മരയ്ക്കാർ, മാലിക് റിലീസ് മാറ്റിയേക്കും..??
രാജ്യത്താകമാനം അതിതീവ്ര കോവിഡ് വൈറസ് വ്യാപകമായി പടർന്നു പിടിക്കുകയാണ്. ആദ്യ ഘട്ടത്തിനു ശേഷം നിയന്ത്രണങ്ങളിൽ വലിയ ഇളവു വരുത്തുകയും പൊതുപരിപാടികൾ രാജ്യത്താകമാനം വിവിധയിടങ്ങളിൽ തകൃതിയായി നടക്കുകയും ചെയ്തിരുന്നു. ഇക്കൂട്ടത്തിൽ അടച്ചുപൂട്ടിയ തീയേറ്ററുകൾ തുറക്കുകയും സിനിമാ വ്യവസായം പഴയതുപോലെതന്നെ ദ്രുതഗതിയിൽ വളരുകയും ചെയ്തിരുന്നു. എന്നാൽ രണ്ടാംഘട്ട കോവിഡ് വൈറസ് രാജ്യത്താകമാനം വലിയ ഭീഷണി ഉയർത്തുമ്പോൾ തീയേറ്റർ വ്യവസായം വീണ്ടും കടുത്ത പ്രതിസന്ധിയിലേക്ക് കൂപ്പുകുത്തുകയാണ്. ഇനിയങ്ങോട്ട് കോവിഡ് പ്രോട്ടോകോൾ കർശനമായി പാലിക്കാൻ തന്നെയാണ് ഗവൺമെന്റ് തീരുമാനം. കടുത്ത നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചുകൊണ്ടുള്ള ഉത്തരവുകൾ ഓരോ സർക്കാരുകളും ഇതിനോടകം പുറപ്പെടുവിച്ചു കഴിഞ്ഞു. ഈ കർശന നിയന്ത്രണങ്ങൾ കേരളത്തിലെ സിനിമാ വ്യവസായത്തേയും വളരെ മോശമായി തന്നെ ബാധിക്കാൻ ആണ് സാധ്യത. ഇതോടെ പ്രേക്ഷക ലക്ഷങ്ങൾ വളരെ ആവേശത്തോടെ കാത്തിരിക്കുന്ന സൂപ്പർ താരങ്ങളുടെ രണ്ട് ബ്രഹ്മാണ്ട ചിത്രങ്ങൾ റിലീസ് പ്രതിസന്ധി നേരിടുകയാണ്. മലയാളത്തിലെ തന്നെ ഏറ്റവും വലിയ ബഡ്ജറ്റിൽ ഒരുക്കിയ മോഹൻലാൽ ചിത്രം ‘മരയ്ക്കാർ അറബിക്കടലിന്റെ സിംഹം’ എന്ന ചിത്രവും മഹേഷ് നാരായണന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന ഫഹദ് ഫാസിൽ ചിത്രം മാലിക്കും റിലീസ് മാറ്റിവയ്ക്കാൻ സാധ്യതയുണ്ട്.
25 കോടിക്ക് മുകളിൽ മുതൽ മുടക്കിയാണ് ഫഹദ് ഫാസിൽ ചിത്രം മാലിക്ക് ഒരുക്കിയിട്ടുള്ളത് ഈ ചിത്രം ഒടിടി പ്ലാറ്റ്ഫോമിൽ റിലീസ് ചെയ്യുകയില്ല എന്ന് അണിയറപ്രവർത്തകർ നേരത്തെ അറിയിച്ചിട്ടുള്ളതാണ്. വലിയ ബജറ്റിലൊരുങ്ങുന്ന ഈ രണ്ട് ചിത്രങ്ങളും മെയ് മാസം പതിമൂന്നാം തീയതി ആണ് റിലീസ് ചെയ്യാൻ നിശ്ചയിച്ചിരുന്നത്. എന്നാൽ നിലവിലെ സാഹചര്യം കണക്കിലെടുക്കുമ്പോൾ റിലീസ് മാറ്റി വയ്ക്കാൻ ഉള്ള സാധ്യതകൾ റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. തിയേറ്റർ ഉടമകളുടെ സംഘടനയായ ഫിയോകിന്റെ പുതിയ നിലപാടാണ് ഇത്തരത്തിലുള്ള ഒരു ആശങ്ക വർധിപ്പിക്കാൻ കാരണമായത്. തിയേറ്ററുകൾ നിയന്ത്രണങ്ങളോടെ തുറക്കാനോ അല്ലെങ്കിൽ അടച്ചിടാനോ ഉള്ള തീരുമാനം തിയേറ്റർ ഉടമകൾക്ക് തന്നെ തീരുമാനിക്കാം എന്ന സംഘടന അറിയിച്ചിട്ടുണ്ട്. സാഹചര്യങ്ങൾ എല്ലാം പ്രതികൂലമായ സ്ഥിതിക്ക് മാലിക്, മരയ്ക്കാർ തുടങ്ങിയ ചിത്രങ്ങളുടെ റിലീസ് മാറ്റി വയ്ക്കാനാണ് സാധ്യത.