‘ഇന്ന് ഷാരൂഖ് ഖാന്റെ പോസ്റ്റർ കത്തിച്ചു, നാളെ അവനെ ജീവനോടെ ചുട്ടുകൊല്ലും’ : ഭീഷണി മുഴക്കി അയോധ്യയിലെ ആചാര്യൻ
നാലുവർഷത്തെ ഇടവേളയ്ക്ക് ശേഷം ഷാറൂഖ് ഖാൻ നായകനാകുന്ന ഏറ്റവും പുതിയ ബോളിവുഡ് സിനിമയാണ് പത്താൻ. ഈ സിനിമയിലെ ഒരു വീഡിയോ സോങ് ആയി പുറത്തിറങ്ങിയ ‘ബേഷാരം രംഗ്’ ഇപ്പോൾ വലിയ ചർച്ചകൾക്കും വിവാദങ്ങൾക്കും വഴിവെട്ടിയിരിക്കുകയാണ്. ഈ ഗാനത്തിലെ ചില രംഗങ്ങൾ കണ്ടതോടെ ചിലർ ആകെ ഹാലിളകിയ മട്ടാണ്. ഇതെല്ലാം കാരണം ആകെ പൊല്ലാപ്പായിരിക്കുകയാണ് പത്താന്റെ അണിയറ പ്രവർത്തകരും. നായിക ദീപിക പദുകോണിന്റെ അതീവ ഗ്ലാമറസ് രംഗങ്ങൾ കൊണ്ട് സമ്പന്നമായ പത്താനിലെ പാട്ട് രംഗങ്ങളിൽ ദീപിക ധരിച്ച കാവി ഓറഞ്ച് കളർ ബിക്കിനി വേഷത്തെ ചൊല്ലിയാണ് ഇപ്പോൾ ഈ കാണുന്ന എല്ലാ പുകിലുകളും വിവാദങ്ങളും പൊട്ടിപുറപ്പെട്ടത്. തീവ്ര ഹിന്ദുമത വക്താക്കൾ എന്ന് പറയപ്പെടുന്നവരും സന്യാസിമാർ എന്ന് പറയപ്പെടുന്നവരും ഒക്കെ ഈ സിനിമ ബഹിഷ്കരിക്കണം എന്നും മറ്റും പറഞ്ഞ് ഷാരൂഖ് ഖാന്റേയും ദീപികയുടേയും ഒക്കെ കോലം കത്തിക്കൽ പ്രതിഷേധ പരിപാടികൾ വരെ ഇപ്പോൾ അവിടെ ഇവിടെ ഒക്കെയായി നടക്കുകയാണ്.
ദീപിക പദുകോൺ ആ വസ്ത്രം ധരിച്ചത് ഹിന്ദു വിശ്വാസങ്ങളെ അപമാനിക്കാനും വെല്ലുവിളിക്കാനും ആണെന്നാണ് തീവ്ര ഹിന്ദുത്വവാദികൾ പറയുന്നത്. ഈ ഗാനരംഗം പിൻവലിക്കണം ഈ സിനിമ ബഹിഷ്കരിക്കണം എന്നെല്ലാം പറഞ്ഞാണ് ഈ ബഹളങ്ങൾ ഇവർ നടത്തുന്നത്. ഈ സിനിമ ബഹിഷ്കരിക്കണം എന്നും പിൻവലിക്കണമെന്നും എന്ന ആവശ്യപ്പെട്ടവരിൽ മധ്യപ്രദേശ് ആഭ്യന്തര മന്ത്രി വരെ ഉണ്ടായിരുന്നു എന്നുള്ളതാണ് മറ്റൊരു വസ്തുത. ഇപ്പോൾ ഇതാ അയോധ്യയിലെ പുരോഹിതരും ഷാരൂഖാന് എതിരെയും പത്താൻ സിനിമയ്ക്കെതിരെയും രംഗത്തെത്തിരിക്കുകയാണ്. ഷാരൂഖിനെ മുന്നിൽ കണ്ടുമുട്ടിയാൽ ജീവനോടെ ചുട്ടു കൊല്ലുന്നതിനു പോലും മടിക്കില്ല എന്നാണ് തപസ്വി ചാവനിയിലെ മഹന്ത് പരമഹംസ ആചാര്യ പറഞ്ഞിരിക്കുന്നത്. ആ ഗാനത്തിൽ അങ്ങനെ ഒരു വസ്ത്രം ധരിച്ച് ദീപിക എത്തിയത് നിമിത്തം കാവിനിറത്തെ അപമാനിച്ചു എന്ന് ആചാര്യ പറയുന്നു.
നമ്മുടെ സനാതന ധർമ്മത്തിലെ ആളുകൾ ഇക്കാര്യത്തിൽ തുടർച്ചയായി പ്രതികരിക്കുമെന്നും അദ്ദേഹം പറയുന്നു. ഞങ്ങൾ ഇന്ന് ഷാരൂഖ് ഖാന്റെ പോസ്റ്റർ കത്തിച്ചു, നാളെ നേരിട്ട് കാണാൻ സാധിച്ചാൽ ഞാൻ അവനെ ജീവനോടെ ചുട്ടുകൊല്ലുമെന്നും പത്താൻ സിനിമ തിയേറ്ററുകളിൽ റിലീസ് ചെയ്താൽ തീയിടുമെന്നും പരമഹംസ ആചാര്യ ഭീഷണി മുഴക്കുന്നു. എല്ലാവരും പത്താം ബഹിഷ്കരിക്കണം എന്നും അദ്ദേഹം അഭ്യർത്ഥിക്കുകയാണ്. ബിജെപി എംപിയും എംഎൽഎയും മറ്റു ചില ഹിന്ദുത്വവാദികളായ പ്രമുഖരും ഈ വിഷയത്തിൽ ഷാറൂഖാനും സിനിമയ്ക്കും എതിരെ രൂക്ഷ നിലപാടാണ് സ്വീകരിക്കുന്നത്. എന്നാൽ എന്തൊക്കെ പറഞ്ഞാലും ഈ സിനിമ തിയേറ്ററിൽ തന്നെ കാണും എന്ന് പറയുന്ന ഒരു ബഹുഭൂരിപക്ഷം ജനങ്ങളും ഇന്ത്യയിലുണ്ട്.
News summary : Shah Rukh Khan’s latest film Pathan facing Boycott threat from some Hindus.