അടിപൊളി ഡപ്പാംകൂത്ത് പാട്ടുമായി സുഷിനും പാൽ ഡബ്ബയും ; ആവേശം സിനിമയിലെ ‘ഗലാട്ട’ എത്തി
ജനറേഷൻ ഗ്യാപ്പില്ലാതെ ഏവരേയും രോമാഞ്ചിഫിക്കേഷൻ അവസ്ഥയിലെത്തിച്ച ചിത്രമായിരുന്നു ജിത്തു മാധവൻ ഒരുക്കിയ സൂപ്പർ ഹിറ്റ് ചിത്രം ‘രോമാഞ്ചം’. അതിന് പിന്നാലെ ഫഹദ് ഫാസിലിനെ നായകനാക്കി ജിത്തു മാധവൻ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ‘ആവേശം’ പ്രഖ്യാപിച്ചതോടെ ഏവരും ഏറെ ആകാംക്ഷയിലായിരുന്നു. ആ ആകാംക്ഷയ്ക്ക് തീകൊളുത്തിക്കൊണ്ടാണ് ‘ആവേശം’ ടീസറും പോസ്റ്ററുകളും ആദ്യ ഗാനവുമൊക്കെയെത്തിയത്. ഇപ്പോഴിതാ കേൾക്കുന്നവരെല്ലാം ചുവടുവെച്ചുപോകുന്ന രീതിയിലുള്ള രണ്ടാമത്തെ ഗാനമായെത്തിയിരിക്കുകയാണ് ആവേശത്തിലെ ‘ഗലാട്ട’.
ജിത്തു മാധവനും സുഷിൻ ശ്യാമും ‘രോമാഞ്ച’ത്തിന് ശേഷം ഒന്നിക്കുന്നതിനാൽ തന്നെ സംഗീതാസ്വാദകരും വാനോളം പ്രതീക്ഷയിലായിരുന്നു. അവരുടെ പ്രതീക്ഷയ്‍ക്കൊത്തുയർന്ന ഗാനമായിരുന്നു ആവേശത്തിലേതായി ആദ്യം പുറത്തിറങ്ങിയ ‘ജാഡ’ എന്ന ഗാനം. ഈ ഗാനത്തത്തിന്‍റെ അലയൊലികൾ സോഷ്യൽമീഡിയയിൽ അടങ്ങും മുമ്പാണ് അതിന് പിന്നാലെ ഒരു തട്ടുപൊളിപ്പൻ ഡപ്പാംകൂത്ത് സ്റ്റൈലിൽ ചിത്രത്തിലെ രണ്ടാമത്തെ ഗാനമായ ‘ഗലാട്ട’ എത്തിയിരിക്കുന്നത്.
വിനായക് ശശികുമാറിന്‍റെ വരികളും സുഷിൻ ശ്യാമിന്‍റെ സംഗീതവും ഒപ്പം പാൽ ഡബ്ബയും സുഷിനും ചേർന്നുള്ള ആലാപനവുമായാണ് ‘ഗലാട്ട’ ഇറങ്ങിയിരിക്കുന്നത്. സിനിമയുടേതായി പുറത്തിറങ്ങിയ ടീസറും ‘ജാഡ’ എന്ന ഗാനവും അടുത്തിടെ സോഷ്യൽമീഡിയയിൽ ഏറെ ശ്രദ്ധ നേടിയിരുന്നു. ഇപ്പോൾ തമിഴ്, മലയാളം വരികളുമായെത്തിയിരിക്കുന്ന ‘ഗലാട്ട’യും സമൂഹമാധ്യമങ്ങളിൽ ഏറെ വൈറലായിരിക്കുകയാണ്. യൂത്തിനും ഫാമിലിക്കും ആഘോഷമാക്കാൻ പറ്റിയ സിനിമയായാണ് ‘ആവേശം’ തിയേറ്ററുകളിൽ എത്താനൊരുങ്ങുന്നത്. കോമഡിയും ആക്ഷനും ഇമോഷൻസുമൊക്കെ സമാസമം ചേർത്തൊരുക്കിയിരിക്കുന്ന ചിത്രത്തിൽ മൻസൂർ അലി ഖാൻ, ആശിഷ് വിദ്യാർത്ഥി, സജിൻ ഗോപു, പ്രണവ് രാജ്, മിഥുൻ ജെ.എസ്, റോഷൻ ഷാനവാസ്, ശ്രീജിത്ത് നായർ, പൂജ മോഹൻരാജ്, നീരജ് രാജേന്ദ്രൻ, തങ്കം മോഹൻ തുടങ്ങിയവരും പ്രധാന വേഷങ്ങളിലുണ്ട്.
അൻവർ റഷീദ് എന്‍റർടെയ്ൻമെന്‍റ്, ഫഹദ് ഫാസിൽ ആന്‍റ് ഫ്രണ്ട്സ് എന്നീ ബാനറുകളിൽ നസ്രിയ നസീമും അൻവർ റഷീദും ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിന്‍റെ ഛായാഗ്രഹണം സമീർ താഹിറാണ് നിർവ്വഹിക്കുന്നത്. സംഗീതം ഒരുക്കുന്നത് സുഷിൻ ശ്യാമാണ്. എഡിറ്റർ: വിവേക് ഹർഷൻ, പ്രോജക്ട് സിഇഒ: മൊഹസിൻ ഖായിസ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: എ.ആർ. അൻസാർ, ലൈൻ പ്രൊഡ്യൂസർ: പി.കെ. ശ്രീകുമാർ, പ്രൊഡക്ഷൻ ഡിസൈൻ: അശ്വിനി കാലേ, ഗാനരചന: വിനായക് ശശികുമാർ കോസ്റ്റ്യൂസ്: മഷർ ഹംസ, മേക്കപ്പ്: ആർ.ജി. വയനാടൻ, കോറിയോഗ്രഫി: സാൻഡി, ഓഡിയോഗ്രഫി: വിഷ്ണു ഗോവിന്ദ്, ആക്ഷൻ: ചേതൻ ഡിസൂസ, വിഎഫ്എക്സ്: എഗ്ഗ് വൈറ്റ്, പ്രൊഡക്ഷൻ കൺട്രോളർ: വിനോദ് ശേഖർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ: അരുൺ അപ്പുക്കുട്ടൻ, സുമിലാൽ സുബ്രമണ്യൻ, സ്റ്റിൽസ്: രോഹിത് കെ സുരേഷ്, നിദാദ് കെ.എൻ, ഡിസൈൻസ് : എസ്തെറ്റിക് കുഞ്ഞമ്മ, ഓഡിയോ ലേബൽ: തിങ്ക് മ്യൂസിക്ക്. ഡിസ്ട്രിബ്യൂഷൻ: എ ആൻഡ് എ റിലീസ്. പി.ആർ.ഒ: ആതിര ദിൽജിത്ത്, വിഷ്വൽ പ്രൊമോഷൻസ്: സ്നേക്ക്പ്ലാന്‍റ്.