പനി വന്നു എന്നു കരുതി നമ്മൾ മനുഷ്യരെ കൊന്നു കളയുമോ? തെരുവുനായ വിഷയത്തിൽ പ്രതികരണവുമായി ശ്രീനാഥ് ഭാസി
തെരുവുനായ ശല്യം കേരളത്തിൽ ദിനംപ്രതി കൂടി വരുകയാണ്. നായ്ക്കളുടെ കടിയേറ്റ് അപകടം പതിവായിരിക്കുകയാണ്. കുട്ടികളും വൃദ്ധരും ഉൾപ്പെടെ നിരവധി പേരാണ് അപകടത്തിൽപ്പെടുന്നത്. ഈ സാഹചര്യത്തിൽ നായ്ക്കളെ കൂട്ടത്തോടെ കൊന്നൊടുക്കുകയാണ്. ഇതിനെതിരെ മൃഗസംരക്ഷകരടക്കം നിരവധി ആളുകൾ പ്രതികരണവുമായി എത്തുന്നുണ്ട് എങ്കിലും മനുഷ്യന്റെ ജീവനാണ് വലുത് എന്ന് പറയുന്നവരും ഏറെയാണ്. ഭൂമി മനുഷ്യർക്ക് മാത്രം അവകാശപ്പെട്ടതല്ല. എല്ലാ ജീവജാലകങ്ങൾക്കും ഭൂമിയിൽ അവകാശമുണ്ട്. അതിനാൽ നായ്ക്കളെ കൂട്ടത്തോടെ കൊല്ലുന്നതിന് പകരം അപകടങ്ങൾ ഒഴിവാക്കാനുള്ള മാർഗങ്ങളാണ് നോക്കേണ്ടത്. ഇപ്പോഴിതാ ഈ വിഷയത്തെക്കുറിച്ച് പ്രതികരിക്കുകയാണ് യുവനടൻ ശ്രീനാഥ് ഭാസി. വെറൈറ്റി മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിലാണ് താരം തെരുവ് നായ വിഷയത്തെക്കുറിച്ച് പറഞ്ഞത്. തെരുവുനായ പ്രശ്നത്തെ കേരളം കുറച്ചുകൂടി നല്ല രീതിയിൽ കൈകാര്യം ചെയ്യേണ്ടതുണ്ടെന്ന് അദ്ദേഹം പറയുന്നു. കൊന്നുകളയാറുണ്ടോ എന്നും അതുപോലെ തന്നെ എന്തെങ്കിലും തീരുമാനം തെരുവുനായ്ക്കളുടെ കാര്യത്തിലും ചെയ്യണമെന്നും അഭിമുഖത്തിൽ ഇദ്ദേഹം വ്യക്തമാക്കി.
“സംസാരിക്കാൻ പറ്റാത്ത മൃഗങ്ങൾക്കിട്ട് പണിയുന്നതിൽ എനിക്ക് വലിയ താല്പര്യമില്ല. എനിക്ക് മൂന്ന് പട്ടികളുണ്ട്. പട്ടിയെ പട്ടിയായി തന്നെയാണ് എല്ലാവരും കാണുന്നത്. എന്നാലും അതിന്റേതായ റെസ്പെക്റ്റും സ്നേഹവും എല്ലാ ആൾക്കാരും കൊടുക്കുന്നുണ്ട്. തെരുവുനായകൾക്ക് അതിന് വേണ്ട ഷെൽട്ടറും കാര്യങ്ങളുമൊക്കെ കൊടുക്കുന്നുണ്ട്. നമ്മുടെ സ്റ്റേറ്റ് വളരെ സെൻസിബിളാണ്. എങ്ങനെയാണ് കാര്യങ്ങൾ കൈകാര്യം ചെയ്യേണ്ടതെന്ന് അറിയാവുന്ന ആൾക്കാരാണ്. ഒരു സംസ്ഥാനം എന്ന നിലയിൽ തെരുവ് നായ്ക്കളുടെ വിഷയം നമുക്ക് കുറച്ചുകൂടി നല്ല രീതിയിൽ കൈകാര്യം ചെയ്യാമെന്ന് തോന്നുന്നു. പേവിഷബാധ ആളുകൾക്ക് വരാൻ കാരണം ഈ നായ്ക്കൾ പുറത്തിങ്ങനെ നടക്കുന്നതുകൊണ്ടാണ്. ഇവരെ ഷെൽട്ടറിലേക്ക് മാറ്റിക്കഴിഞ്ഞാൽ ഈ പ്രശ്നമൊന്നും ഉണ്ടാകില്ല. എന്റെ വീട്ടിൽ ഒരു പട്ടി വരുന്നത് വരെ എനിക്കും പട്ടികളെ ഭയങ്കര പേടിയായിരുന്നു. ഇത് റിലേറ്റീവായ കാര്യമാണ്. എന്റെ കൂട്ടുകാരൻ തന്നെ പട്ടികളെ ഇഷ്ടമുള്ളവരും ഇഷ്ടമില്ലാത്തവരും പേടിയുള്ളവരുമുണ്ട്.
പൊതുവായി സംസാരിക്കുമ്പോൾ, ഒരു മിണ്ടാപ്രാണിയെ നമ്മൾ കുറച്ചുകൂടി വൃത്തിയായി ഡീൽ ചെയ്യേണ്ടതുണ്ട്. അവര് ചെയ്യുന്നത് തെറ്റ് ഇവര് ചെയ്യുന്നത് ശരി എന്നൊന്നുമല്ല ഞാൻ പറയുന്നത്. എല്ലാവർക്കും അവരുടെതായ കാരണങ്ങളുണ്ട്. പേവിഷബാധ വന്ന് ആരും മരിക്കാൻ പാടില്ല. അതിന് ഇപ്പോഴും ചികിത്സയുള്ളതാണ്. എന്തുകൊണ്ടാണ് ഇത് സംഭവിക്കുന്നത് എന്നാണ് നമ്മൾ ചിന്തിക്കേണ്ടത്. പനി വന്നു എന്നു കരുതി നമ്മൾ മനുഷ്യരെ കൊന്നു കളയുമോ, ഇല്ലല്ലോ. അതുകൊണ്ട് അതുപോലെ എന്തെങ്കിലും നമ്മൾ ചെയ്യേണ്ടതുണ്ട്”. ശ്രീനാഥ് ഭാസി പറയുന്നു. ഇപ്പോൾ ശ്രീനാഥ് ഭാസി നായകനായ ചട്ടമ്പി എന്ന സിനിമ തിയേറ്ററുകളിൽ എത്തിയിരിക്കുകയാണ്. ഈ ചിത്രം റിലീസ് ചെയ്തത് സെപ്റ്റംബർ 23നായിരുന്നു. അഭിലാഷ് എസ്. കുമാറാണ് ചട്ടമ്പി എന്ന സിനിമ സംവിധാനം ചെയ്തിരിക്കുന്നത്. മൈഥിലി, ചെമ്പൻ വിനോദ് ജോസ്, ബിനു പാപ്പു, ഗ്രേസ് ആന്റണി തുടങ്ങിയ പ്രേക്ഷക പ്രിയ താരനിരതന്നെ ചിത്രത്തിൽ അണിനിരക്കുന്നു.