വിസ്മയം കൊണ്ട് ഞെട്ടിക്കാൻ ലാലേട്ടന്റെ ബറോസ്! ; ലൊക്കേഷൻ ചിത്രങ്ങൾ അത്ഭുതപ്പെടുത്തുന്നത്
മലയാളത്തിൻറെ പ്രിയ താരം മോഹൻലാൽ ആദ്യമായി സംവിധായകനാകുന്ന ചിത്രമാണ് ബറോസ്. കടലിലും കരയിലും ഉള്ള വാസ്കോഡഗാമയുടെ നിധി കുടുംബങ്ങൾക്ക് 400 വർഷമായി പോർച്ചുഗീസ് തീരത്ത് കാവൽ നിൽക്കുന്ന ഭൂതത്തിന്റെ കഥ ആണ് ബറോസ്.ബറോസ് എന്ന കഥാപാത്രത്തെയാണ് മോഹൻലാൽ ഈ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. ഓരോ കപ്പൽ വരുമ്പോഴും അത് വാസ്കോഡ ഗാമയുടെ പിൻഗാമിയായി ആണെന്ന് അയാൾ കരുതുന്നു. നിധിയുടെ അവകാശി അതിലുണ്ടെന്നും.ഗാമയുടെ പിന്ഗാമിയ്ക്ക് മാത്രമേ ബറോസ് നിധി കൈ മാറുകയുള്ളൂ. അങ്ങനെയിരിക്കെ ഒരു ദിവസം ഒരു കുട്ടി തീരത്തേക്ക് വരുന്നു. ഗാമയുടെ പിന്തുടർച്ചക്കാരനാണെന്ന് അവൻ പറയുന്നു.
പിന്നീട് അവന്റെ കുടുംബത്തെ കണ്ടെത്താൻ നടത്തുന്ന യാത്രയാണ് ബറോസ്. ഇന്ത്യയിലെ ആദ്യ ത്രീ ഡി ചിത്രമായ മൈ ഡിയർ കുട്ടിച്ചാത്തൻ എന്ന ചിത്രത്തെ ആസ്പദമാക്കിയാണ് ബറോസ് എന്ന ചിത്രം ഒരുങ്ങുന്നത്. ഗാഡിയൻസ് ഓഫ് ദി ഗാമസ് ട്രെഷർ എന്ന പേരിൽ ജിജോ ഇംഗ്ലീഷിൽ എഴുതിയ കഥയാണ് ഇപ്പോൾ മോഹൻലാൽ നായകനായി പുറത്തിറങ്ങാൻ ഒരുങ്ങുന്നത്. ബോളിവുഡിലെ മുൻനിര ചായഗ്രഹകരിൽ ഒരാളായ കെ യു മോഹനനാണ് ചിത്രത്തിന് ക്യാമറ കൈകാര്യം ചെയ്യുന്നത്. നിരവധി ബോളിവുഡ് താരങ്ങളും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്. വൻ ബജറ്റിലൊരുങ്ങുന്ന ചിത്രത്തിൽ സ്പാനിഷ് നടി പാസ് വേഗ, സ്പാനിഷ് നടൻ റാഫേൽ മർഗോ തുടങ്ങിയവരാണ് പ്രധാന വേഷങ്ങളിൽ എത്തുന്നത്.
സിനിമയുടെ പോസ്റ്റർ മുതൽ എല്ലാം സമൂഹമാധ്യമങ്ങളിൽ വളരെ പെട്ടെന്ന് വൈറലായി മാറിയിരുന്നു. എന്നാൽ ഇപ്പോൾ ബറോസ് എന്ന ചിത്രത്തിൻറെ ലൊക്കേഷൻ വിശേഷങ്ങൾ ആണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. ഗ്രാവിറ്റി ഇല്യൂഷൻ സാങ്കേതികവിദ്യ ഉപയോഗിച്ച് ചിത്രീകരിക്കുന്ന രംഗങ്ങളാണ് ചിത്രത്തിൻറെ അണിയറപ്രവർത്തകർ ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്. കോട്ടയ്ക്ക് സമാനമായ ഒരു കെട്ടിടത്തിൽ നിൽക്കുന്നതും ഭിത്തിയിലൂടെ നടക്കുന്നതും ഒക്കെയാണ് ചിത്രങ്ങളിൽ കാണാൻ സാധിക്കുന്നത്. ബറോസ് അവതരിപ്പിക്കുന്നത് ഇൻറർനാഷണൽ പ്ലാറ്റ്ഫോമിൽ ആയിരിക്കുമെന്ന് അടുത്തിടെ മോഹൻലാൽ പറഞ്ഞിരുന്നു. ബിഗ് ബോസ് സീസൺ വേദിയിൽ വച്ചായിരുന്നു ബറോസിനെക്കുറിച്ചുള്ള മോഹൻലാലിൻറെ പ്രതികരണം.
ഒരു ത്രീ ഡി ചിത്രമായ ബറോസ് നമ്മൾ ഒരു ഇൻറർനാഷണൽ പ്ലാറ്റ്ഫോമിലാണ് അവതരിപ്പിക്കാൻ പോകുന്നത്. അതിനുള്ള ഭാഗ്യം എനിക്ക് ഉണ്ടാകട്ടെ. അതിനുവേണ്ടിയുള്ള നിങ്ങളുടെ പ്രാർത്ഥന ഞങ്ങൾക്ക് വേണം. 400 വർഷം പഴക്കമുള്ള ഒരു കഥയാണ് ഇത് പറയുന്നത്.അത് വലിയൊരു സിനിമയായി ഞാൻ ഇറക്കുന്നു എന്നാണ് മോഹൻലാൽ അന്ന് പറഞ്ഞത്. 2019 ഏപ്രിലിൽ പ്രഖ്യാപിക്കപ്പെട്ട ചിത്രത്തിൻറെ ഒഫീഷ്യൽ ലോഞ്ച് കഴിഞ്ഞവർഷം മാർച്ച് 24നായിരുന്നു. ആശിർവാദ് സിനിമാസാണ് ബറോസ് നിർമ്മിക്കുന്നത്.