‘ എനിക്ക് പൈസ തന്നില്ലെങ്കിലും ബാക്കിലുള്ള പാവങ്ങള്‍ക്ക് തിരിച്ച് കൊടുക്ക് അവര്‍ക്ക് കുടുംബമുണ്ട്’; ഉണ്ണി മുകുന്ദനോട് ബാല ആവശ്യപ്പെടുന്നു
‘ഷഫീഖിന്റെ സന്തോഷം’ സിനിമയിലെ പ്രതിഫലവുമായി ബന്ധപ്പെട്ട് ഉണ്ണി മുകുന്ദനെതിരെ ഗുരുതര ആരോപണവുമായി നടന് ബാല രംഗത്ത്. ഇരുവരും ഒന്നിച്ചഭിനയിച്ച സിനിമയായിരുന്നു ‘ഷഫീക്കിന്റെ സന്തോഷം’. ചിത്രത്തില്‍ അഭിനയിച്ച നിരവധി പേര്‍ക്ക് പ്രതിഫലം കൊടുത്തില്ല എന്നും കഷ്ടപ്പെട്ടവര്‍ക്ക് തുക കൊടുക്കാതെ ഒരു കോടിക്ക് മുകളില്‍ വിലവരുന്ന പുതിയ കാര്‍ ഉണ്ണി വാങ്ങിയെന്നും ബാല പറയുന്നു.
‘നിനക്ക് വേണ്ടി കഷ്ടപ്പെട്ടവര്‍ക്ക് ക്യാഷ് കൊടുക്ക്. ഞാന്‍ ഇടവേള ബാബുവിനെ വിളിച്ചു കാര്യം പറഞ്ഞിട്ടുണ്ട്. മര്യാദയ്ക്ക് എല്ലാവരെയും സെറ്റ് ചെയ്യണം. എനിക്ക് ഒരു പൈസയും വേണ്ട. കഷ്ടപ്പെട്ട എല്ലാവര്ക്കും പൈസ കൊടുക്കണം. പെണ്ണുങ്ങള്‍ക്ക് മാത്രമല്ല ക്യാഷ് കൊടുക്കേണ്ടത്. അതിനു വേറെ അര്‍ത്ഥമുണ്ട്, ബാല പറഞ്ഞു.
ചിത്രത്തിന്റെ ചിലവ് ഒന്നരക്കോടിയോളം മാത്രമാണെന്നും ഗ്രോസ്സ് 11 കോടിയില്‍ അധികം നേടിയിട്ടും സ്ത്രീ കഥാപാത്രങ്ങള്ക്കൊഴിച്ചു ആര്‍ക്കും പ്രതിഫലം നല്‍കിയിട്ടില്ലെന്നും, മറ്റുള്ളവര്‍ പേടി കൊണ്ട് പുറത്തു പറയാത്തത് ആണെന്നും ബാല പറയുന്നു. ഉണ്ണി മുകുന്ദന് ക്യമറയുടെ മുന്പില് വലിയ അഭിനയം ആണ്. ഇവരെയാണ് എല്ലാവരും വിശ്വസിക്കുന്നത്. പക്ഷെ എല്ലാം കള്ളമാണ്. സത്യങ്ങളെല്ലാം പുറത്തുവരട്ടെ. ബാല പറഞ്ഞു.
മേപ്പടിയാന് എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിനു ശേഷം ഉണ്ണിമുകുന്ദന് ഫിലിംസിന്റെ ബാനറില്‍ ഉണ്ണിമുകുന്ദന് നിര്‍മ്മിച്ച ഏറ്റവും പുതിയ ചിത്രമായിരുന്നു ഷഫീഖിന്റെ സന്തോഷം. ഉണ്ണിമുകുന്ദന് തന്നെയാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത്. ‘പാറത്തോട്’ എന്ന ചെറിയ ഗ്രാമത്തിലെ ഒരു സാധാരണ കുടുംബത്തില്‍ നിന്നുള്ള പ്രവാസിയായ ‘ഷെഫീഖ് ‘എന്ന ചെറുപ്പക്കാരന്റെ കഥയാണ് ചിത്രം പറയുന്നത്.
നവാഗതനായ അനൂപ് പന്തളം സംവിധാനെ ചെയ്ത ചിത്രത്തില്‍ മനോജ് കെ ജയന്, ദിവ്യാ പിള്ള, ബാല, ആത്മീയ രാജന്, ഷഹീന് സിദ്ദിഖ്, മിഥുന് രമേശ്, സ്മിനു സിജോ, ജോര്‍ഡി പൂഞ്ഞാര്‍ തുടങ്ങിയവരും പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.