“എനിക്കും അതുപോലെയൊരു നായക്കുട്ടി ഉണ്ടായിരുന്നു”ചാർളി കണ്ട് പൊട്ടിക്കരഞ്ഞ് കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ
മലയാളിയായ കിരൺ രാജ് സംവിധാനം ചെയ്ത കന്നട സൂപ്പർതാരം രക്ഷിത് ഷെട്ടി കേന്ദ്രകഥാപാത്രമായി എത്തിയ പാൻ ഇന്ത്യൻ ചിത്രമാണ് 777 ചാർളി. ചിത്രം മികച്ച പ്രതികരണത്തോടെ പ്രദർശനം തുടരുകയാണ്. നായയും മനുഷ്യനും തമ്മിലുള്ള ആത്മബന്ധത്തിൻ്റെ അടിസ്ഥാനമാക്കിയാണ് സിനിമ ഒരുക്കിയിരിക്കുന്നത്. എല്ലാ ആളുകളുടെയും പ്രായഭേദമന്യേ മനസ്സിൽ നിറഞ്ഞുനിൽക്കുന്ന സിനിമയാണ് 777 ചാർളി. ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ ഒരു രാഷ്ട്രീയ പ്രവർത്തകൻ കരയുന്ന ചിത്രമാണ് വൈറലാകുന്നത്.
ആ കരയുന്ന ആ രാഷ്ട്രീയക്കാരൻ മറ്റാരും അല്ല, കർണാടക മുഖ്യമന്ത്രിയാണ്. കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മ കരയുന്ന ചിത്രങ്ങൾ ആണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. സിനിമയിൽ നായകനുള്ള നായക്കുട്ടി പോലെ തനിക്കും ഒരു നായക്കുട്ടി ഉണ്ടായിരുന്നെന്നും ആ വളർത്തുനായയെ ഓർമ്മവന്നത് മൂലമാണ് താൻ കരഞ്ഞതെന്നും അദ്ദേഹം വെളിപ്പെടുത്തി. ഇന്ത്യ ടുഡേ മാധ്യമത്തോട് സംസാരിക്കുമ്പോഴാണ് മുഖ്യമന്ത്രി ഇക്കാര്യം തുറന്നു പറഞ്ഞത്.
അദ്ദേഹത്തിൻറെ വാക്കുകളിലൂടെ…
“നായകളെക്കുറിച്ചുള്ള സിനിമകൾ ഉണ്ടായിട്ടുണ്ട്, എന്നാൽ ഈ സിനിമക്ക് വികാരങ്ങളുമായും മൃഗങ്ങളുമായും ബന്ധമുണ്ട്. നായ അതിൻറെ വികാരങ്ങൾ കണ്ണുകളിലൂടെ പ്രകടിപ്പിക്കുന്നു. സിനിമ കൊള്ളാം എല്ലാവരും കാണണം. നിരുപാധികമായ സ്നേഹത്തെക്കുറിച്ച് ഞാൻ സംസാരിച്ചുകൊണ്ടേയിരിക്കുന്നു. നായയുടെ സ്നേഹം നിരുപാധിക സ്നേഹമാണ്, അത് ശുദ്ധമാണ്.”- അദ്ദേഹം പറഞ്ഞു.
മലയാളം, തെലുങ്ക്, കന്നഡ, ഹിന്ദി, തമിഴ് എന്നീ അഞ്ചു ഭാഷകളിലാണ് ചിത്രം തിയേറ്ററിൽ റിലീസ് ചെയ്തിരിക്കുന്നത്. ഏകാകിയും പരുക്കനുമായ ധർമ്മ എന്ന യുവാവിൻ്റെ ജീവിതത്തിലേക്ക് ചാർലി എന്ന നായകുട്ടി കടന്നു വന്നതിനു ശേഷം അയാളുടെ ജീവിതത്തിൽ ഉണ്ടാകുന്ന മാറ്റങ്ങളും സംഭവവികാസങ്ങളുമാണ് ചിത്രത്തിൻ്റെ പ്രമേയം. നായ പ്രേമി അല്ലാത്തവർക്കും സിനിമ ഇഷ്ടപ്പെടും എന്നതാണ് ഈ ചിത്രത്തിൻ്റെ ഏറ്റവും വലിയ വിജയം. മാത്രവുമല്ല സിനിമ കണ്ടു കഴിഞ്ഞാൽ ചാർളി പോലെയൊരു നായക്കുട്ടിയെ സ്വന്തമാക്കാൻ എല്ലാവർക്കും തോന്നും.
നായയെ കേന്ദ്രകഥാപാത്രമാക്കി സിനിമകൾ പലതും വന്നിട്ടുണ്ടെങ്കിലും അതിൽ നിന്നെല്ലാം വ്യത്യസ്തമായിട്ടാണ് ചാർളി എടുത്തിട്ടുള്ളത്. സിനിമയിലെ നായകനായ രക്ഷിത് ഷെട്ടിയും ജി എസ് ഗുപ്തയും ചേർന്ന് പരംവാഹ് സ്റ്റുഡിയോയുടെ ബാനറിലാണ് ചിത്രം നിർമിച്ചിരിക്കുന്നത്. മലയാളത്തിൽ ചിത്രത്തിൻറെ വിതരണം ഏറ്റെടുത്തത് പൃഥ്വിരാജാണ്. ചിത്രത്തിലെ സംഗീതം നോബിൻ പോൾ ഒരുക്കിയപ്പോൾ ചായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് അരവിന്ദ് കശ്യപ് ആണ്. എഡിറ്റിംഗ് പ്രതീക് ഷെട്ടിയാണ് ചെയ്തിരിക്കുന്നത്.