ഇത് 100 കോടിയല്ല, അതുക്കും മേലേ..!! കുതിപ്പ് തുടര്‍ന്ന് ‘അജയന്‍റെ രണ്ടാം മോഷണം’
1 min read

ഇത് 100 കോടിയല്ല, അതുക്കും മേലേ..!! കുതിപ്പ് തുടര്‍ന്ന് ‘അജയന്‍റെ രണ്ടാം മോഷണം’

ഓണം റിലീസായി തിയറ്ററുകളിൽ എത്തിയ ചിത്രമാണ് ‘അജയന്റെ രണ്ടാം മോഷണം’. പൂർണമായും ത്രീഡിയിൽ ഒരുങ്ങിയ ചിത്രത്തിൽ ട്രിപ്പിൾ റോളിൽ ടൊവിനോ നിറഞ്ഞാടിയപ്പോൾ, ബോക്സ് ഓഫീസിലും പൊൻതിളക്കം. ഒടുവിൽ 100 കോടി ക്ലബ്ബ് എന്ന ഖ്യാതിയും നേടി കുതിപ്പ് തുടരുകയാണ് എആർഎം ഇപ്പോൾ. കഴിഞ്ഞ ആഴ്ചകളിലായി കേരളത്തിലെ തിയറ്ററുകളിൽ നിന്ന് എല്ലാ ദിവസവും ഒരു കോടിക്ക് മുകളിൽ കളക്ഷൻ സ്വന്തമാക്കാൻ അജയന്റെ രണ്ടാം മോഷണത്തിന് സാധിച്ചിട്ടുണ്ട്. ടിക്കറ്റ് ബുക്കിങ്ങിലും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. കഴിഞ്ഞ ദിവസം മാത്രം ഏറ്റവും കൂടുതൽ ടിക്കറ്റുകൾ ബുക്ക് മൈ ഷോയിലൂടെ ബുക്ക് ചെയ്ത ചിത്രവും എആർഎം ആണ്. ഇരുപത്തി നാല് മണിക്കൂറിൽ 40.6കെ ടിക്കറ്റും ചിത്രത്തിന്റേതായി വിറ്റഴിഞ്ഞു.

 

പ്രായഭേദമന്യേ എല്ലാ പ്രേക്ഷകരും ഈ ത്രീഡി വിസമയം കാണാൻ തിയറ്ററുകളിൽ തന്നെ എത്തി എന്നത് ചിത്രത്തിന് ഗുണം ചെയ്തിട്ടുണ്ട്. നേരത്തെ ചിത്രത്തിന്റെ പൈറേറ്റഡ് കോപ്പി സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചുവെങ്കിലും അതൊന്നും ചിത്രത്തിന്റെ കളക്ഷനെ ബാധിച്ചില്ല. നല്ല സിനിമകൾക്ക് പ്രേക്ഷകർ നൽകുന്ന അകമഴിഞ്ഞ പിന്തുണയുടെ ഏറ്റവും വലിയ ഉദാഹരണം കൂടിയായി ഈ വൻവിജയം.

 

നവാഗതനായ ജിതിൻ ലാൽ സംവിധാനം ചെയ്ത ചിത്രത്തിന് തിരക്കഥ ഒരുക്കിയത് സുജിത് നമ്പ്യാരാണ്. മാജിക് ഫ്രെയിംയ്സിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫനൊപ്പം യുജിഎമ മോഷൻ പിക്‌ചേഴ്‌സിന്റെ ബാനറിൽ ഡോക്ടർ സക്കറിയ തോമസും ആയിരുന്നു നിർമ്മാണം. കൃതി ഷെട്ടി, ഐശ്വര്യ രാജേഷ്, സുരഭി ലക്ഷ്മി എന്നിവർ നായികമാരായി എത്തിയ ചിത്രത്തിൽ ബേസിൽ ജോസഫ്, ജഗദീഷ്, ഹരീഷ് ഉത്തമൻ, കബീർ സിങ് , പ്രമോദ് ഷെട്ടി, രോഹിണി എന്നിവരും പ്രധാന വേഷത്തിലെത്തി. ജോമോൻ ടി ജോൺ ആയിരുന്നു ഛായാഗ്രാഹകൻ.