‘പത്താന് ഗുജറാത്തില്‍ റിലീസ് ചെയ്യാന്‍ അനുവദിക്കില്ല’ ; ബജ്രംഗ്ദള്
ഏറെ വിവാദങ്ങള്‍ക്കൊടുവില്‍ ഷാരൂഖ് ഖാന് നായകനായി എത്തിയ പത്താന് ജനുവരി 25നു പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്തുകയാണ്. നാല് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം എത്തുന്ന ഷാരൂഖ് ഖാന് ചിത്രമെന്ന നിലയില്‍ പ്രഖ്യാപനം മുതല്‍ പ്രേക്ഷക ശ്രദ്ധനേടിയ സിനിമയാണ് ‘പത്താന്’. ചിത്രത്തിലെ ആദ്യഗാനത്തിനെതിരെ വിവാദങ്ങള്‍ പൊട്ടിപ്പുറപ്പെട്ടെങ്കിലും പത്താന്റെ പ്രേക്ഷക പ്രീതിയ്ക്ക് കുറവൊന്നും തട്ടിയില്ല എന്നതാണ് സത്യം.
ഇപ്പോഴിതാ പത്താനെതിരെ വീണ്ടും ഭീഷണിയുമായി രംഗത്തെത്തിയിരിക്കുകയാണ് ബജ്രംഗ്ദള് പ്രവര്‍ത്തകര്‍. പത്താന് എന്ന സിനിമ ഗുജറാത്തില്‍ പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കില്ലെന്നാണ് ബജ്രംഗ്ദള് പ്രവര്‍ത്തകര്‍ പറയുന്നത്. സെന്‍സര്‍ ബോര്‍ഡ് അനുമതി നല്കിയാലും ചിത്രം സംസ്ഥാനത്ത് റിലീസ് ചെയ്യാന്‍ അനുവദിക്കില്ല എന്നാണ് അവര്‍ പറയുന്നത്. നേരത്തെ ഇവര്‍ മാള്‍ നശിപ്പിക്കുകയും പത്താന്റെ പോസ്റ്ററുകള്‍ നശിപ്പിക്കുകയും പ്രതിഷേധങ്ങള്‍ നടത്തി കോലം കത്തിക്കുകയും ചെയ്തിരുന്നു. അതിനു പിന്നാലെയാണ് പുതിയ ഭീഷണി.
അതേസമയം, വിഷയത്തില്‍ പ്രതികരണവുമായി ചിത്രത്തിന്റെ നിര്‍മ്മാതാവ് അശോക് പണ്ഡിറ്റ് രംഗത്തെത്തി. ബജ്രംഗ്ദള് നടപടിയെ പൂര്‍ണ്ണമായും അപലപിക്കുന്നതയും ഈ രാജ്യം ഒരു ഭരണഘടന, ഒരു നിയമം, നടപ്പിലാക്കുന്ന ഏജന്‍സികള്‍ എന്നിവയ്ക്ക് കീഴിലാണ് പ്രവര്‍ത്തിക്കുന്നത് എന്നും നിര്‍മ്മാതാവ് പറഞ്ഞു. ഇങ്ങനെ ഭീഷണിപ്പെടുത്തുന്നവര്‍ക്ക് എതിരെ കര്‍ശന നടപടി സ്വീകരിക്കേണ്ടത് സര്‍ക്കാരിന്റെ കടമയാണെന്നും നിര്‍മ്മാതാവ് ചൂണ്ടിക്കാട്ടുന്നു.
സര്‍ക്കാര്‍ നല്കിയ നിയമപരമായ അനുമതിക്ക് ശേഷം സിനിമ റിലീസ് ചെയ്യേണ്ടത് ഒരു ചലച്ചിത്ര നിര്‍മ്മാതാവിന്റെ അവകാശമാണെന്നും അശേക് കൂട്ടിച്ചേര്‍ത്തു. പത്ത് കട്ടുകള്‍ വരുത്തിയ ശേഷമാണ് സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്ട്ടിഫിക്കേഷന് പഠാന് യുഎ സര്‍ട്ടിഫിക്കറ്റ് നല്‍കിയത്. സംഭാഷണങ്ങള്‍ കൂടാതെ മൂന്ന് ഷോട്ടുകളും സെന്‍സര്‍ ബോര്‍ഡ് നീക്കം ചെയ്തിട്ടുണ്ട്. ഇത് മൂന്നും വിവാദത്തിന് ഇടയാക്കിയ ഗാനരംഗത്തിലേതാണ്.
സിദ്ധാര്‍ഥ് ആനന്ദ് സംവിധാനം ചെയ്ത ചിത്രമാണ് പത്താന്. ഡിംപിള്‍ കപാഡിയ, ഷാജി ചൗധരി, ഗൗതം, അഷുതോഷ് റാണ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍. പാഠാനിലെ ആദ്യ വീഡിയോ ഗാനത്തില്‍ ദീപിക പദുകോണ്‍ ധരിച്ച ബിക്കിനിയുടെ നിറത്തെച്ചൊല്ലിയാണ് ബഹിഷ്കരണാഹ്വാനങ്ങളും വിവാദങ്ങളും ഉയര്‍ന്നത്.