മൂട്ടിയുമായി ഒരു ചിത്രം പ്രതീക്ഷിക്കാമോ എന്ന ചോദ്യത്തിന് മറുപടി നല്‍കുകയാണ് ബേസില്‍. മമ്മൂട്ടിയുമായി ഒരു ചിത്രം പ്രതീക്ഷിക്കാമെന്നും അദ്ദേഹവുമായി ഒരു ചിത്രം ചെയ്യാനുള്ള ആലോചനകള്‍ നടക്കുന്നുണ്ടെന്നും ബേസില്‍ പറയുന്നു. എന്നാല്‍ തന്റെ അടുത്ത ചിത്രം അതാണോ എന്ന് ബേസില്‍ വെളിപ്പെടുത്തിയിട്ടില്ല. ബേസില്‍ ജോസഫ്- മമ്മൂട്ടി കൂട്ടുകെട്ടില്‍ ഒരു മാസ് ചിത്രം വരുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍ ഇപ്പോള്‍. ചിത്രം ഇറങ്ങിയാല്‍ എന്തായാലും സൂപ്പര്‍ ഹിറ്റായിരിക്കുമെന്നെല്ലാമാണ് ആരാധകരും സിനിമാ പ്രേമികളും പറയുന്നത്.
അതേസമയം ജാനേമന് എന്ന സിനിമക്ക് ശേഷം ചിയേഴ്സ് എന്റര്ടൈന്മെന്റസ് നിര്‍മ്മിക്കുന്ന ചിത്രമാണ് ജയ ജയ ജയ ജയ ഹേ. ഒക്ടോബര്‍ 28ന് ആണ് ‘ജയ ജയ ജയ ജയ ഹേ’ തിയറ്ററുകളില്‍ എത്തുക. വിപിന്‍ ദാസും നാഷിദ് മുഹമ്മദ് ഫാമിയും ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ബേസില്‍ നായകനായെത്തുന്ന ചിത്രം ഒരു ഫാമിലി എന്റര്ടെയ്നര് ആണ്. ചിത്രത്തില്‍ വലിയ താരനിര അണിനിരക്കുന്നുണ്ട്. അജു വര്‍ഗീസ്, അസീസ് നെടുമങ്ങാട്, സുധീര്‍ പരവൂര്‍, മഞ്ജു പിള്ള, ശരത് സഭ, ഹരീഷ് പെങ്ങന്‍, ആനന്ദ് മന്മഥന്, നോബി മാര്‍ക്കോസ് എന്നിവരാണ് സിനിമയില്‍ മറ്റുള്ള പ്രധാന വേഷങ്ങളില്‍ എത്തുന്നത്.