മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിക്കെതിരായ പ്രചാരണം; സംവിധായകൻ അഖിൽ മാരാർക്കെതിരെ കേസ്
ബിഗ് ബോസ് ഷോയിലൂടെ വൻ ജനപ്രീതി നേടിയ അഖിൽ മാരാറിന് ഷോയ്ക്ക് ശേഷവും ഈ സ്വീകാര്യത നിലനിൽക്കാനായി. വിവാദ പ്രസ്താവനകളാൽ വലിയ ഹേറ്റേഴ്സ് ഉള്ളപ്പോഴാണ് അഖിൽ മാരാർ ബിഗ് ബോസ് ഷോയിലേക്ക് എത്തുന്നത്. എന്നാൽ പിന്നീട് ഹേറ്റേഴ്സിനെ പോലും ആരാധകരാക്കി മാറ്റാൻ അഖിൽ മാരാർക്ക് കഴിഞ്ഞു. ഇപ്പോഴിതാ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിക്കെതിരായ ഫെയ്സ്ബുക്ക് പോസ്റ്റിൽ സംവിധായകനും റിയാലിറ്റി ഷോ താരവുമായ അഖിൽ മാരാർക്ക് എതിരെ കേസ്. ഇൻഫോ പാർക്ക് പൊലീസ് ആണ് കേസ് എടുത്തിരിക്കുന്നത്.
വയനാട് ദുരന്തത്തിൽപ്പെട്ടവരെ സഹായിക്കാൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു പണം കൊടുക്കാൻ താൽപര്യമില്ലെന്നായിരുന്നു അഖിൽ മാരാർ ഫെയ്സ്ബുക്കിസ്‍ പങ്കുവച്ച പോസ്റ്റിൽ പറഞ്ഞത്. ദുരിതബാധിതർക്ക് വീടുകൾ വെച്ചു നൽകുമെന്നും അദ്ദേഹം പോസ്റ്റിൽ പറഞ്ഞിരുന്നു. പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തതിന് പിന്നാലെ അതിനെതിരെയുള്ള പ്രതികരണവും അഖിൽ മാരാർ ഫേസ്ബുക്കിൽ പങ്കുവച്ചിട്ടുണ്ട്. അങ്ങനെ വീണ്ടും കേസ്, മഹാരാജാവ് നീണാൾ വാഴട്ടെ.. എന്നാണ് ഫേസ്ബുക്കിൽ അഖിൽ മാരാർ കുറിച്ചത്.
അതേസമയം പ്രചാരണത്തിൻ്റെ പേരിൽ കേസെടുത്തതിന് പിന്നാലെ പ്രതികരണവുമായി താരം രംഗത്ത് വന്നിരുന്നു. ‘അങ്ങനെ വീണ്ടും കേസ്…മഹാരാജാവ് നീണാൾ വാഴട്ടെ..’, അഖിൽ മാരാർ ഫെയ്സ്ബുക്കിൽ കുറിച്ചു. നിരവധിയാളുകളാണ് പോസ്റ്റിന് പ്രതികരണവുമായി എത്തുന്നത്.
വയനാട്ടിലെ ദുരന്തബാധിതർക്ക് നേരിട്ടും അല്ലാതെയും താൻ സഹായമെത്തിക്കുമെന്നും എങ്ങനെ സഹായിക്കണമെന്നത് തന്റെ ഇഷ്ടമാണെന്നും മുമ്പ് അഖിൽ മാരാർ ഫേസ്ബുക്കിലൂടെ പറഞ്ഞിരുന്നു. പിണറായി വിജയൻ ദുരന്തങ്ങളിൽ കേരളത്തെ രക്ഷിച്ച ജനനായകൻ അല്ല, ദുരന്തങ്ങളെ മുതലെടുത്ത് സ്വയം രക്ഷപ്പെട്ടവനാണെന്നും അഖിൽ മാരാർ മുമ്പ് പരിഹസിച്ചിരുന്നു. അതേസമയം സമൂഹ മാധ്യമങ്ങളിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിക്കെതിരെ നടത്തിയ പ്രചരണത്തിനു ബിജെപി മീഡിയ വിഭാഗം മുന്‍ കോ -കണ്‍വീനർ ശ്രീജിത്ത് പന്തളത്തിനെതിരെ പൊലീസ് കേസെടുത്തിരുന്നു. മുണ്ടക്കയം സ്വദേശികളായ സതീഷ് ജിഷ, മേലുകാവ് സ്വദേശി റിജിൽ ചാക്കോ ഉൾപ്പെടെയുള്ളവർ അറസ്റ്റിലായി.