“അഞ്ചാം പാതിര സിനിമ കണ്ടിട്ട് ഒരാഴ്ച ഞാൻ ഉറങ്ങിയില്ല”… നിത്യാ ദാസ് പറയുന്നു
കലാ സംവിധായകനും ബ്ലോഗറുമായ അനിൽ കുമ്പഴ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘പള്ളി മണി’. കെ. വി. അനിൽ തിരക്കഥയെഴുതിയ ചിത്രം ഒരു സൈക്കോ ഹൊറർ ത്രില്ലറാണ്. മലയാളികൾക്ക് ഏറെ പ്രിയങ്കരിയായ നിത്യാ ദാസ് ഒരു നീണ്ട ഇടവേളയ്ക്കുശേഷം എത്തുന്ന ചിത്രം കൂടിയാണ് പള്ളി മണി. ശ്വേതാ മേനോനും ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. എൽ എ പ്രൊഡക്ഷന്റെ ബാനറിൽ ലക്ഷ്മി, അരുൺ മേനോൻ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ഭയം പെയ്തിറങ്ങുന്ന ഒരു രാത്രിയിൽ തീർത്തും അപരിചിതമായ സ്ഥലത്ത് ഒറ്റപ്പെട്ടുപോകുന്ന ദമ്പതികളുടെയും അവരുടെ മക്കളുടെയും അതിജീവനത്തിന്റെ കഥയാണ് പള്ളി മണി എന്ന ചിത്രം പറയുന്നത്. ഇപ്പോഴിതാ നിത്യാ ദാസ് ക്ലബ് എഫ് എമ്മിന് നൽകിയ അഭിമുഖത്തിൽ ഹൊറർ സിനിമകളെ കുറിച്ച് പറയുകയാണ്.
ഹൊറർ സിനിമകൾ പൊതുവേ പേടിയാണെന്നും കുഞ്ചാക്കോ ബോബൻ നായകനായ ‘അഞ്ചാം പാതിര’ എന്ന ത്രില്ലർ സിനിമ കണ്ട് നിത്യയും മക്കളും ഒരാഴ്ച ഉറങ്ങിയിട്ടില്ലെന്നും പറയുകയാണ് അഭിമുഖത്തിൽ. “എനിക്ക് ത്രില്ലർ മൂവീസ് ഒക്കെ പൊതുവേ പേടിയാണ്. ഞാൻ ഒരു തമിഴ് സീരിയലിൽ അഭിനയിച്ചിരുന്നു. ഭൈരവി എന്നായിരുന്നു പേര്. പ്രേതത്തിന്റെ സീരിയൽ ആണ്. രാത്രി പത്തുമണിക്കാണ് ആ സീരിയൽ. ഞാൻ അഭിനയിക്കും പക്ഷേ ഞാനത് കാണില്ലായിരുന്നു. കാരണം എനിക്ക് ഭയങ്കര പേടിയായിരുന്നു. അഞ്ചാം പാതിര എന്നൊരു സിനിമ വന്നില്ലേ. ആ സിനിമ കണ്ടിട്ട് ഒരാഴ്ച ഞാൻ ഉറങ്ങിയില്ല. എനിക്കും എന്റെ മോൾക്കും പേടിയാണ്. എന്റെ അച്ഛനെയും അമ്മയെയും വീട്ടിൽ വിളിച്ചു വരുത്തിയാണ് ഞാൻ ഉറങ്ങുക”. നിത്യാ ദാസ് പറയുന്നു.
‘അർജന്റീന ഫാൻസ് കാട്ടൂർകടവ്’ എന്ന ചിത്രത്തിനു ശേഷം മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്ത ചിത്രമാണ് ‘അഞ്ചാം പാതിര’. കൊലപാതകങ്ങൾ ഇതിവൃത്തമായ പോലീസ് സ്റ്റോറിയായിരുന്നു അഞ്ചാം പാതിരയിലേത്. നായകനായ കുഞ്ചാക്കോ ബോബനെ കൂടാതെ ഷറഫുദ്ദീൻ, ഇന്ദ്രൻസ്, ഉണ്ണിമായ പ്രസാദ്, ശ്രീനാഥ് ഭാസി, രമ്യ നമ്പീശൻ, ജിനു ജോസഫ് തുടങ്ങിയവരാണ് സിനിമയിൽ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ഏറെ പ്രേക്ഷക നിരൂപക പ്രശംസകൾ ഏറ്റുവാങ്ങിയ ചിത്രം 2021 – ൽ ബംഗാളിൽ ‘സൈക്കോ’ എന്ന പേരിൽ പുറത്തിറങ്ങിയിരുന്നു. ചിത്രത്തിന്റെ രണ്ടാം ഭാഗം ‘ആറാം പാതിര’ എന്ന പേരിൽ ഉണ്ടാകുമെന്ന് സംവിധായകൻ മിഥുൻ മാനുവൽ പ്രഖ്യാപിച്ചിരുന്നു.