12,000 കോടി കളക്ഷന്‍ നേടി അവതാര്‍ 2; ഞെട്ടിത്തരിച്ച് സിനിമാ ലോകം
ലോകമെമ്പാടുമുള്ള സിനിമാ പ്രേമികള്‍ ഏറെ ആകാംഷയോടെ കാത്തിരുന്ന ചിത്രമായിരുന്നു അവതാര്‍ 2 അഥവാ ‘അവതാര്‍: ദ വേ ഓഫ് വാട്ടര്‍’. കഴിഞ്ഞ ഡിസംബര്‍ 16നാണ് ചിത്രം ലോകമെമ്പാടുമുള്ള തിയേറ്ററുകളില്‍ എത്തിയത്. പതിമൂന്ന് വര്‍ഷത്തെ നീണ്ട ഇടവേളയ്ക്ക് ശേഷമാണ് ജയിംസ് കാമറൂണ്‍ ചിത്രം പ്രേകഷകരിലേക്ക് എത്തിച്ചത്. ഇക്കഴിഞ്ഞ ബുധനാഴ്ചവരെയുള്ള കണക്ക് പ്രകാരം 2022 ല്‍ റിലീസായ ചിത്രങ്ങളില്‍ ഏറ്റവും പണം വാരിയ പടമായി ‘അവതാര്‍: ദ വേ ഓഫ് വാട്ടര്‍’ ഒന്നാംസ്ഥാനത്ത് ഉണ്ടെന്നാണ് റിപ്പോര്‍ട്ട്. ജെയിംസ് കാമറൂണ്‍ ഒരുക്കിയ ‘അവതാര്‍: ദി വേ ഓഫ് വാട്ടര്‍’ ആഗോള ബോക്സ് ഓഫീസില്‍ ‘ടോപ്പ് ഗണ്‍: മാവെറിക്കിനെ’ പിന്തള്ളിയാണ് 2022-ല്‍ പുറത്തിറങ്ങിയ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ ചിത്രമായത്.
1.5 ബില്യണ്‍ ഡോളര്‍ (12,341 കോടി രൂപ) ആണ് അവതാര്‍ 2 ന്റെ ഇതുവരെയുള്ള കളക്ഷന്‍. അതേസമയം അവതാര്‍ 3 ന്റെ ചിത്രീകരണം കാമറൂണും സംഘവും ഇതിനകം പൂര്‍ത്തീകരിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. വിഷ്വല്‍ എഫക്റ്റ്സ് അടക്കമുള്ള പോസ്റ്റ് പ്രൊഡക്ഷനാണ് ഇനി അവശേഷിക്കുന്നത്. കൂടാതെ ചിത്രത്തിന്റെ നാല്, അഞ്ച് ഭാഗങ്ങളുടെ രചനയും പൂര്‍ത്തീകരിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഒപ്പം നാലാം ഭാഗത്തിന്റെ ചില ഭാഗങ്ങളുടെ ചിത്രീകരണവും മുഴുമിപ്പിച്ചിട്ടുണ്ട്.
ഹോളിവുഡ് റിപ്പോര്‍ട്ടറിന്റെ കണക്കുകള്‍ അനുസരിച്ച്, ബുധനാഴ്ച വരെ യുഎസില്‍ 454 മില്യണ്‍ ഡോളര്‍ കളക്ഷന്‍ അവതാര്‍ രണ്ടാംഭാഗം നേടി. ഒപ്പം തന്നെ അന്താഷ്ട്ര ബോക്സോഫീസില്‍ 1 ബില്യണ്‍ കവിഞ്ഞു. മൊത്തത്തില്‍ ബുധനാഴ്ച ചിത്രത്തിന്റെ കളക്ഷന്‍ 1.51 ബില്ല്യണ്‍ എന്ന തുക കടന്നു. ഈ കളക്ഷനോടെ ‘അവതാര്‍: ദി വേ ഓഫ് വാട്ടര്‍’ എക്കാലത്തെയും മികച്ച വരുമാനം നേടിയ 10-മത്തെ ചിത്രമായി മാറി.
കൊവിഡ് കാലത്തിന് ശേഷം ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടുന്ന രണ്ടാമത്തെ ചിത്രമാണ് ‘അവതാര്‍: ദി വേ ഓഫ് വാട്ടര്‍’. സ്പൈഡര്മാന്: നോ വേ ഹോം ആണ് ഒന്നാം സ്ഥാനത്ത്. 2021 ല്‍ റിലീസായ ഈ ചിത്രത്തിന് 1.916 ബില്യണ്‍ ഡോളറാണ് കളക്ഷന്‍ ലഭിച്ചത്. പാരാമൗണ്ട് പ്രൊഡ്യൂസ് ചെയ്ത ‘ടോപ്പ് ഗണ്‍: മാവെറിക്ക്’ 2022 മെയ് മാസത്തിലാണ് പുറത്തിറങ്ങിയത്. ടോം ക്രൂസിന്റെ ഈ എവിയേഷന്‍ ആക്ഷന്‍ ചിത്രം ആഗോളതലത്തില്‍ 1.49 ബില്യണ്‍ ഡോളറാണ് കളക്ഷന്‍ നേടിയത്.