നൂറ് കോടിയോ, അതുക്കും മേലെയോ? മോഹൻലാലിന്റെ ബറോസ് റിലീസ് പ്രഖ്യാപിച്ചു
പ്രഖ്യാപനം മുതൽ ശ്രദ്ധനേടിയ സിനിമകളിൽ ഒന്നാണ് ബറോസ്. മലയാളത്തിന്റെ പ്രിയതാരം മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം എന്നത് തന്നെ ആയിരുന്നു അതിന് കാരണം. പിന്നാലെ വന്ന ഓരോ അപ്ഡേറ്റുകളും ഏറെ ആവേശത്തോടെയാണ് പ്രേക്ഷകർ ഏറ്റെടുത്തത്. ബറോസിന്റെ റിലീസ് പ്രഖ്യാപിച്ചിരിക്കുകയാണ്. മനോഹരമായ ഒരു പോസ്റ്റര്‍ പുറത്തുവിട്ടാണ് ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചിരിക്കുന്നത്.
ബറോസില്‍ പ്രതീക്ഷയേകുന്ന വേറിട്ട ഒരു പോസ്റ്ററാണ് ചിത്രത്തിന്റേതായി പുറത്തുവിട്ടിരിക്കുന്നത്. ഓണം റിലീസായി സെപ്റ്റംബര്‍ 12നാണ് ചിത്രം പ്രദര്‍ശനത്തിനെത്തുക. ഛായാഗ്രാഹണം നിര്‍വഹിച്ചിക്കുന്നത് സന്തോഷ് ശിവനാണ്.ജിജോ പുന്നൂസ് എഴുതിയ കഥയിലെടുക്കുന്ന ചിത്രം ത്രീഡിയിലാണ് എത്തുക. നിര്‍മാണം ആന്റണി പെരുമ്പാവൂരാണ്. കുട്ടികള്‍ക്കും ഇഷ്‍ടപ്പെടുന്ന ഒരു ഫാന്റസി ചിത്രമായിരിക്കും ബറോസ്. മാര്‍ക്ക് കില്യനും ലിഡിയൻ നാദസ്വരമുമാണ് സംഗീതം പകരുന്നത് എന്ന ഒരു പ്രത്യേകതയുമുണ്ട്.
2019ല്‍ ആയിരുന്നു ബറോസ് പ്രഖ്യാപിച്ചത് ശേഷം 2021ല്‍ ഔദ്യോഗികമായി ലോഞ്ചിംഗ് ചെയ്തു. തുടര്‍ന്ന് 170ഓളം ദിവസം ബറോസിന്‍റെ ഷൂട്ടിംഗ് നടന്നിരുന്നു. പൂര്‍ണമായും ത്രീഡിയില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ മോഹന്‍ലാല്‍ തന്നെയാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ആന്‍റണി പെരുമ്പാവൂര്‍ ആണ് നിര്‍മ്മാണം. ചിത്രത്തിന്‍റെ അണിയറയിലും മുന്‍നിരയിലും വിദേശ കലാകാരന്മാരും അണിനിരക്കുന്നുണ്ട്. നിലവില്‍ തരുണ്‍ മൂര്‍ത്തി ചിത്രത്തിലാണ് മോഹന്‍ലാല്‍ അഭിനയിച്ചു കൊണ്ടിരിക്കുന്നത്.
മോഹൻലാലിന്റേതായി പ്രേക്ഷകര്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രം എമ്പുരാനും പുരോഗമിക്കുകയാണ് എന്നാണ് റിപ്പോര്‍ട്ട്. സംവിധായകൻ പൃഥ്വിരാജാണ് എന്നതാണ് മോഹൻലാല്‍ ചിത്രത്തിന്റെ മറ്റൊരു പ്രധാന ആകര്‍ഷണങ്ങളില്‍ ഒന്ന്. ചെന്നൈയില്‍ ചിത്രീകരണം പൂര്‍ത്തിയാക്കിയതായി എമ്പുരാന്റെ സംവിധായകൻ പൃഥ്വിരാജ് വ്യക്തമാക്കിയിരുന്നു. ഗുജറാത്തിലും മോഹൻലാലിന്റെ എമ്പുരാന്റെ ചെറിയൊരു ഭാഗം ചിത്രീകരിക്കുന്നുണ്ടെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.