‘എളിമയും സ്‌നേഹവും ഉള്ള ആളാണ് വിജയ്, തന്റെ ഫാന്‍ ആണ് അദ്ദേഹം’ ; ബാബു ആന്റണി
1 min read

‘എളിമയും സ്‌നേഹവും ഉള്ള ആളാണ് വിജയ്, തന്റെ ഫാന്‍ ആണ് അദ്ദേഹം’ ; ബാബു ആന്റണി

തെന്നിന്ത്യന്‍ സിനിമയില്‍ ഏറെ പ്രേക്ഷക പ്രതീക്ഷയിലുള്ള പ്രോജക്റ്റ് ആണ് വിജയ്യെ നായകനാക്കി ലോകേഷ് കനകരാജ് ഒരുക്കുന്ന ലിയോ. ബോക്സ് ഓഫീസില്‍ വിജയം നേടിയ മാസ്റ്ററിന് ശേഷം ഇരുവരും ഒരുമിക്കുന്ന ചിത്രത്തിന്റെ അപ്ഡേറ്റുകളാണ് തമിഴ് സിനിമാപ്രേമികളുടെ സോഷ്യല്‍ മീഡിയ ടൈംലൈനുകളില്‍ എത്തുന്നത്. കശ്മിരില്‍ ചിത്രീകരണം കഴിഞ്ഞ ദിവസമാണ് പൂര്‍ത്തിയായത്. ‘ലിയോ’യിലെ താരങ്ങളുടെയും സാങ്കേതിക പ്രവര്‍ത്തകരുടെയും ഫോട്ടോ നേരത്തെ ലോകേഷ് പുറത്തുവിട്ടത് വൈറലായിരുന്നു. വിജയ് നായകനാകുന്ന ‘ലിയോ’ എന്ന ചിത്രത്തില്‍ മലയാളത്തിന്റെ പ്രിയ നടന്‍ ബാബു ആന്റണിയും അഭിനയിക്കുന്നുവെന്ന വാര്‍ത്ത വന്നിരുന്നു. ഇപ്പോഴിതാ വിജയിയെ കുറിച്ച് നടന്‍ ബാബു ആന്റണി പറഞ്ഞ വാക്കുകളാണ് ശ്രദ്ധനേടുന്നത്.

ലിയോ സെറ്റില്‍ നിന്നും വിജയിയ്ക്ക് ഒപ്പമെടുത്ത ഫോട്ടോ സഹിതം ആണ് ബാബു ആന്റണി പോസ്റ്റ് പങ്കുവച്ചിരിക്കുന്നത്. എളിമയും സ്‌നേഹവും ഉള്ള ആളാണ് വിജയ് എന്നും തന്റെ ഫാന്‍ ആണെന്ന് അദ്ദേഹം പറഞ്ഞുവെന്നും ബാബു ആന്റണി പറയുന്നു. ‘മറ്റാരുമല്ല, ഇളയ ദളപതി വിജയ് സാറിനൊപ്പം. അദ്ദേഹം വളരെ എളിമയും സ്‌നേഹവും ഉള്ള ആളാണ്. എന്റെ പൂവിഴി വാസലിലെ, സൂര്യന്‍, വിണ്ണൈ താണ്ടി വരുവായ തുടങ്ങിയ സിനിമകള്‍ താന്‍ ശരിക്കും ആസ്വദിച്ചുവെന്നും അദ്ദേഹം എന്റെ ആരാധകനാണെന്നും പറഞ്ഞത് എനിക്ക് വളരെ സന്തോഷമായി. ആ വാക്കുകള്‍ കേട്ട് ഞാന്‍ നന്നേ ഞെട്ടി. അദ്ദേഹത്തിന്റെ എല്ലാ നല്ല വാക്കുകളും കേട്ട് ഞാന്‍ ആശ്ചര്യപ്പെട്ടു. കൂടാതെ ലോകേഷ് സാറില്‍ നിന്നും യൂണിറ്റിലെ പലരും. അത്തരമൊരു അനുഗ്രഹം. വിജയ് സാറിനെയും എല്ലാവരെയും ഞാന്‍ ആദ്യമായാണ് കാണിന്നതും’, എന്നാണ് ബാബു ആന്റണി കുറിച്ചത്.

തൃഷയാണ് വിജയ് ചിത്രത്തില്‍ നായിക. വിജയ്യും തൃഷയും 14 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് വീണ്ടും ഒന്നിക്കുന്നത്. ബോളിവുഡ് താരം സഞ്ജയ് ദത്തിന് പുറമെ തെന്നിന്ത്യയിലെ ഒരു വമ്പന്‍ താരനിര തന്നെ സിനിമയുടെ ഭാഗമാകും. മലയാളി നടന്‍ മാത്യു തോമസ് ദളപതി 67ല്‍ അഭിനയിക്കുന്നുണ്ട്. കൂടാതെ തമിഴകത്തിന്റെ ആക്ഷന്‍ കിങ് അര്‍ജുന്‍ സര്‍ജ, സംവിധായകരായ ഗൗതം മേനോന്‍, മിഷ്‌കിന്‍, ഡാന്‍സ് മാസ്റ്റര്‍ സാന്‍ഡി, നടന്‍ മന്‍സൂര്‍ അലിഖാന്‍ നടി പ്രിയാ ആനന്ദ് എന്നിവരും ചിത്രത്തിന്റെ ഭാഗമാകും.

തമിഴിലെ പ്രമുഖ ബാനര്‍ ആയ സെവന്‍ സ്‌ക്രീന്‍ സ്റ്റുഡിയോ നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ സംഗീത സംവിധാനം അനിരുദ്ധ് രവിചന്ദര്‍ ആണ്. ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത് മനോജ് പരമഹംസയാണ്. ലോകേഷിനൊപ്പം രത്മകുമാറും ധീരജ് വൈദിയും ചേര്‍ന്നാണ് സംഭാഷണ രചന നിര്‍വ്വഹിക്കുന്നത്. സംഘട്ടന സംവിധാനം അന്‍പറിവ്, എഡിറ്റിംഗ് ഫിലോമിന്‍ രാജ്, കലാസംവിധാനം എന്‍ സതീഷ് കുമാര്‍, നൃത്തസംവിധാനം ദിനേശ്, രാംകുമാര്‍ ബാലസുബ്രഹ്മണ്യമാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍.