ധ്രുവത്തിലെ ‘മന്നാടിയാർക്ക്’ പുഴുവിലെ ‘കുട്ടനിലൂടെ’ മറുപടി നൽകി  രത്തീന പി. ടി : സൂപ്പർ സ്റ്റാറിനും മീതെ ഒരു മഹാനടൻ വിരാജിക്കുമ്പോൾ
1 min read

ധ്രുവത്തിലെ ‘മന്നാടിയാർക്ക്’ പുഴുവിലെ ‘കുട്ടനിലൂടെ’ മറുപടി നൽകി രത്തീന പി. ടി : സൂപ്പർ സ്റ്റാറിനും മീതെ ഒരു മഹാനടൻ വിരാജിക്കുമ്പോൾ

പുതുമുഖ സംവിധായക രത്തീന പി. ടി – യുടെ സംവിധാനത്തിൽ പുറത്തിറങ്ങിയ ചിത്രമാണ് പുഴു.  സോണി ലിവിലൂടെ ഇന്നലെയാണ് ചിത്രം പുറത്തിറങ്ങിയത്.  റിലീസായി ആദ്യ ദിവസം തന്നെ സമ്മിശ്ര പ്രതികരണങ്ങളോടോപ്പം, സമൂഹ മാധ്യമങ്ങളിൽ ചൂടേറിയ ചർച്ചകളാണ് പുഴുവിനെ സംബന്ധിച്ച് നടക്കുന്നത്.  ടോക്‌സിക് പേരന്റിംഗ്, ജാതി പൊളിറ്റിക്‌സ് തുടങ്ങിയ സമകാലിക സംഭവങ്ങളെ അടിസ്ഥാനമാക്കിയാണ് പുഴു സഞ്ചരിക്കുന്നത്.  സിനിമയുടെ ഇതിവൃത്തം മേൽ പരാമർശിച്ച വിഷയങ്ങളെല്ലാം ആണെങ്കിലും, ചിത്രത്തിലെ മമ്മൂട്ടിയുടെ അഭിനയമികവിന് നേരേയാണ് ഏറ്റവും അധികം കൈയടികൾ ലഭിക്കുന്നത്.  ഇതുവരെ ചെയ്ത കഥാപാത്രങ്ങളിൽ നിന്നും വ്യത്യസ്തമായൊരു വേഷമാണ് പുഴുവിൽ മമ്മൂട്ടി ചെയ്തിരിക്കുന്നത്. വലിയൊരു വിഭാഗം മമ്മൂട്ടി ഏറ്റെടുത്ത കഥാപാത്രം ശരിയായില്ലെന്ന് പരാമർശം നടത്തിയപ്പോൾ ഭംഗിയായും, മികച്ചതാക്കിയും താൻ ഏറ്റെടുത്ത കഥാപാത്രത്തെ അദ്ദേഹം ചെയ്തിരിക്കുന്നു എന്നതിന് അഭിനന്ദിക്കുകയാണ് സോഷ്യൽ മീഡിയ.  ഒരു ഭാഗത്ത് കഥാപാത്രത്തിൻ്റെ മികവിനെ പ്രശംസിക്കുമ്പോൾ ഒരു കാലത്ത് ആഘോഷിക്കപ്പെട്ട മമ്മൂട്ടി ‘സവര്‍ണ ഹീറോയിക്’ പരിവേഷമുള്ള കഥാപാത്രങ്ങള്‍ക്കുള്ള തിരിച്ചടിയാണ് ‘പുഴു’ എന്നും വിമർശനങ്ങൾ ഉയരുന്നുണ്ട്.

മമ്മൂട്ടി എന്ന വ്യകതി ആയാലും, അദ്ദേഹം ചെയ്ത കഥാപാത്രങ്ങളായാലും മിക്കതും, മലയാളി കണ്ട് പരിചരിച്ചതും, അനുകരിച്ചതും സവര്‍ണ സുന്ദര പൗരുഷത്തിൻ്റെ അടയാളമായിട്ടാണെന്നും, എന്നാല്‍ ഇവിടെ അയാള്‍ വില്ലനാകാൻ ഇടയാകുന്നതും അതേ പ്രത്യേകതകള്‍ കൊണ്ടാണെന്നും സമൂഹ മാധ്യമങ്ങളിൽ ഉയർന്നു വരുന്ന കുറിപ്പുകളിൽ പരാമർശങ്ങൾ ഉയരുന്നു.  നരസിംഹ മന്നാടിയായാരിലൂടെയും, ജോസഫ് അലക്‌സാണ്ടറിലൂടെയും, അതോടൊപ്പം അറയ്ക്ല്‍ മാധവനുണ്ണിയേയും അവതരിപ്പിച്ച അതെ മമ്മൂട്ടി തന്നെയാണ് ഇന്ന് പേരില്ലാത്ത കുട്ടനെന്ന കഥാപാത്രത്തെയും അവതരിപ്പിച്ചതെന്നാണ് വിമർശകർ ചൂണ്ടികാണിക്കുന്നത്.  ഒരിക്കൽ മലയാള സിനിമയിൽ മമ്മൂട്ടി കത്തിക്കയറി നിൽക്കുന്ന സമയത്ത് അദ്ദേഹം തന്നെ ചെയ്തിരിക്കുന്ന സവര്‍ണ ഹിന്ദുത്വ കഥാപാത്രങ്ങളിലെ സവര്‍ണത/ജാതീയത എന്ന വിപത്തിനെ അഡ്രസ് ചെയ്ത മലയാള സിനിമകള്‍ അപൂർവമാണെന്നും, ‘പുഴു’ അത്തരമൊരു രാഷ്ട്രീയത്തെ പ്രതിനിധീകരിക്കുന്നതായും സോഷ്യൽ മീഡിയയിൽ അഭിപ്രായങ്ങൾ ഉയരുന്നു.

ഇന്നലെ റിലീസ് ചെയ്ത പുഴുവിന് മികച്ച പ്രേക്ഷകഅഭിപ്രായമാണ് ലഭിക്കുന്നത്.  പുതുമുഖ സംവിധായക രത്തീനയുടെ സംവിധാന മികവിനും, ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളായ പാര്‍വതിയുടെയും,അപ്പുണ്ണി ശശിയുടെയും മികച്ച പ്രകടനം, അഭിനയ മികവിലെ വ്യത്യസ്തകൊണ്ട് ഉഗ്രനായെന്നാണ് പ്രേക്ഷക അഭിപ്രായം. ചിത്രത്തിൽ ബാലതാരമായ വാസുദേവ സജീഷും വളരെ നല്ല അഭിനയമാണ് ചിത്രത്തിൽ കാഴ്ച വെക്കുന്നത്. ജേക്സ് ബിജോയിയുടെ പശ്ചാത്തല സംഗീതം ചിത്രത്തിലെ നിശബ്ദ രംഗങ്ങളെ പോലും ഉണർവുള്ളതാക്കി മാറ്റുന്നു