‘നെഗറ്റീവ് റിവ്യൂ പറയാന്‍ മാത്രം തിയേറ്റില്‍ എത്തുന്നവരുണ്ട്’ ബാബുരാജ് തുറന്നടിക്കുന്നു
സിനിമ റിലീസ് ചെയ്യുന്ന ദിവസം തന്നെ ചിലര്‍ മോശമായി സിനിമയെ റിവ്യൂ ചെയ്യുന്നതിനെതിരെ തുറന്നടിച്ച് നടന്‍ ബാബു രാജ് രംഗത്ത്. തേര് എന്ന സിനിമയുടെ പ്രമോഷന്‍ പരിപാടിക്കിടെയാണ് ബാബുരാജ് തന്റെ അഭിപ്രായം തുറന്നു പറഞ്ഞത്. ഒരു സിനിമ കണ്ടാല്‍ അതില്‍ തോന്നുന്ന അഭിപ്രായം രണ്ട് ദിവസം മാറ്റിവച്ചാല്‍ നല്ലതാണ്. അതിനാല്‍ ആ സിനിമ ചിലപ്പോള്‍ രക്ഷപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.
പൈസ കൊടുത്തു സിനിമ കാണുന്നവര്‍ക്ക് അഭിപ്രായം പറയാനുള്ള അവകാശമുണ്ട്. പക്ഷേ എല്ലാ പടവും റിലീസ് ദിവസം തന്നെ കണ്ട് മോശം അഭിപ്രായം പൊതുമധ്യത്തില്‍ പറയുന്നവരുടെ ഉദ്ദേശ്യം വേറെയാണെന്നും ഇത്തരം സമീപനം സിനിമയുടെ എല്ലാ തരത്തിലുമുള്ള ബിസിനസിനെയും ബാധിക്കുന്നുണ്ടെന്നും ബാബുരാജ് കൂട്ടിച്ചേര്‍ത്തു.
പണം കൊടുത്ത് തിയേറ്ററില്‍ പോയ സിനിമ കണ്ട ഒരു പ്രേക്ഷകന് സിനിമയെക്കുറിച്ച് അഭിപ്രായം പറയുവാനുള്ള അവകാശം ഉണ്ട്. പക്ഷേ ഒരു വ്യക്തി തന്നെ എല്ലാ സിനിമകളെക്കുറിച്ചും പറയുമ്പോള്‍ അത് മറ്റൊരു വേര്‍ഷനിലേക്ക് എത്തുന്നു. പക്ഷേ അത് പരസ്യമായി പറയാന്‍ രണ്ടു ദിവസം വെയ്റ്റ് ചെയ്തുകൂടേ എന്നു മാത്രമേ ഞാന്‍ ചോദിക്കുന്നുള്ളൂ. രണ്ടു ദിവസം സമയം കൊടുക്കൂ, ചിലപ്പോള്‍ ആ സിനിമ രക്ഷപ്പെട്ടു പോയാലോ. ബാബു രാജ് പറഞ്ഞു.
ഒരു പ്രേക്ഷകന് ഇഷ്ടപ്പെടുന്ന സിനിമ മറ്റൊരാള്‍ക്ക് ഇഷ്ടമാകണമെന്നില്ല. ഇപ്പോള്‍ത്തന്നെ, അവതാര്‍ എന്ന സിനിമയെക്കുറിച്ച് എന്തെല്ലാം പറഞ്ഞുകൊണ്ടിരിക്കുന്ന സമയമാണ്. അഭിപ്രായം പറയാന്‍ എല്ലവര്‍ക്കും അവകാശമുണ്ട്. എന്ന് കരുതി എല്ലാ പടവും ആദ്യ ദിവസം പോയി കണ്ട് പുറത്തിറങ്ങി ക്യാമറയും കൊണ്ട് നടക്കുന്നവരെ വിളിച്ചുവരുത്തി മോശം അഭിപ്രായം പറഞ്ഞ് സിനിമയെ താറടിച്ചു കാണിക്കുന്നത് ശരിയാണോ? ചില വിദ്വാന്മാര്‍ ഇങ്ങനെ മോശം പറയുന്നതിനുവേണ്ടിത്തന്നെ തിയറ്ററുകളിലെത്താറുണ്ട്. ക്യാമറയുടെ പുറകെ പോയി സിനിമയെക്കുറിച്ച് മോശം പറയുകയാണ് ഇവരുടെ രീതിയെന്നും അദ്ദേഹം പറയുന്നു.
കഴിഞ്ഞ ദിവസങ്ങളില്‍ ഏറ്റവുമധികം മോശം കമന്റ് കേട്ടത് ‘ഗോള്‍ഡ്’ എന്ന ചിത്രത്തെ കുറിച്ചാണ്. ആദ്യ ദിവസം ആദ്യ ഷോ തന്നെ പോയിക്കണ്ട് അഭിപ്രായം പബ്ലിക് ആയി പറയുകയാണ്. അങ്ങനെയൊരു വൈരാഗ്യമൊന്നും ആരോടും കാണിക്കരുതെന്നും ബാബു രാജ് പറയുന്നു.