വൈശാഖും -ഉണ്ണി മുകുന്ദനും വീണ്ടും ഒന്നിക്കുന്നു! ‘ബ്രൂസ് ലീ’; ചിത്രത്തിന് തുടക്കമാകുന്നു
മല്ലു സിംഗ് എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിന് ശേഷം ഉണ്ണി മുകുന്ദനെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്യുന്ന ‘ബ്രൂസ് ലീ’ എന്ന ചിത്രത്തിന് തുടക്കമാകുന്നു. ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തിറക്കി. ‘ഓരോ പ്രവൃത്തിക്കും അനന്തരഫലങ്ങളുണ്ട്’, എന്ന ക്യാപ്ഷനോടെയാണ് പോസ്റ്റര്‍ പുറത്തുവിട്ടിരിക്കുന്നത്.
ഉദയ കൃഷ്ണയാണ് ചിത്രത്തിന്റെ തിരക്കഥ. ഉണ്ണി മുകുന്ദന്റെ ബിഗ് ബജറ്റ് ചിത്രം കൂടിയാണിത്. ‘എന്റെ പ്രിയപ്പെട്ട എല്ലാ ആക്ഷന്‍ ഹീറോകള്‍ക്കും ആക്ഷന്‍ സിനിമകളോടുള്ള എന്റെ ഇഷ്ടത്തിനും ഈ സിനിമ സമര്‍പ്പിക്കുന്നു. ഞാനും വൈശാഖ് ഏട്ടനും കൈകോര്‍ത്തിട്ട് ഒരു പതിറ്റാണ്ടിലേറെയായി എന്ന് വിശ്വസിക്കാന്‍ കഴിയുന്നില്ല.. ഉദയ് ഏട്ടന്റെ തിരക്കഥയില്‍ ആദ്യമായി ഒരു നായക നടന്. ശ്രീ ഗോകുലം ഗോപാലന് സാറിന് എന്നിലുള്ള വിശ്വാസവും ബോധ്യവുമില്ലാതെ എന്റെ ഈ മഹത്തായ പദ്ധതി ഒരിക്കലും നടക്കില്ല. വി സി പ്രവീണ്‍, കൃഷ്ണമൂര്‍ത്തി ഏട്ടന് എന്നിവര്‍ക്ക് നന്ദി’, എന്നാണ് പോസ്റ്റര്‍ പങ്കുവച്ച് ഉണ്ണി മുകുന്ദന് കുറിച്ചത്.
രണ്ട് വര്‍ഷം മുന്‍പാണ് വൈശാഖും ഉണ്ണി മുകുന്ദനും ഒന്നിക്കുന്നുവെന്ന വാര്‍ത്തകള്‍ പുറത്തുവന്നത്. പുലിമുരുകന്, മധുരരാജ, മോണ്‍സ്റ്റര്‍ എന്നീ സിനിമകള്‍ക്ക് ശേഷം ഉദയകൃഷ്ണ രചനയും ഷാജികുമാര്‍ ഛായാഗ്രഹണവും നിര്‍വഹിക്കുന്ന ചിത്രം കൂടിയാണ് ‘ബ്രൂസ് ലീ’. ഉണ്ണി മുകുന്ദന് ഫിലിംസിന്റെ ബാനറില്‍ ഒരുങ്ങുന്ന ആദ്യ ചിത്രമായാണ് ബ്രൂസ് ലീ പ്രഖ്യാപിക്കപ്പെട്ടിരുന്നതെങ്കിലും ഇപ്പോള്‍ ചിത്രം നിര്‍മ്മിക്കുന്നത് ഗോകുലം മൂവീസ് ആണ്. എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍- കൃഷ്ണമൂര്‍ത്തി. ചിത്രത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ അധികം വൈകാതെ പുറത്തുവിടും എന്നാണ് കരുതപ്പെടുന്നത്.