‘പവി കെയർ ടേക്കറി’ന് ശേഷം ഹൊറർ ഫാന്‍റസി ചിത്രമായ ‘ഗു’ വിതരണം ചെയ്യാൻ ഫിയോക്ക്; ചിത്രം 17ന് തിയേറ്ററുകളിൽ
തിയേറ്റർ ഉടമകളുടെ സംഘടനയായ ഫിയോക്കിന്‍റെ രണ്ടാമത്തെ വിതരണ സംരംഭമായ ‘ഗു’ ഈ മാസം 17ന് തിയേറ്ററുകളിലെത്തും. ദിലീപ് നായകനായി എത്തിയ ‘പവി കെയർ ടേക്കറി’ന് ശേഷം ഫിയോക്ക് (ഫിലിം എക്സിബിറ്റേഴ്സ് യുണൈറ്റഡ് ഓർഗനൈസേഷൻ ഓഫ് കേരള ) വിതരണം ചെയ്യുന്ന ചിത്രം കൂടിയാണ് ‘ഗു’ എന്ന പ്രത്യേകതയുമുണ്ട്. മണിയൻ പിള്ള രാജു പ്രൊഡക്ഷൻസാണ് ഈ ഹൊറർ ഫാന്‍റസി ചിത്രം നിർമ്മിക്കുന്നത്. മണിയൻപിള്ള രാജു പ്രൊഡക്ഷൻസിന് കീഴിൽ പന്ത്രണ്ടോളം സിനിമകള്‍ ഇതിനകം നിർമ്മിച്ചിട്ടുണ്ട്. അക്കൂട്ടത്തിൽ ‘വെള്ളാനകളുടെ നാട്’, ‘ഏയ് ഓട്ടോ’, ‘അനന്തഭദ്രം’, ‘ഛോട്ടാമുംബൈ’ തുടങ്ങി മലയാളം കണ്ട ഒട്ടേറെ സൂപ്പർ ഹിറ്റ് സിനിമകളുമുണ്ട്. ‘അനന്തഭദ്ര’ത്തിന് ശേഷം വീണ്ടും ഒരു ഹൊറർ ചിത്രവുമായി എത്തുമ്പോൾ സിനിമാപ്രേക്ഷകർ ഏറെ പ്രതീക്ഷയിലാണ്.
ഗുളികൻ തെയ്യത്തിന്‍റെ പശ്ചാത്തലത്തിൽ ഗുളികനെ ഏറെ ഭയപ്പെട്ട ഒരു പെൺകുട്ടിയുടെ കഥ പറയുന്ന സിനിമയുടെ ടൈറ്റിലും ഫസ്റ്റ് ലുക്കും ടീസറും ട്രെയിലറും ഇതിനകം ഏറെ ശ്രദ്ധേയമായി കഴിഞ്ഞിട്ടുണ്ട്. ഏറെ ദുരൂഹമായതും ഭയം ജനിപ്പിക്കുന്നതും അതോടൊപ്പം കൗതുകം പകരുന്നതുമായ ഒട്ടേറെ കാര്യങ്ങളുമായാണ് ചിത്രമിറങ്ങുന്നതെന്നാണ് സൂചനകള്‍.
നവാഗതനായ മനു രാധാകൃഷ്ണൻ സംവിധാനം ചെയ്യുന്ന സിനിമയിൽ സൂപ്പർ ഹിറ്റ് ചിത്രം ‘മാളികപ്പുറ’ത്തിലൂടെ ശ്രദ്ധേയായ ദേവനന്ദയാണ് പ്രധാന വേഷത്തിലെത്തുന്നത്. നിരവധി കുട്ടികളും സിനിമയുടെ ഭാഗമായെത്തുന്നുണ്ട്. സിനിമയുടേതായി പുറത്തിറങ്ങിയ ടൈറ്റിൽ പോസ്റ്ററും ഏറെ ശ്രദ്ധേയമായിരുന്നു. മലബാറിലെ ഒരു ഉൾനാടൻ ഗ്രാമത്തിലുള്ള തങ്ങളുടെ തറവാട്ടിൽ അവധിക്കാലം ആഘോഷമാക്കാനായി അച്ഛനും അമ്മയ്ക്കും ഒപ്പമെത്തുന്ന മിന്ന എന്ന കുട്ടിക്കും സമപ്രായക്കാരായ മറ്റ് കുട്ടികള്‍ക്കും നേരിടേണ്ടി വരുന്ന അസാധാരണമായ ഭീതിപ്പെടുത്തുന്ന അനുഭവങ്ങളാണ് സിനിമയുടെ പ്രമേയം.
സൈജു കുറുപ്പാണ് മിന്നയുടെ അച്ഛൻ കഥാപാത്രമായെത്തുന്നത്. നടി അശ്വതി മനോഹരൻ മിന്നയുടെ അമ്മയായെത്തുന്നു. പട്ടാമ്പിയിലും പരിസരപ്രദേശങ്ങളിലുമായാണ് സിനിമയുടെ ചിത്രീകരണം നടന്നത്. ബി.ഉണ്ണികൃഷ്ണനോടൊപ്പം സഹ സംവിധായകനായിരുന്ന മനു രാധാകൃഷ്ണന്‍റെ ആദ്യ സ്വതന്ത്ര സംവിധാന സംരംഭം കൂടിയാണ് ‘ഗു’.
നിരഞ്ജ് മണിയൻ പിള്ള രാജു, മണിയൻ പിള്ള രാജു, രമേഷ് പിഷാരടി, നന്ദിനി ഗോപാലകൃഷ്ണൻ, ലയാ സിംസൺ എന്നിവരും മറ്റ് പുതുമുഖങ്ങളും ഈ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. സംഗീതം: ജോനാഥൻ ബ്രൂസ്, ഛായാഗ്രഹണം: ചന്ദ്രകാന്ത് മാധവൻ, എഡിറ്റിംഗ്: വിനയൻ എം.ജെ, കലാസംവിധാനം: ത്യാഗു തവന്നൂർ, മേക്കപ്പ്: പ്രദീപ് രംഗൻ, കോസ്റ്റ്യും ഡിസൈൻ: ദിവ്യാ ജോബി, പ്രൊഡക്ഷൻ കൺട്രോളർ: എസ്.മുരുകൻ, സൗണ്ട് ഡിസൈൻ: ശ്രീജിത്ത് ശ്രീനിവാസൻ, സൗണ്ട് മിക്സിംഗ്: എൻ ഹരികുമാർ, വിഎഫ്എക്സ്: കൊക്കനട്ട് ബഞ്ച്, സ്റ്റിൽസ്: രാഹുൽ രാജ് ആർ, മാർക്കറ്റിംഗ് ആൻഡ് ഡിസൈൻസ്: സ്നേക്ക്പ്ലാന്‍റ്.