ആസിഫ് അലിയും മംമ്തയും ഒന്നിക്കുന്ന ‘മഹേഷും മാരുതിയും’ ; റിലീസ് തിയതി പ്രഖ്യാപിച്ചു
കൊത്ത് എന്ന സിനിമയ്ക്ക് ശേഷം ആസിഫ് അലി കേന്ദ്ര കഥാപാത്രമായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് മഹേഷും മാരുതിയും. ഒരു മാരുതി കാറിനേയും പെണ്‍കുട്ടിയേയും പ്രേമിക്കുന്ന മഹേഷ് എന്ന യുവാവിന്റെ കഥയാണ് ചിത്രം പറയുന്നത്. 2021ല്‍ പ്രഖ്യാപിച്ച ചിത്രത്തില്‍ മംമ്ത മോഹന്‍ദാസ് ആണ് നായികയായി എത്തുന്നത്. സത്യന് അന്തിക്കാട് സംവിധാനം ചെയ്ത ‘കഥ തുടരുന്നു’ എന്ന ചിത്രത്തിനു ശേഷം ആസിഫ് അലിയും മംമ്താ മോഹന്‍ദാസും ജോഡികളാകുന്നത് വലിയൊരു ഇടവേളക്കുശേഷമാണ്. ചിത്രത്തിന് സെന്‍സര്‍ ബോര്‍ഡ് ക്ളീന്‍ യു സെര്‍ട്ടിഫിക്കറ്റാണ് നല്‍കിയിരിക്കുന്നത്. നേരത്തെ റിലീസ് പ്രഖ്യാപിച്ച് മാറ്റിവെച്ച ചിത്രം എന്തായാലും പ്രദര്‍ശനത്തിന് തയ്യാറായിരിക്കുകയാണ്. തികച്ചും വ്യത്യസ്തമായ പശ്ചാത്തലത്തിലുള്ള ഒരു ചിത്രമാണ് ‘മഹേഷും മാരുതി’യും. ചിത്രം മാര്‍ച്ച് 10ന് പ്രദര്‍ശനത്തിനെത്തുന്നു.
സേതു തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ 1984 മോഡല്‍ മാരുതി 800 കാറാണ് പ്രധാന കഥാപാത്രമായി എത്തുന്നത്. മണിയന്‍പിള്ള രാജു പ്രൊഡക്ഷന്സിനൊപ്പം വിഎസ്എല്‍ ഫിലിം ഹൗസും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. വിജയ് ബാബു, ശിവ ഹരിഹരന് (ഹൃദയം ഫെയിം), വിജയ് നെല്ലീസ്, വരുണ്‍ ധാരാ (സൂപ്പര്‍ ശരണ്യാ ഫെയിം) ഡോ.റോണി രാജ്, സാദിഖ്, വിജയകുമാര്‍, പ്രശാന്ത് അല ക്സാണ്ഡര്, കുഞ്ചന്‍, കൃഷ്ണപ്രസാദ്, മനുരാജ്, എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന വേഷങ്ങളിലെത്തുന്നത്. മമ്മൂട്ടി നായകനായി അഭിനയിച്ച ‘ഒരു കുട്ടനാടന്‍ ബ്ലോഗ് എന്ന ചിത്രത്തിന്നു ശേഷം സേതു തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്. ഹരി നാരായണന്റെ വരികള്‍ക്ക് കേദാര്‍ ഈണം പകര്‍ന്നിരിക്കുന്നു. കലാസംവിധാനം – ത്യാഗു തവനൂര്‍. മേക്കപ്പ് – പ്രദീപ് രംഗന്, കോസ്റ്റ്യും – ഡിസൈന്‍ – സ്റ്റെഫി സേവ്യര്‍, നിര്‍മ്മാണ നിര്‍വ്വഹണം – അലക്സ്.ഈ കുര്യന്.
അതേസമയം കാപ്പ എന്ന ചിത്രമാണ് ആസിഫിന്റേതായി ഏറ്റവും ഒടുവില്‍ റിലീസ് ചെയ്ത ചിത്രം. പൃഥ്വിരാജ് നായകനായി എത്തിയ ചിത്രം സംവിധാനം ചെയ്തത് ഷാജി കൈലാസ് ആയിരുന്നു. ആസിഫിന്റെ മറ്റൊരു ചിത്രമാണ് ഒറ്റ. റസൂല്‍ പൂക്കുട്ടി ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ഒറ്റ. ആസിഫ് അലിയെ കൂടാതെ ഇന്ദ്രജിത്ത് സുകുമാരന്‍, അര്ജുന് അശോകന്, സത്യരാജ്, രോഹിണി എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചില്‍ഡ്രന്‍ റീയുണൈറ്റഡ് എല്‍എല്‍പിയും റസൂല്‍ പൂക്കുട്ടി പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. റണ്‍എവേ ചില്‍ഡ്രന്‍ എന്ന പുസ്തകം എഴുതിയ എസ് ഹരിഹരന്റെ ജീവിതത്തെ ആസ്പദമാക്കിയാണ് ‘ഒറ്റ’യുടെ കഥ ഒരുക്കിയിരിക്കുന്നത്. എസ് ഹരിഹരന്റെ ജീവിതത്തെ ആസ്പദമാക്കിയുള്ള പുസ്തകം തന്നെയാണ് റണ്‍എവേ ചില്‍ഡ്രന്‍.