‘പടം ഹിറ്റായാൽ പൃഥ്വിരാജ് 5 കോടിയുടെ കാർ വാങ്ങും, പക്ഷെ സുരേഷ് ഗോപി 10 പേർക്ക് കൂടുതൽ നന്മ ചെയ്യും’
ഏറ്റവും കൂടുതൽ മത്സരം നടക്കുന്ന മേഖലയാണ് സിനിമാ മേഖല. അത് ഓരോ സിനിമയുടേയും കലക്ഷൻ റിപ്പോർട്ടുകൾ പുറത്ത് വരുമ്പോൾ തന്നെ നമുക്ക് മനസിലാക്കാൻ സാധിക്കും. പടം വിജയിച്ചാലും തോറ്റാലും താരങ്ങൾ പരസ്പരം ഏറ്റുമുട്ടുകയോ മത്സരിക്കുകയോ ചെയ്യാറില്ലെങ്കിലും അവരുടെ ഫാൻസ് തങ്ങളുടെ പ്രിയപ്പെട്ട താരത്തെ വർണിച്ചും മറ്റുള്ള അഭിനേതാക്കളെ പരിഹാസിക്കാനും മടികാണിക്കാറില്ല. ചിലപ്പോഴൊക്കെ ഫാൻ ഫൈറ്റ് അതിര് കടന്ന് പോകുന്ന സ്ഥിതിയുമുണ്ടാകാറുണ്ട്.
അടുത്തിടെ തിയേറ്ററുകളിൽ റിലീസ് ചെയ്ത രണ്ട് സിനിമകളാണ് പൃഥ്വിരാജിന്റെ കടുവയും സുരേഷ് ഗോപിയുടെ പാപ്പനും. വലിയ ഫാൻ ബേസുള്ള മലയാളത്തിലെ രണ്ട് താരങ്ങൾ കൂടിയാണ് സുരേഷ് ഗോപിയും പൃഥ്വിരാജും. ഷാജി കൈലാസിന്റെ സംവിധാനത്തിലാണ് പൃഥ്വിരാജിന്റെ കടുവ തിയേറ്ററുകളിലെത്തിയത്. സംവിധായകൻ ജോഷിയായിരുന്നു പാപ്പനൊരുക്കിയത്. പൃഥ്വിരാജിന്റെ കടുവ ഇപ്പോൾ ഒടിടി റിലീസിന് തയ്യാറെടുക്കുകയാണ്. അതേസമയം ഇരുവരേയും താരതമ്യപ്പെടുത്തി സോഷ്യൽമീഡിയയിൽ വലിയ ചർച്ചകൾ നടക്കുന്നുണ്ട്. ഇരുവരുടേയും പ്രവൃത്തികളും നിലപാടുകളുമെല്ലാമാണ് ചർച്ചയിലെ വിഷയം.
പൃഥ്വിരാജ് പടം ഹിറ്റായാൽ ഓടിപ്പോയി ലക്ഷങ്ങൾ മുടക്കി കാറ് വാങ്ങുമെന്നും അതേസമയം സുരേഷ് ഗോപിയുടെ പടമാണ് ഹിറ്റാകുന്നതെങ്കിൽ അദ്ദേഹം തന്റെ വരുമാനത്തിൽ പത്ത് പേർക്ക് കൂടി കൂടുതൽ നന്മ ചെയ്യാൻ ശ്രമിക്കും എന്നിങ്ങനെയൊക്കെയായിരുന്നു കമന്റുകൾ. സുരേഷ് ഗോപിയുടെ രാഷ്ട്രീയം നിലപാടുകളോട് വെറുപ്പുള്ളവരും പാപ്പൻ സിനിമ പ്രഖ്യാപിച്ചപ്പോഴും ട്രെയിലർ പോലുള്ളവ പുറത്ത് വന്നപ്പോഴും കമന്റിട്ട് പ്രതിഷേധിച്ചിരുന്നു. എത്ര നല്ല സിനിമയാണെന്ന് പറഞ്ഞാലും സുരേഷ് ഗോപിയുടെ സിനിമ കാണാൻ തിയേറ്ററിൽ പോകില്ലെന്നതായിരുന്നു പ്രധാനമായും വന്ന നെഗറ്റീവ് കമന്റുകളിൽ ഒന്ന്.
അതേസമയം അദ്ദേഹം സമൂഹത്തിന് ചെയ്യുന്ന നല്ല പ്രവൃത്തികളുടെ അടിസ്ഥാനത്തിൽ സുരേഷ് ഗോപിയെ സ്നേഹിച്ച് അദ്ദേഹത്തിന്റെ സിനിമ കാണാൻ തിയേറ്ററിൽ പോയവരും നിരവധിയാണ്. പാപ്പൻ സിനിമയുടെ പ്രമോഷന്റെ ഭാഗമായി സുരേഷ് ഗോപി നൽകിയ എല്ലാ അഭിമുഖങ്ങളും വൈറലായിരുന്നു. അഭിമുഖങ്ങൾ കണ്ടതോടെ സുരേഷ് ഗോപിയോടുള്ള ഇഷ്ടം കൂടിയെന്നാണ് ചിലരൊക്കെ കമന്റ് ചെയ്തത്. സുരേഷ് ഗോപി വർഷങ്ങൾക്ക് ശേഷം പൊലീസ് കഥാപാത്രം ചെയ്ത സിനിമ കൂടിയായിരുന്നു പാപ്പൻ. ജോഷി സംവിധാനം ചെയ്ത സിനിമയിൽ താരത്തിന്റെ മകൻ ഗോകുൽ സുരേഷും അഭിനയിച്ചിരുന്നു.