ലൈംഗിക പീഡന പ്രതിയായ അനുരാഗ് കശ്യപിനെ അതിജീവിതയ്ക്ക് ഒപ്പം വേദി പങ്കിടാന്‍ വിളിച്ചത് കടന്നുപോയി; രണ്ട് നീതിയെന്ന് ദിലീപ് ഫാന്‍സ്
ഐഎഫ്എഫ്കെ ഉദ്ഘാടന ചടങ്ങില്‍ മുഖ്യാതിഥിയായി ഭാവന എത്തിയപ്പോള്‍ കയ്യടികളോടെയാണ് കേരളം സ്വീകരിച്ചത്. എന്നാല്‍ ചടങ്ങില്‍ അനുരാഗ് കശ്യപ് എത്തിയതിനെതിരെ രൂക്ഷവിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുകയാണ് ‘ദിലീപ് ഓണ്‍ലൈന്‍ ക്ലബ്’ എന്ന ഫാന്‍സ് പേജ്. ലൈംഗിക പീഡന പ്രതിയായ അനുരാഗ് കശ്യപിനെ ലൈംഗികാതിക്രമണത്തെ അതിജീവിച്ച ഒരാളുമായി വേദി പങ്കിടാന്‍ വിളിച്ചത് വളരെ കടന്നുപോയി എന്നാണ് പേജിലെ കുറിപ്പില്‍ വിമര്‍ശിക്കുന്നത്. ദിലീപ് ഇപ്പോഴും ആരോപണ വിധേയനാണ്, കേസ് നടക്കുന്നതേയുള്ളൂ. അതുകൊണ്ട് തന്നെ ദിലീപിനില്ലാത്ത എന്ത് യോഗ്യതയാണ് അനുരാഗ് കശ്യപിനുള്ളതെന്നും ദിലീപിനെതിരെ സംസാരിക്കുന്നവര്‍ എന്തുകൊണ്ടാണ് ഇതൊന്നും കാണാത്തതെന്നും കുറിപ്പില്‍ ഫാന്‍സ് ചോദിക്കുന്നു.രണ്ടുപേരും ഒരുപോലെ കേസ് നടത്തുകയും വിചാരണകളിലൂടെ കടന്നുപോവുകയും ചെയ്യുന്ന സാഹചര്യത്തില്‍ ഇരയോടൊപ്പം എന്ന് പറയുന്ന സംസ്ഥാന സര്‍ക്കാരിന്റെ ഇരട്ടത്താപ്പാണ് കശ്യപിന്റെ സാന്നിധ്യം എന്നാണ് പോസ്റ്റ് പറയുന്നത്.
2020ലാണ് നടി പായല്‍ഘോഷിന്റെ പരാതിയില്‍ സംവിധായകന് അനുരാഗ്കശ്യപിനെതിരെ പീഡനപരാതി രജിസ്റ്റര്‍ ചെയ്തത്. 2013ലാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. ബോംബെ വെല്‍വെറ്റ് എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ജോലികള്‍ പുരോഗമിക്കുന്നതിനിടെ കശ്യപ് വീട്ടിലേയ്ക്ക് ക്ഷണിയ്ക്കുകയും അവിടെ വെച്ച് തന്നോട് മോശമായി പെരുമാറി എന്നുമാണ് നടിയുടെ പരാതി. ഈ വിഷയം മുന്‍നിര്‍ത്തിയാണ് ദിലീപ് ഫാന്‍സിന്റെ പോസ്റ്റ് വന്നിരിക്കുന്നത്. ഒരു സ്ത്രീയോട് മോശം അനുഭവം ഉണ്ടായതല്ല, മറിച്ച് ദിലീപിനെ ഒറ്റപ്പെടുത്തണം എന്ന ലക്ഷ്യം മാത്രമാണ് പലര്‍ക്കുമുള്ളതെന്നും കുറിപ്പില്‍ കുറ്റപ്പെടുത്തുന്നു.
ദിലീപിനൊപ്പം മഹിളാകോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ ജെബി മേത്തര്‍ സെല്‍ഫി എടുത്ത സംഭവവും പോസ്റ്റില്‍ പരാമര്‍ശിക്കുന്നുണ്ട്. ഇവരെല്ലാം വിചാരണ നേരിടേണ്ട അവസ്ഥയാണ്. എന്നാല്‍, അതേ കുറ്റം ചെയ്തു എന്ന ആരോപണം നേരിടുന്ന അനുരാഗിനെ വേദിയില്‍ കൊണ്ട് വരുന്നതില്‍ കുഴപ്പമില്ലേ എന്ന് പോസ്റ്റില്‍ ആവര്‍ത്തിച്ച് ചോദിക്കുന്നു. ദിലീപിനെ സ്നേഹിക്കാന്‍ ഒരുപാട് ആളുകള്‍ ഉണ്ടാകും എന്ന് പറഞ്ഞുകൊണ്ടാണ് പോസ്റ്റ് അവസാനിക്കുന്നത്.