‘അജയന്റെ രണ്ടാം മോഷണം’ ലൊക്കേഷനില്‍ തീപ്പിടിത്തം; ലക്ഷങ്ങളുടെ നഷ്ടമെന്ന് റിപ്പോര്‍ട്ട്
ടൊവിനോ തോമസിനെ നായകനാക്കി നവാഗതനായ ജിതിന്‍ ലാല്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘അജയന്റെ രണ്ടാം മോഷണം’. ആദ്യമായി ടൊവിനോ ട്രിപ്പിള്‍ റോളില്‍ അഭിനയിക്കുന്ന ചിത്രമാണിത്. മൂന്ന് കാലഘട്ടങ്ങളിലെ മൂന്ന് വ്യത്യസ്ത കഥാപാത്രങ്ങളായാണ് ടൊവിനോ ചിത്രത്തില്‍ പ്രത്യക്ഷപ്പെടുക. മണിയന്‍, അജയന്‍, കുഞ്ഞിക്കേളു എന്നിങ്ങനെയാണ് കഥാപാത്രങ്ങളുടെ പേരുകള്‍. 1900, 1950, 1990 കാലഘട്ടങ്ങളിലൂടെ കടന്നുപോകുന്ന ഈ ചിത്രം കളരിക്ക് പ്രാധാന്യമുള്ള സിനിമയായിരിക്കും.
ഇപ്പോഴിതാ, ഈ സിനിമയുടെ ഷൂട്ടിംഗ് അവസാനിക്കാന്‍ വെറും പത്ത് ദിവസം മാത്രം ബാക്കി നില്‍ക്കെയാണ് ചിത്രത്തിന്റെ ലൊക്കേഷനില്‍ നിന്നും തീപിടുത്തത്തിന്റെ വാര്‍ത്ത വരുന്നത്. കാസര്‍ക്കോട്ടെ ചീമേനി ലോക്കേഷനിലാണ് തീപിടിത്തമുണ്ടായിരിക്കുന്നത്. ഷൂട്ടിങ്ങിനായി ഒരുക്കിയ സെറ്റും വസ്തുവകകളും തീയില്‍ നശിച്ചു എന്നും ലക്ഷകണക്കിന് രൂപയുടെ നഷ്ടമുണ്ടായി എന്നുമാണ് വിവരം. അപ്രതീക്ഷിതമായി സംഭവിച്ച തീപിടിത്തം ചിത്രത്തിന്റെ തുടര്‍ന്നുള്ള ഷൂട്ടിനെ വലിയ രീതിയില്‍ ബാധിച്ചിട്ടുണ്ട്. ചിത്രീകരണം ആരംഭിച്ച് 112 ദിവസങ്ങള്‍ പിന്നിടുമ്പോളാണ് അപകടം സംഭവിച്ചത്.
10 ദിവസത്തെ ഷൂട്ടിംഗ് കൂടയെ ബാക്കിയുണ്ടായിരുന്നൊള്ളൂ. തീപിടുത്തം ഉണ്ടായപ്പോള്‍ ലൊക്കേഷനിലെ ആളുകള്‍ അവിടെ ഉണ്ടായിരുന്നെതിനാല്‍ തീ അണക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ പെട്ടെന്ന് ചെയ്തു. ഇതിനാല്‍ വലിയ അപകടം ഒഴിവായി. തീപിടുത്തം ചിത്രത്തിന്റെ തുടര്‍ന്നുള്ള ചിത്രീകരണത്തെ ബാധിച്ചിട്ടുണ്ട്.
ടൊവിനോ തോമസ് തന്റെ ഭാഗങ്ങള്‍ അടുത്തിടെ പൂര്‍ത്തിയാക്കിയിരുന്നു. ബിഗ് ബജറ്റ് ചിത്രമായാണ് ‘അജയന്റെ രണ്ടാം മോഷണം’ എത്തുന്നത്. എആര്‍എം എന്ന ചുരുക്കപ്പേരില്‍ മലയാളം അടക്കം അഞ്ച് ഭാഷകളിലായിട്ടാണ് ചിത്രം പുറത്തിറങ്ങുന്നത്. യുജിഎം പ്രൊഡക്ഷന്‍സ്, മാജിക് ഫ്രെയിസ് എന്നിവയുടെ ബാനറുകളില്‍ ഡോ. സക്കറിയ തോമസ്, ലിസ്റ്റിന്‍ സ്റ്റീഫന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.