പ്രളയബാധിതർക്കായ് സഹായ ഹസ്തം നീട്ടി വിജയ്; ഒരു ലക്ഷംവരെ രൂപവരെ ധനസഹായം
വെള്ളപ്പൊക്കം മൂലം ജീവിതം ദുരിതത്തിലായ എണ്ണൂറോളം കുടുംബങ്ങള്‍ക്കായ് സഹായ ഹസ്തം നീട്ടി നടൻ വിജയ്. തിരുനെല്‍വേലി, തൂത്തുക്കുടി പ്രദേശങ്ങളിലെ പ്രളയ ബാധിത മേഖലകളിലാണ് ജനങ്ങള്‍ക്ക് സഹായഹസ്തവുമായി നടനെത്തിയത്. പ്രളയബാധിത പ്രദേശങ്ങളില്‍ നേരിട്ടെത്തി അദ്ദേഹം അവശ്യവസ്തുക്കള്‍ വിതരണം ചെയ്തു.
തന്റെ ആരാധകരുടെ സഹായത്തോടെയാണ് വിജയ് അര്‍ഹരായ കുടുംബങ്ങളെ തിരഞ്ഞെടുത്ത് സഹാം നൽകുകയുണ്ടായത്. പ്രളയം മൂലം വീടുകള്‍ക്ക് കേടുപാടുകള്‍ വന്നവര്‍ക്ക് 10000 രൂപ വീതവും വീട് പൂര്‍ണമായും നശിച്ചവര്‍ക്ക് 50000 രൂപ വീതവും നല്കുകയുണ്ടായി. ദുരന്തത്തില്‍ ഉറ്റവരെ നഷ്ടമായ ഒരു സ്ത്രീയ്ക്ക് ഒരു ലക്ഷം രൂപയും നല്‍കിയിട്ടുണ്ട്.
കൂടാതെ ഭക്ഷണസാധനങ്ങളും മരുന്നും മറ്റ് അവശ്യവസ്തുക്കളും അദ്ദേഹം വിതരണം ചെയ്തു. അർഹരായവർക്ക് തുടർന്നും സഹായം നൽകുമെന്നും അദ്ദേഹം അറിയിച്ചിട്ടുണ്ട്. വിജയ് രാഷ്ട്രീയത്തിലേക്ക് ഇറങ്ങുമോ ഇല്ലയോ എന്ന കാര്യത്തിൽ ഇപ്പോഴും ആരാധകർക്കിടയിൽ രണ്ട് പക്ഷമുണ്ട്.
അടുത്തിടെ എസ്എസ്എല്‍സി വിദ്യാര്‍ഥികളെ അനുമോദിക്കുന്ന ചടങ്ങില്‍ വിജയ് നടത്തിയ പ്രസംഗത്തില്‍ നാളത്തെ വോട്ടർമാരായ നിങ്ങള്‍ പണം വാങ്ങി വോട്ട് ചെയ്യരുതെന്ന് പറഞ്ഞിരുന്നത് അദ്ദേഹത്തിന്റെ രാഷ്ട്രീയ പ്രവേശനത്തിന്റെ സൂചനയായി പലരും കാണുന്നുമുണ്ട്. ലോകേഷ് കനകരാജ് ചിത്രം ‘ലിയോ’ ആണ് വിജയ് നായകനായി ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. തിയേറ്ററുകളിൽ ചിത്രം വൻ വിജയമായി മാറിയിരുന്നു.