ദിലീപ് സിനിമയ്ക്ക് സംഗീതമൊരുക്കാന്‍ അനുരുദ്ധ് ? ‘പറക്കും പപ്പന്‍’ വരുന്നു !
1 min read

ദിലീപ് സിനിമയ്ക്ക് സംഗീതമൊരുക്കാന്‍ അനുരുദ്ധ് ? ‘പറക്കും പപ്പന്‍’ വരുന്നു !

ദിലീപ് നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് പറക്കും പപ്പന്‍. വിയാന്‍ വിഷ്ണു സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പ്രഖ്യാപനം വന്ന അന്ന് മുതല്‍ ചിത്രത്തിന്റെ വരവിനായി ആകാംഷയോടെ കാത്തിരിക്കുകയാണ് ആരാധകര്‍. ഗ്രാന്‍ഡ് പ്രൊഡക്ഷന്‍സും കാര്‍ണിവല്‍ മോഷന്‍ പിക്‌ചേഴ്സും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. കുറേ നാളുകള്‍ക്ക് മുന്നേ ചിത്രത്തിന്റെ പോസ്റ്റര്‍ ദിലീപ് സോഷ്യല്‍ മീഡിയ വഴി പങ്കുവെച്ചിരുന്നു. അതുപോലെ, ഒരു ലോക്കല്‍ സൂപ്പര്‍ ഹീറോ എന്നായിരുന്നു ചിത്രത്തിന്റെ ടാഗ് ലൈന്‍ കൊടുത്തിരുന്നത്.

നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് കുറച്ചുനാള്‍ സിനിമയില്‍ നിന്നും വിട്ടു നിന്ന ദിലീപിന്റെ വമ്പന്‍ തിരിച്ചു വരവാണ് ചിത്രത്തിലൂടെ കാണാന്‍ സാധിക്കുക. സിഐഡി മൂസ, മീശമാധവന്‍ പോലുള്ള ചിത്രങ്ങളിലൂടെ തിളങ്ങി നിന്ന് ജനങ്ങളുടെ പ്രിയ താരമായി മാറിയ ദിലീപിന് ജനപ്രിയ നായകന്‍ എന്ന തന്റെ ഇമേജ് തിരിച്ചു പിടിക്കുക എന്നത് വലിയൊരു വെല്ലുവിളിയാണ്. രണ്ടു വര്‍ഷങ്ങള്‍ക്കു മുന്‍പ് ടൈറ്റില്‍ പോസ്റ്റര്‍ പുറത്തു വിട്ടു കൊണ്ട് പ്രഖ്യാപിച്ച ഈ ചിത്രം കൊറോണ കാരണവും, മറ്റ് ചില പ്രശ്‌നങ്ങളും കാരണം നീണ്ടു പോവുകയായിരുന്നു.

ഇപ്പോഴിതാ, വീണ്ടും ചിത്രത്തെ കുറിച്ച് ചില സൂചനകള്‍ തന്നിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍. പാതി വഴിയില്‍ ഉപേക്ഷിച്ചെന്ന് കരുതിയ ചിത്രത്തിന്റെ പ്രീപ്രൊഡക്ഷന്‍ വര്‍ക്കുകള്‍ ഇപ്പോള്‍ പുരോഗമിച്ചു കൊണ്ടിരിക്കുകയാണെന്നാണ് പുതിയ വാര്‍ത്ത. വാര്‍ത്ത പുറത്തു വന്നതോടു കൂടി വളരെ സന്തോഷത്തിലാണ് ആരാധകര്‍. റാഫിയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ചിത്രത്തിന് സംഗീതമൊരുക്കുന്നത് അനിരുദ്ധ് രവിചന്ദര്‍ ആണെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ട്. നേരത്തെ അനിരുദ്ധ് ഒരു മലയാള സിനിമയ്ക്ക് സംഗീതമൊരുക്കുന്നെന്ന വാര്‍ത്തകള്‍ പുറത്തു വന്നിരുന്നു. അതേസമയം, റാഫി സംവിധാനം ചെയ്യുന്ന വോയിസ് ഓഫ് സത്യനാഥന്‍ എന്ന പടത്തിലാണ് ഇപ്പോള്‍ ദിലീപ് അഭിനയിക്കുന്നത്. ഈ സിനിമ പൂര്‍ത്തിയാക്കിയതിനു ശേഷമായിരിക്കും പറക്കും പപ്പന്റെ ജോലികള്‍ ആരംഭിക്കുക എന്നാണ് സൂചന.

അതേസമയം, നിരവധി ദേശീയ, അന്തര്‍ദേശീയ പുരസ്‌ക്കാരങ്ങള്‍ നേടിയ ‘എ മില്ല്യണ്‍ തിംഗ്‌സ്’ എന്ന ഹ്രസ്വ ചിത്രം ഒരുക്കി ജന ശ്രദ്ധ നേടിയ ആളാണ് വിയാന്‍ വിഷ്ണു. വിയാന്‍ വിഷ്ണു സംവിധാനം ചെയ്ത ആദ്യ ചിത്രമായിരുന്നു ഏക് ദിന്‍. സെവന്‍ത് ഡേ, സിന്‍ജാര്‍ തുടങ്ങിയ സിനിമകള്‍ക്ക് ശേഷം ഷിബു ജി സുശീലന്‍ നിര്‍മ്മിച്ച ചിത്രമാണിത്. കൂടുതല്‍ പുതുമുഖങ്ങളെ അണിനിരത്തിയാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ചിത്രത്തില്‍ ഉണ്ണി മുകുന്ദന്‍, ഇന്ദ്രന്‍സ്, ശ്രീകാന്ത് മുരളി, ദേവകി രാജേന്ദ്രന്‍, വൈഷ്ണവി വേണുഗോപാല്‍, ബിലാസ് നായര്‍, നന്ദന്‍ ഉണ്ണി, കോട്ടയം പ്രദീപ്, വി കെ ബൈജു, വിനോദ്, അജിത്ത് കുമാര്‍ തുടങ്ങിയവര്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ചിത്രത്തില്‍ ഉണ്ണി മുകുന്ദന്‍ തന്നെയാണ് ഒരു പാട്ട് ആലപിച്ചതും.